പഹൽഗാം ഭീകരാക്രമണത്തിന് സൈന്യത്തിന്റെ തിരിച്ചടി; ലഷ്‍കർ കമാൻഡറെ വധിച്ചു

പഹൽഗാം ഭീകരാക്രമണത്തിന് സൈന്യത്തിന്റെ തിരിച്ചടി; ലഷ്‍കർ കമാൻഡറെ വധിച്ചു

ശ്രീനഗർ: പഹൽഗാം ഭീകരാക്രമണത്തിൽ സൈന്യത്തിന്‍റെ തിരിച്ചടി. ബന്ദിപോറയിൽ സൈന്യം ലഷ്‍കർ കമാൻഡറെ വധിച്ചു. പ്രദേശത്ത് കൂടുതൽ ഭീകരർക്കായി സൈന്യത്തിന്റെ തിരച്ചിൽ തുടരുകയാണ്. ലശ്കർ കമാൻഡർ അൽതാഫ് ലാല്ലിയാണ് കൊല്ലപ്പെട്ടത്. പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഭീകരരെ കണ്ടെത്തുന്നതിനായി സൈന്യം വ്യാപക തിരച്ചിൽനടത്തിയിരുന്നു.

വെള്ളിയാഴ്ച രാവിലെ ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിൽ സൈന്യം പ്രദേശത്ത് തിരച്ചിൽനടത്തുകയായിരുന്നു. സൈന്യത്തിന്റേയും ജമ്മുകശ്മീർ പൊലീസിന്റേയും നേതൃത്വത്തിലുള്ള സംയുക്ത സംഘമാണ് പ്രദേശത്ത് പരിശോധന നടത്തിയത്.

അതേസമയം, അതിർത്തിയിൽ പാക് പ്രകോപനമുണ്ടായി. ഇന്നലെ രാത്രിയിലുടനീളം നിയന്ത്രണ രേഖയിലെ പാക് സൈനിക പോസ്റ്റുകളിൽ നിന്ന് വെടിവെപ്പുണ്ടായതായി സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യൻ സൈന്യം കനത്ത തിരിച്ചടി നൽകി. ഇന്ത്യൻ ഭാഗത്ത് നാശനഷ്ടങ്ങളുണ്ടായില്ല.

26 പേർ കൊല്ലപ്പെട്ട പഹൽഗാം ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ അതിർത്തിയിലുടനീളം കനത്ത ജാഗ്രതയിലാണ് സൈന്യം. പഹൽഗാം ഭീകരാക്രമണത്തിൽ ഉൾപ്പെട്ട രണ്ട് ഭീകരരുടെ രേഖാചിത്രം കൂടി സൈന്യം പുറത്തുവിട്ടിരിക്കുകയാണ്. അഞ്ച് ഭീകരരിൽ നാലു പേരെ സുരക്ഷാസേന തിരിച്ചറിഞ്ഞു. ഇതിൽ രണ്ടു പേർ പാകിസ്താൻ പൗരന്മാരാണെന്ന് സ്ഥിരീകരണം.

2025-04-25 11:36 IST

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിൽ പങ്കാളികളെന്ന് സംശയിക്കുന്ന രണ്ട് ഭീകരരുടെ വീടുകൾ സ്ഫോടനത്തിൽ തകർത്തു. ലശ്കർ-ഇ-ത്വയിബ ഭീകരൻ ആദിൽ ഹുസൈൻ തോക്കറിന്റെ വീടാണ് വ്യാഴാഴ്ച രാത്രി സ്ഫോടനത്തിൽ തകർത്തത്. സ്ഫോടനത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന ആസിഫ് ഷെയ്ഖിന്റെ വീടും സ്ഫോടനത്തിൽ തകർത്തിട്ടുണ്ട്. കശ്മീർ ഭരണകൂടം തന്നെ വീടുകൾ തകർത്തതാണെന്ന് റിപ്പോർട്ടുണ്ടെങ്കിലും സ്ഥിരീകരണമില്ല.

ഇരുവരുടേയും വീടിനുള്ളിൽ സ്ഫോടക വസ്തു ഉണ്ടായിരുന്നുവെന്നാണ് സംശയിക്കുന്നത്. ആദിൽ ഹുസൈൻ തോക്കർക്ക് ഭീകരാക്രമണത്തിൽ നേരിട്ട് പങ്കുണ്ടെന്നാണ് സംശയിക്കുന്നത്. ഷെയ്ഖ് ഭീകരാക്രമണത്തിന്റെ ഗൂഢാലോചനയിൽ പങ്കുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്.

അതേസമയം, ആസിഫിന്റെ വീട്ടിൽ പൊലീസിന്റെ പരിശോധനക്കിടെയാണ് സ്ഫോടനമുണ്ടായതെന്ന് റിപ്പോർട്ടുകളുണ്ട്. പരിശോധന നടത്തുന്നതിനിടെ സ്ഫോടകവസ്തുക്കളുടെ സാന്നിധ്യം ശ്രദ്ധയിൽപ്പെട്ട പൊലീസ് ഉടൻ തന്നെ വീട്ടിൽ നിന്നും ഇറങ്ങിയതിനാൽ വലിയ ദുരന്തം ഒഴിവായെന്നാണ് റിപ്പോർട്ടുകൾ.

പഹൽഗാം ഭീകരാക്രമണത്തിൽ ഉൾപ്പെട്ട രണ്ട് ഭീകരരുടെ രേഖാചിത്രം കൂടി പുറത്തുവിട്ടു. അഞ്ച് ഭീകരരിൽ നാലു പേരെ സുരക്ഷാസേന തിരിച്ചറിഞ്ഞു. ഇതിൽ രണ്ടു പേർ പാകിസ്താൻ പൗരന്മാരാണെന്ന് സ്ഥിരീകരണം.

അലി ഭായ് എന്നറിയപ്പെടുന്ന തൽഹ ഭായ്, ഹാഷിം മൂസ എന്നറിയപ്പെടുന്ന സുലൈമാൻ, ആദിൽ ഹുസൈൻ തോക്കർ എന്നിവരെയാണ് തിരിച്ചറിഞ്ഞത്. ഹാഷിം മൂസ, തൽഹ എന്നിവരാണ് പാകിസ്താനിൽ നിന്നുള്ളവർ. ആദിൽ ഹുസൈൻ തോക്കർ അനന്ത്നാഗ് പ്രദേശവാസിയാണ്.

2025-04-25 11:35 IST

പഹൽഗാം: സ്വന്തം ജീവൻ പണയം​വെച്ച് പഹൽഗാമിലെ ടൂറിസ്റ്റ് ​ഗൈഡ് രക്ഷിച്ചത് നാല് പേരെ. പ്രാദേശിക ഗൈഡായ നസ്കാത് അഹമ്മദ് ഷായാണ് നാല് പേരെ ഭീകരാക്രമണത്തിൽ നിന്ന് രക്ഷിച്ചത്. ഇതിൽ ഒരു ബി.ജെ.പി പ്രവർത്തകന്റെ ഭാര്യയും കുട്ടിയും ഉൾപ്പെടും. ബി.ജെ.പി യുവജന സംഘടനാ പ്രവർത്തകൻ അരവിന്ദ് അഗർവാളാണ് അഹമ്മദ് ഷാ രക്ഷകനായതിനെ കുറിച്ച് പ്രതികരിച്ചത്.

എന്നാൽ, ആക്രമണത്തിൽ നസ്കാത് അഹമ്മദ് ഷാക്ക് ബന്ധുവിന്റെ ജീവൻ നഷ്ടമായിരുന്നു. ആക്രമണമുണ്ടായപ്പോൾ നസ്കാത്ത് തന്നെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയെങ്കിലും ഭാര്യ പൂജയും നാല് വയസുള്ള മകളും ദൂരെയായിരുന്നു.

വെടിവെപ്പ് തുടങ്ങിയപ്പോൾ തന്നെ നസ്കാത്ത് എല്ലാവരോടും നിലത്ത് കിടക്കാൻ ആവശ്യപ്പെട്ടു. പിന്നീട് എന്റെ മകളേയും സുഹൃത്തിന്റെ മകനേയും നെഞ്ചോട് ചേർത്ത് പിടിച്ച് കിടന്നു. പിന്നീട് എന്നേയും മകളേയും സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി. അതിന് ശേഷം തന്റെ ഭാര്യയേയും മറ്റുള്ളവരേയും രക്ഷിക്കാനായി ഇറങ്ങി പുറപ്പെട്ടുവെന്നും അഗർവാൾ പറഞ്ഞു.

സിപ് ലൈനിന് സമീപമാണ് വെടിവെപ്പുണ്ടായതെന്ന് നസ്കാത്ത് പ്രതികരിച്ചു. ഉടൻ തന്നെ എല്ലാവരോടും താഴെ കിടക്കാൻ ആവശ്യപ്പെട്ടു. പിന്നീട് അവരെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി. അപ്പോഴാണ് അഗർവാളിന്റെ ഭാര്യ മറ്റൊരു ദിശയിലേക്ക് ഓടിയതായി മനസിലാക്കിയത്. ഒടുവിൽ അവരെ തിരഞ്ഞ് പോവുകയും കണ്ടെത്തുകയും ചെയ്തു. കാറിൽ അവരെയും സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയപ്പോഴാണ് തന്റെ ബന്ധുവായ സയ്യിദ് അദിൽ ഹുസൈൻ ഷാ ഭീകരാക്രമണത്തിൽ മരിച്ചുവെന്ന് മനസിലാക്കിയത്.

ടൂറിസമില്ലാതെ ഞങ്ങൾക്ക് ഇവിടെ ഒരു ജീവിതമില്ല. അതിലൂടെയാണ് ഞങ്ങൾ ഉപജീവനം നടത്തുന്നത്. ഞങ്ങളുടെ ഹൃദയത്തിലാണ് കഴിഞ്ഞ ദിവസത്തെ ആക്രമണമുണ്ടായത്. അതുകൊണ്ടാണ് കടകളടച്ച് പ്രതിഷേധിച്ചതെന്നും അദ്ദേഹം പറഞ്ഞു.

2025-04-25 11:35 IST

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തി​െന്റ പശ്ചാത്തലത്തിൽ പാകിസ്താനുമായുള്ള 1960ലെ സിന്ധു നദീജല കരാർ മരവിപ്പിച്ച് കേന്ദ്ര സർക്കാർ ഔദ്യോഗിക വിജ്ഞാപനമിറക്കി. വിജ്ഞാപനം പാകിസ്താൻ അധികൃതർക്ക് കൈമാറി.

പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെയാണ് കരാർ മരവിപ്പിക്കാൻ കേന്ദ്ര സർക്കാർ തീരുമാനമെടുത്തത്. അ​തി​ർ​ത്തി ക​ട​ന്നു​ള്ള ഭീ​ക​ര​ത​യെ പി​ന്തു​ണ​ക്കു​ന്ന​ത് ഉ​പേ​ക്ഷി​ക്കു​ന്ന​തു​ വ​രെ​യാ​ണ് സി​ന്ധു ന​ദീ​ജ​ല ക​രാ​ർ റ​ദ്ദാ​ക്കു​ന്ന​ത്. കരാർ മരവിപ്പിക്കുന്നത് പാകിസ്താന് തിരിച്ചടിയാകും.

1960 സെ​പ്റ്റം​ബ​ർ 19നാ​ണ് പാ​കി​സ്താ​നു​മാ​യി സി​ന്ധു ന​ദീ​ജ​ല ക​രാ​ർ ഒ​പ്പി​ട്ട​ത്. ഇന്ത്യയുടെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവും പാകിസ്താൻ പ്രസിഡന്റ് അയൂബ് ഖാനും തമ്മിലാണ് സിന്ധുനദീജല കരാർ ഒപ്പുവെച്ചത്.

ലോകബാങ്ക് ഉടമ്പടി പ്രകാരം സിന്ധു നദീജല സംവിധാനത്തിന്റെ ഉപയോഗവുമായി ബന്ധപ്പെട്ടാണ് കരാർ. 1965, 1971, 1999 എ​ന്നീ യു​ദ്ധ ​വ​ർ​ഷ​ങ്ങ​ളി​ൽ പോ​ലും ക​രാ​ർ തു​ട​ർ​ന്നി​രു​ന്നു.

തെ​ക്ക​ൻ ക​ശ്മീ​രി​ലെ പ്രമുഖ വി​നോ​ദ​സ​ഞ്ചാ​ര കേന്ദ്രമായ പ​ഹ​ൽ​ഗാ​മി​ൽ സഞ്ചാരി​ക​ൾ​ക്കു ​നേ​രെ ഏപ്രിൽ 22ന് നടന്ന ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ 26 പേരാണ് കൊല്ലപ്പെട്ടത്. 20 പേർക്ക് ഭീകരാക്രമണത്തിൽ പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

Tags:    
News Summary - Top LeT commander Altaf Lalli killed in gunfight in J&K's Bandipora

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.