മുതുമല ടൈഗർ റിസർവിൽ മാൻ കൂട്ടത്തെ ശല്യപ്പെടുത്തി; വിനോദ സഞ്ചാരികൾക്ക് 15,000 രൂപ പിഴ

ഗൂഡല്ലൂർ: തമിഴ്നാട്ടിലെ നീലഗിരി ജില്ലയിലുള്ള മുതുമല കടുവ സങ്കേതത്തിൽ മാൻ കൂട്ടത്തെ ശല്യപ്പെടുത്തിയ വിനോദ സഞ്ചാരികൾക്ക് വനംവകുപ്പ് 15,000 രൂപ പിഴ ചുമത്തി. ആന്ധ്രപ്രദേശിലെ ചിറ്റൂരിൽനിന്നുള്ള അബ്ദുല്ല ഖാൻ, അബ്ദുൽ അസീസ്, ഇബ്രാഹിം ഷെയിഖ് എന്നിവർക്കു നേരെയാണ് നടപടി. വനത്തിൽ അനധികൃതമായി വാഹനം നിർത്തിയതിനും മൃഗങ്ങളുടെ സ്വൈര്യജീവിതം തടസപ്പെടുത്തിയതിനുമാണ് പിഴ. മുന്നറിപ്പ് ബോർഡുകളിൽ നൽകിയ നിർദേശങ്ങൾ പോലും ഇവർ പാലിച്ചില്ലെന്ന് വനംവകുപ്പ് അധികൃതർ പറയുന്നു.

മൂവരും വയനാട്ടിലേക്കുള്ള യാത്രക്കിടെ, മാൻ കൂട്ടത്തെ കണ്ടതിനു പിന്നാലെ വനത്തിലൂടെ കടന്നുപോകുന്ന റോഡരികിൽ വാഹനം നിർത്തുകയായിരുന്നു. ഇവരിലൊരാൾ മാൻ കൂട്ടത്തിനു നേരെ ഓടുകയും മറ്റൊരാൾ ദൃശ്യം പകർത്തുകയും ചെയ്യുന്നതായുള്ള വിഡിയോ പുറത്തുവന്നിരുന്നു. പിന്നാലെ മാൻകൂട്ടം ചിതറിയോടുന്നതും ദൃശ്യങ്ങളിലുണ്ട്. ഇതേ വഴിയിൽ കടന്നുപോയ മറ്റൊരാൾ പകർത്തിയ വിഡിയോയാണ് പുറത്തുവന്നത്.

സംഭവത്തെക്കുറിച്ച് അറിഞ്ഞ വനം വകുപ്പ് ഉദ്യോഗസ്ഥർ വാഹനത്തെ പിന്തുടരുകയും തെപ്പക്കാട് എലഫന്റ് ക്യാമ്പിൽ കണ്ടെത്തിയ ആന്ധ്ര സ്വദേശികൾക്ക് ചലാൻ നൽകുകയും ചെയ്തു. സംഭവത്തിന്റെ വിഡിയോ എക്സിൽ കർണാടക പോർട്ഫോളിയോ എന്ന പ്രൊഫൈലിൽ പങ്കുവെച്ചിട്ടുണ്ട്. ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടുന്നവർ സ്വയം അപകടം വിളിച്ചുവരുത്തുന്നതിനൊപ്പം മൃഗങ്ങളിൽ അനാവശ്യ സമ്മർദം ഏർപ്പെടുത്തുകയും ചെയ്യുകയാണെന്ന കുറിപ്പോടെയാണ് വിഡിയോ പങ്കുവെച്ചത്.

Tags:    
News Summary - Tourists fined Rs 15,000 for disturbing deer in Mudumalai Tiger Reserve

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.