ഇൻഡോർ: മധ്യപ്രദേശിലെ ഇൻഡോറിൽ പ്രായപൂർത്തിയാകാത്ത കുട്ടി ഉൾപ്പെടെ രണ്ട് ആദിവാസി വിഭാഗക്കാരെ എട്ട് മണിക്കൂറോളം ബന്ദിയാക്കി മർദിച്ച സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. മധ്യപ്രദേശിൽ ദിവസങ്ങൾക്കുള്ളിൽ ആദിവാസികൾക്കെതിരെ നടക്കുന്ന മൂന്നാമത്തെ ആക്രമണമാണിത്.
ആദിവാസി യുവാവായ അന്തർ സിങ്ങും പതിനഞ്ചുകാരനായ സഹോദരനും ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ റോഡിൽ വഴുതി വീണിരുന്നു. ഇത് കണ്ടെത്തിയ സംഘവും യുവാക്കളും തമ്മിൽ വാക്ക് തർക്കമുണ്ടാകുകയും ആദിവാസി യുവാക്കളെ സംഘം ആക്രമിക്കുകയുമായിരുന്നു. എട്ട് മണിക്കൂറോളം ഇവരെ സംഘം മർദിച്ചുവെന്ന് പൊലീസ് പറയുന്നു. ഇന്ന് പുലർച്ചെയാണ് അക്രമി സംഘം ഇവരെ വിട്ടയച്ചത്. ഇരുവരും ചികിത്സയിലാണ്. സംഭവത്തിൽ പ്രതികളായ സുമിത് ചൗധരി, ജെയ്പാൽ സിങ് ഭാഗെൽ, പ്രേം സിങ് പർമാർ എന്നിവരെയാണ് ഇൻഡോർ പൊലീസ് അറസ്റ്റ് ചെയ്തത്.
ദിവസങ്ങളുടെ വ്യത്യാസത്തിൽ മധ്യപ്രദേശിൽ നടക്കുന്ന മൂന്നാമത്തെ സംഭവമാണിത്. അടുത്തിടെ മധ്യപ്രദേശിൽ ബി.ജെ.പി നേതാവ് ആദിവാസി യുവാവിന്‍റെ മുഖത്ത് മൂത്രമൊഴിച്ച സംഭവം വലിയ വിവാദമായിരുന്നു. വിഷയത്തിൽ ബി.ജെ.പി സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉയർന്നതോടെ മുഖ്യമന്ത്രി ശിവരാജ് ചൗഹാൻ ആദിവാസി യുവാവിന്‍റെ കാൽ കഴുകി നൽകിയതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം ഓടുന്ന കാറിൽ വെച്ച് യുവാവിനെ ഒരു സംഘം ക്രൂരമായി മർദിക്കുകയും അസഭ്യം പറയുകയും ചെയ്യുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.