ന്യൂഡൽഹി: ലോക്സഭയിൽ ഒറ്റയിരിപ്പിന് പാസാക്കിയെടുത്ത വിവാദ മുത്തലാഖ് ബിൽ രാജ്യസഭയിൽ അവതരിപ്പിച്ച ഭരണപക്ഷം ഒറ്റപ്പെട്ടു. ബിൽ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യവുമായി രംഗത്തെത്തിയ പ്രതിപക്ഷത്തിനൊപ്പം എൻ.ഡി.എയോട് അനുകൂല നിലപാട് സ്വീകരിക്കുന്ന ചെറുകക്ഷികളും ചേർന്നതോടെ ചർച്ചയിലേക്ക് കടക്കാനാവാതെ സഭ പിരിഞ്ഞു. ബിൽ സെലക്ട് കമ്മിറ്റിക്ക് വിടണമോയെന്ന കാര്യം വോട്ടിനിട്ട് തീരുമാനിക്കാമെന്ന ആവശ്യത്തിൽ ബുധനാഴ്ച കോൺഗ്രസും തൃണമൂലും മറ്റു പ്രതിപക്ഷ പാർട്ടികളും ഉറച്ചുനിന്നതോടെ പരാജയം തുറിച്ചുനോക്കിയ ഭരണപക്ഷം സാേങ്കതിക വാദങ്ങളിൽ പിടിച്ച് ബഹളംവെച്ചു തലയൂരുകയായിരുന്നു. എൻ.ഡി.എയോടൊപ്പം നിൽക്കുന്ന തെലുഗുദേശം പാർട്ടിയുടെ ചുവടുമാറ്റമാണ് ഭരണപക്ഷത്തിന് കനത്ത തിരിച്ചടിയായത്. ബിൽ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യത്തിനൊപ്പം നിൽക്കുമെന്ന് പാർട്ടി അധ്യക്ഷൻ ചന്ദ്രബാബു നായിഡു ചൊവ്വാഴ്ച തന്നെ വ്യക്തമാക്കിയിരുന്നു. ഇവർക്കൊപ്പം എ.െഎ.എ.ഡി.എം.കെയും ഡി.എം.കെയും ചേർന്നപ്പോൾ ഭരണപക്ഷം പ്രതിരോധത്തിലായി. ബിൽ സെലക്ട് കമ്മിറ്റിക്ക് വിടാനാവില്ലെന്ന നിലപാടിൽ ബിൽ അവതരിപ്പിച്ച മന്ത്രി രവിശങ്കർ പ്രസാദും ധനമന്ത്രി അരുൺ െജയ്റ്റ്ലിയും ഉറച്ചുനിന്നതോടെ വാക്പോര് നീണ്ടു. ബഹളം കനത്തപ്പോൾ ഉപാധ്യക്ഷൻ പി.ജെ. കുര്യൻ സഭ പിരിയുന്നതായി പ്രഖ്യാപിക്കുകയായിരുന്നു. വ്യാഴാഴ്ചയും ഭരണ- പ്രതിപക്ഷ പോര് തുടരും.
ദലിതുകൾക്ക് എതിരായ ആക്രമണങ്ങളിലെ പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് രണ്ടു തവണ നിർത്തിവെച്ച സഭയിൽ ഉച്ചക്ക് ശേഷമാണ് ബിൽ കൊണ്ടുവന്നത്. ലോക്സഭ ബിൽ പാസാക്കിയിട്ടും മുത്തലാഖ് തുടരുകയാണെന്നും മുറാദാബാദിൽ ഇത്തരം സംഭവം നടന്നുവെന്നും ബിൽ അവതരിപ്പിച്ച് മന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു. തുടർന്ന് ഭേദഗതി നിർദേശങ്ങൾ അവതരിപ്പിക്കാൻ കോൺഗ്രസിലെ ആനന്ദ്ശർമയെയും തൃണമൂൽ കോൺഗ്രസിലെ സുകേന്ദു ശേഖർ റോയിയെയും ക്ഷണിച്ചു. ബില്ലിൽ തെറ്റുണ്ടെന്നും വിവിധ വിഭാഗങ്ങളുമായി ചർച്ച ചെയ്യേണ്ടതുണ്ടെന്നും സുകേന്ദ് പറഞ്ഞു.
ബിൽ സെലക്ട് കമ്മിറ്റിയുടെ പരിഗണനക്ക് അയക്കണമെന്ന ഉപക്ഷേപം അവതരിപ്പിച്ച ആനന്ദ് ശർമ പ്രതിപക്ഷത്തുനിന്നുള്ള കമ്മിറ്റിയിൽ അംഗമായി ഉൾപ്പെടുത്താനുള്ള 17 അംഗങ്ങളെയും നിർദേശിച്ചു. കോൺഗ്രസ് നീക്കത്തെ തൃണമൂൽ കോൺഗ്രസ്, എ.െഎ.എ.ഡി.എം.കെ, ഡി.എം.കെ., സി.പി.െഎ, സി.പി.എം, ആർ.ജെ.ഡി, ബി.എസ്.പി തുടങ്ങിയ പാർട്ടികളും പിന്തുണച്ചു. ഇതിനിടെ ഭരണ, പ്രതിപക്ഷ ബെഞ്ചുകളിൽനിന്ന് ബഹളം തുടങ്ങി. മന്ത്രിയെ സംസാരിക്കാൻ വിളിക്കണമെന്ന് അരുൺ ജെയ്റ്റ്ലിയുടെ ആവശ്യത്തെ പ്രതിപക്ഷം എതിർത്തു. ഉപാധ്യക്ഷൻ അംഗീകരിച്ചില്ല.
ആനന്ദ് ശർമയുടെയും റോയിയുടെയും ഉപക്ഷേപങ്ങൾ പരിഗണിക്കാൻ പാടില്ലെന്നും അരുൺ ജെയ്റ്റ്ലി വാദിച്ചു. രാജ്യം മുഴുവൻ ഇത് കാണുകയാണെന്നും ജെയ്റ്റ്ലി പ്രതിപക്ഷ ബെഞ്ചിനെ ചൂണ്ടി പറഞ്ഞു. സുപ്രീംകോടതി വിധിക്ക് ആറു മാസത്തേക്ക് മാത്രമാണ് കാലാവധി. അത് ഫെബ്രുവരി 22ന് അവസാനിക്കും. വിവാഹിതരായ മുസ്ലിം സ്ത്രീകളുടെ അവകാശം സംരക്ഷിക്കാൻ ഇൗ നിയമം ആവശ്യമാണെന്നും അദ്ദേഹം വാദിച്ചു. പ്രതിപക്ഷ അംഗങ്ങളുടെ ഉപക്ഷേപം ചർച്ച ചെയ്യാൻ പാടിെല്ലന്ന നിലപാടിൽ ഉറച്ചുനിന്ന ജെയ്റ്റ്ലി, ഭേദഗതി നോട്ടീസ് ഒരു ദിവസം മുേമ്പ അല്ല നൽകിയതെന്ന് ചൂണ്ടിക്കാട്ടി.
എന്നാൽ, അംഗം ഭേദഗതി അവതരിപ്പിച്ചാൽ സഭ അത് പരിഗണിക്കണമെന്നാണ് ചട്ടമെന്നും ഇൗ സഭക്ക് സ്ത്രീകളുടെ അവകാശത്തിൽ വലിയ ഉത്തരവാദിത്തമുണ്ടെന്നും ബിൽ സെലക്ട് കമ്മിറ്റിക്ക് വിടണമെന്നും ആനന്ദ് ശർമ ആവശ്യപ്പെട്ടു. വോട്ടിനിട്ട് തീരുമാനിക്കാമെന്ന് ഗുലാം നബി ആസാദും നിർദേശിച്ചു. കോൺഗ്രസ്, തൃണമൂൽ അംഗങ്ങൾ കൊണ്ടുവന്ന രണ്ടു ഭേദഗതികളും സാധുവാണെന്ന് ഉപാധ്യക്ഷൻ പി.ജെ. കുര്യൻ പറഞ്ഞുവെങ്കിലും ഭരണപക്ഷം വഴങ്ങിയില്ല.േലാക്സഭയിൽ ബില്ലിനെ പിന്തുണച്ച കോൺഗ്രസ് ഇപ്പോൾ എതിർക്കുകയാണെന്നും ജെയ്റ്റ്ലി ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.