ന്യൂഡൽഹി: കേന്ദ്രസർക്കാർ അന്വേഷണ ഏജൻസികളെ ദുരുപയോഗിച്ച് നടത്തുന്ന പ്രതിപക്ഷ വേട്ടക്കെതിരെ ഞായറാഴ്ച ഡൽഹിയിൽ ഇൻഡ്യ മുന്നണി നടത്തുന്ന മഹാറാലി മഹാസംഭവമാക്കാൻ പിന്തുണയുമായി തൃണമൂൽ കോൺഗ്രസ്. റാലിയിലേക്ക് പാർട്ടി പ്രതിനിധികളായി രണ്ടു നേതാക്കളെ അയക്കും.
ലോക്സഭ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ പാർട്ടികളെ അടുപ്പിക്കാതെ പശ്ചിമ ബംഗാളിൽ ഒറ്റക്ക് മത്സരിക്കുമ്പോൾ തന്നെയാണിത്. കോൺഗ്രസുമായോ സി.പി.എമ്മുമായോ സീറ്റുധാരണക്കില്ലെങ്കിലും ബി.ജെ.പിക്കെതിരെ പ്രതിപക്ഷം നടത്തുന്ന പൊതുവായ നീക്കങ്ങളിൽ സഹകരിക്കുമെന്നാണ് തൃണമൂൽ നിലപാട്.
പ്രതിപക്ഷ പാർട്ടികളെ വേട്ടയാടുന്ന അന്വേഷണ ഏജൻസികൾ തൃണമൂൽ കോൺഗ്രസിനു പിന്നാലെയുമുണ്ട്. ചോദ്യക്കോഴ ആരോപണം മറയാക്കി മഹുവ മൊയ്ത്രയെ എം.പി സ്ഥാനത്തിന് അയോഗ്യയാക്കിയതിനു പിന്നാലെ സി.ബി.ഐയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും മഹുവക്കു പിന്നാലെയുണ്ട്. കള്ളപ്പണ നിരോധന നിയമപ്രകാരം ഇ.ഡി വീണ്ടും സമൻസ് അയച്ചത് ബുധനാഴ്ചയാണ്.
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അറസ്റ്റു ചെയ്തതിനു പിന്നാലെ, കേന്ദ്ര ഏജൻസികളുടെ തെരഞ്ഞെടുപ്പുകാല വേട്ടക്കെതിരെ തെരഞ്ഞെടുപ്പു കമീഷനിൽ പരാതി സമർപ്പിക്കാൻ പോയ ഇൻഡ്യ മുന്നണി സംഘത്തിൽ തൃണമൂൽ കോൺഗ്രസിന്റെ രണ്ടു പ്രതിനിധികളും ഉണ്ടായിരുന്നു.
കോൺഗ്രസിലെ അഭിഷേക് സിങ്വി, കെ.സി വേണുഗോപാൽ, സി.പി.എമ്മിലെ സീതാറാം യെച്ചൂരി തുടങ്ങിയവർ നയിച്ച സംഘത്തിൽ തൃണമൂലിനെ ഡറിക് ഒബ്രിയനും നദീമുൽ ഹഖുമാണ് പ്രതിനിധാനംചെയ്തത്. മഹാറാലി തെരഞ്ഞെടുപ്പുകാലത്തെ ശക്തിപ്രകടനം കൂടിയാക്കാനുള്ള ശ്രമത്തിലാണ് ഇൻഡ്യ കക്ഷികൾ. 28 കക്ഷികളുടെ കൂട്ടായ്മയാണ് ഇൻഡ്യ മുന്നണി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.