tea shop 89098

Representational Image

അഞ്ച് വർഷം മുമ്പ് 'കൊല്ലപ്പെട്ട' ഭാര്യ കാമുകനൊപ്പം തട്ടുകടയിലിരുന്ന് ചായ കുടിക്കുന്നു; കൊലക്കേസിൽ ഭർത്താവ് ജയിലിൽ കഴിഞ്ഞത് മൂന്ന് വർഷം, നിരപരാധിത്വം തെളിയിച്ചത് ജാമ്യത്തിലിറങ്ങി മാസങ്ങൾ നീണ്ട തിരച്ചിലിനൊടുവിൽ

മൈസൂരു: കർണാടക കുടകിലെ ബസവനഹള്ളി സ്വദേശിയായ സുരേഷ് (35) ഭാര്യയെ കൊലപ്പെടുത്തിയ കുറ്റത്തിന് മൂന്ന് വർഷത്തിലേറെയായി ജയിലിലായിരുന്നു. ഭാര്യ മല്ലികയെ താൻ കൊലപ്പെടുത്തിയിട്ടില്ലെന്ന് കരഞ്ഞുപറഞ്ഞിട്ടും പൊലീസ് കേട്ടില്ല. ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ മൂന്ന് വർഷത്തിലേറെ ജയിലിൽ കഴിഞ്ഞ് ജാമ്യത്തിലിറങ്ങിയ സുരേഷ് തീരുമാനിച്ചു, ഭാര്യയെ കണ്ടെത്തി തന്‍റെ നിരപരാധിത്വം തെളിയിക്കണം. ഒടുവിൽ ഇക്കഴിഞ്ഞ ഏപ്രിൽ ഒന്നിന് സുരേഷ് ഭാര്യയെ കണ്ടെത്തി -കുടകിലെ മടിക്കേരിയിൽ കാമുകനൊപ്പം തട്ടുകടയിലിരുന്ന് ചായ കുടിക്കുകയായിരുന്നു മല്ലിക.

20 വർഷം മുമ്പായിരുന്നു സുരേഷിന്‍റെയും മല്ലികയുടെയും വിവാഹം. ഇവർക്ക് 18 വയസുള്ള മകനും 15കാരി മകളുമുണ്ട്. 2020ലാണ് പെട്ടെന്നൊരു ദിവസം മല്ലികയെ കാണാതായത്. എങ്ങും തിരഞ്ഞ് കണ്ടെത്താതായതോടെ സുരേഷ് മടിക്കേരി പൊലീസിൽ പരാതി നൽകി. മല്ലികക്കായി പൊലീസ് അന്വേഷണം തുടരുന്നതിനിടെ മൈസൂരു ജില്ലയിലെ ബെട്ടാദപുരയിൽ കാവേരി നദീതീരത്തുനിന്ന് ഒരു സ്ത്രീയുടെ അസ്ഥികൂടം ലഭിച്ചു. ഈ അസ്ഥികൂടം മല്ലികയുടേതാണെന്ന് സ്ഥാപിക്കാനായിരുന്നു പൊലീസിന് താൽപര്യം. കുശാൽനഗർ പൊലീസ് സുരേഷിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. അസ്ഥികൂടം മല്ലികയുടേതാണെന്ന് പൊലീസ് സുരേഷിനെ കൊണ്ട് നിർബന്ധിപ്പിച്ച് സമ്മതിപ്പിച്ചു. മല്ലികയെ കൊലപ്പെടുത്തിയതാണെന്ന കുറ്റം ചുമത്തി 2021 ജൂണിൽ സുരേഷിനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു.

ഭാര്യക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന വിവരം സുരേഷിന് നേരത്തെയുണ്ടായിരുന്നു. എന്നാൽ, ഭാര്യയെ കാണാതായിട്ടും, കൊലക്കേസിൽ താൻ അറസ്റ്റിലായിട്ടും ഇക്കാര്യം പുറത്ത് പറയാൻ സുരേഷ് തയാറായില്ല. സുരേഷ് അറസ്റ്റിലാവുമ്പോൾ മകൻ കൃഷ്ണ പത്താംക്ലാസ് വിദ്യാർഥിയായിരുന്നു. മകൾ കീർത്തി ഏഴാംക്ലാസിലും. സുരേഷ് അറസ്റ്റിലായതോടെ കുടുംബത്തിന്‍റെ വരുമാനം നിലച്ചു. ഇതോടെ മകൻ കൃഷ്ണക്ക് പഠനം നിർത്തി കുടുംബത്തിനും പെങ്ങളുടെ പഠനത്തിനും ആവശ്യമായ വരുമാനം കണ്ടെത്തേണ്ടിവന്നു.

സുരേഷ് (ഫോട്ടോ കടപ്പാട്: ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ്)

 

 

 

'അമ്മ മരിച്ചോ ജീവനോടെയുണ്ടോ എന്നത് ഞങ്ങളെ ബാധിച്ച കാര്യമായിരുന്നില്ല. ഞങ്ങളുടെ അച്ഛൻ നിരപരാധിയാണ് എന്ന് മാത്രം അറിയാമായിരുന്നു. അച്ഛൻ പുറത്തുവരാനായി പ്രാർഥിച്ചിരുന്നു. അച്ഛൻ ജയിലിൽ നിന്ന് ഇറങ്ങി. ഇനി എനിക്ക് പഠനം തുടരണം. പത്താംക്ലാസ് പരീക്ഷ എഴുതണം' -കൃഷ്ണ പറഞ്ഞു.

മല്ലികയെ കൊലപ്പെടുത്തിയെന്ന കേസിൽ അറസ്റ്റിലായി ജയിലിൽ കഴിഞ്ഞ സുരേഷിന് 2023 സെപ്റ്റംബറിൽ ജാമ്യം ലഭിച്ചിരുന്നു. ഒരു ലക്ഷം രൂപ കെട്ടിവെച്ചാലായിരുന്നു ജാമ്യം ലഭിക്കുക. എന്നാൽ, ഈ തുക കണ്ടെത്താൻ കുടുംബത്തിന് കഴിഞ്ഞില്ല. ഒരു വർഷത്തിന് ശേഷം 2024 സെപ്റ്റംബറിലാണ് കുടുംബം ലക്ഷം രൂപ കെട്ടിവെച്ച് സുരേഷിനെ ജാമ്യത്തിലിറക്കിയത്.

ജാമ്യത്തിലിറങ്ങിയത് മുതൽ സുരേഷ് ഭാര്യയെ കണ്ടെത്താനുള്ള തിരച്ചിലിലായിരുന്നു. ഭാര്യക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് അറിയാവുന്ന സുരേഷ്, അവർ എവിടെയെങ്കിലും ജീവിക്കുന്നുണ്ടാകുമെന്നും, കണ്ടെത്തി നിരപരാധിത്വം തെളിയിക്കണമെന്നുമുള്ള തീരുമാനത്തിലായിരുന്നു. മല്ലികക്കായി സുരേഷും സുഹൃത്തുക്കളും പല സ്ഥലങ്ങളിലും തിരഞ്ഞു.

തെക്കൻ കുടകിലെ ഷെട്ടിഗേരി മേഖലയിൽ മല്ലികയുണ്ടെന്ന വിവരം ഇവർക്ക് ലഭിച്ചു. ഇക്കഴിഞ്ഞ ഏപ്രിൽ ഒന്നിന് ഒടുവിൽ ഇവർ മല്ലികയെ കണ്ടെത്തി. മടിക്കേരിയിലെ ഒരു തട്ടുകടയിൽ കാമുകനൊപ്പമിരുന്ന് ചായ കുടിക്കുകയായിരുന്നു മല്ലിക. ഭർത്താവിനെയും കുട്ടികളെയും ഉപേക്ഷിച്ച മല്ലിക കാമുകനായ ഗണേഷ് എന്നയാൾക്കൊപ്പം മടിക്കേരിയിൽ നിന്ന് 20 കിലോമീറ്റർ അകലെയുള്ള ഒരു ഗ്രാമത്തിൽ താമസിക്കുകയായിരുന്നു. മല്ലിക ജീവനോടെയുണ്ട് എന്നതിന് തെളിവായി സുരേഷിന്‍റെ കൂട്ടുകാർ ഇവരുടെ ദൃശ്യങ്ങൾ പകർത്തി.

 

താൻ 'കൊലപ്പെടുത്തിയ' ഭാര്യ മല്ലികയെ താൻ ജീവനോടെ കണ്ടെത്തിയ കാര്യം സുരേഷ് പൊലീസിനെ അറിയിച്ചു. കേസ് വീണ്ടും അന്വേഷിക്കണമെന്നും തന്നെ കുറ്റമുക്തനാക്കണമെന്നും ആവശ്യപ്പെട്ട് കോടതിയിൽ ഹരജിയും ഫയൽ ചെയ്തു. തെളിവായി കോടതിയിൽ മല്ലികയെ കണ്ടെത്തിയ ദൃശ്യങ്ങൾ ഹാജരാക്കി. തുടർന്ന് പൊലീസ് മല്ലികയെ കസ്റ്റഡിയിലെടുക്കുകയും കോടതി സുരേഷിനെ കുറ്റമുക്തനാക്കുകയും ചെയ്തു. കാമുകനൊപ്പം ജീവിക്കാൻ വേണ്ടി താൻ ഒളിച്ചോടുകയായിരുന്നെന്ന് മല്ലിക കുറ്റസമ്മതം നടത്തി.

പൊലീസിന്‍റെ അനാസ്ഥയാണ് സുരേഷിന്‍റെ ജയിൽവാസത്തിന് കാരണമായതെന്ന് അദ്ദേഹത്തിന്‍റെ അഭിഭാഷകൻ പാണ്ഡു പൂജാരി പറഞ്ഞു. കാവേരിയിൽ നിന്ന് കണ്ടെത്തിയ അസ്ഥികൂടം മല്ലികയുടേതാണെന്ന് വരുത്താനുള്ള വ്യഗ്രതയായിരുന്നു പൊലീസിന്. സുരേഷിനെ കൊണ്ട് നിർബന്ധിച്ച് കുറ്റസമ്മത മൊഴിയിൽ ഒപ്പുവെപ്പിക്കുകയും ചെയ്തു. ഡി.എൻ.എ റിപ്പോർട്ട് പോലും നോക്കാതെ പൊലീസ് തിരക്കിട്ട് കുറ്റപത്രം നൽകി സുരേഷിനെ ജയിലിലടക്കുകയായിരുന്നെന്നും അഭിഭാഷകൻ പറഞ്ഞു.

Tags:    
News Summary - Tribal man who spent over three years in prison released after the wife he 'murdered' is found alive in Karnataka

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.