ന്യൂഡൽഹി: മോർബി പാലം തകർന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ ട്വീറ്റ് ചെയ്തതിന് പാർട്ടി വക്താവ് സാകേത് ഗോഖലെയെ ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്തെന്ന് തൃണമൂൽ കോൺഗ്രസ്. ബി.ജെ.പി രാഷ്ട്രീയമായി വേട്ടയാടുകയാണെന്നും തൃണമൂൽ ആരോപിച്ചു.
തിങ്കളാഴ്ച രാത്രി ഡൽഹിയിൽ നിന്ന് രാജസ്ഥാനിലെ ജയ്പൂരിലേക്ക് വിമാനം കയറിയതാണ് അദ്ദേഹം. അവിടെവച്ച് അദ്ദേഹത്തെ ഗുജറാത്ത് പൊലീസ് കൊണ്ടുപോയി -പാർട്ടിയുടെ മുതിർന്ന നേതാവ് ഡെറിക് ഒബ്റെയ്ൻ ട്വീറ്റ് ചെയ്തു.
ചൊവ്വാഴ്ച പുലർച്ചെ സാകേത് അമ്മയെ വിളിച്ച് തന്നെ പൊലീസ് അഹമ്മദാബാദിലേക്ക് കൊണ്ടുപോവുകയാണെന്നും ഉച്ചയോടെ അഹമ്മദാബാദിലെത്തുമെന്നും അറിയിച്ചു. രണ്ടു മിനുട്ട് ഫോണിൽ സംസാരിക്കാൻ മാത്രമാണ് പൊലീസ് അനുവദിച്ചത്. അതിനു ശേഷം അദ്ദേഹത്തിന്റെ ഫോണുൾപ്പെടെ സാധനസാമഗ്രികളെല്ലാം പൊലീസ് കണ്ടുകെട്ടുകയും ചെയ്തു.-ഒബ്റെയ്ൻ കൂട്ടിച്ചേർത്തു.
സാകേതിനെതിരായ കേസ് മോർബി പാലം തകർന്നതുമായി ബന്ധപ്പെട്ട ട്വീറ്റിന്റെ പേരിൽ അഹമ്മദാബാദ് പൊലീസ് സൈബർ സെൽ കെട്ടിച്ചമച്ചതാണെന്ന് പറഞ്ഞ ഒബ്റെയ്ൻ ട്വീറ്റ് ഏതാണെന്ന് വ്യക്തമാക്കിയിട്ടില്ല. ബി.ജെ.പിയുടെ ഈ നടപടികൾ കൊണ്ടൊന്നും തൃണമൂലിനെ നിശബ്ദനാക്കാനാവില്ലെന്നും രാഷ്ട്രീയ വേട്ടയുടെ മറ്റൊരു ലെവലാണിതെന്നും ഒബ്റെയ്ൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.