1999 മുതൽതന്നെ ഒഡിഷ ദുരന്ത നിവാരണ സേന (ഒ.ഡി.എ.ആർ.എഫ്) പ്രവർത്തിക്കുന്നുണ്ട്. അതുകഴിഞ്ഞ് ആറുവർഷം കഴിഞ്ഞാണ് കേന്ദ്രസർക്കാർ ദേശീയ ദുരന്ത നിവാരണ സേന (എൻ.ഡി.ആർ.എഫ്) സജ്ജമാക്കിയത്

മണിക്കൂറിൽ ശരാശരി 100 കിലോമീറ്റർ വേഗത്തിൽ വീശിയടിച്ചാണ് ദാന ചുഴലിക്കാറ്റ് ഒഡിഷ തീരം തൊട്ടത്. കൃത്യം 25 വർഷം മുമ്പ്, ഇതേ വേഗത്തിൽ മറ്റൊരു ചുഴലിക്കാറ്റ് അവിടെ നിലംതൊട്ടപ്പോൾ മരിച്ചുവീണത് പതിനായിരത്തോളം ആളുകളായിരുന്നു; 18 ലക്ഷം വീടുകളും തകർന്നു. ദാനയിലും സമാനമായ ആൾനാശം ഉണ്ടാവേണ്ടതായിരുന്നു. എന്നാൽ, ഒരാൾപോലും മരിച്ചതായി റിപ്പോർട്ടില്ല. ഒഡിഷ സർക്കാറിന്റെ ‘സീറോ കാഷ്വാലിറ്റി മിഷൻ’ പൂർണ വിജയം. പശ്ചിമ ബംഗാളിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഒരു മരണം. ദുരന്തനിവാരണ യജ്ഞത്തിൽ തുല്യതയില്ലാത്ത മാതൃകയാണ് ഒഡിഷ സമ്മാനിച്ചിരിക്കുന്നത്. കാലാവസ്ഥ വ്യതിയാനം പലവിധ പ്രകൃതിദുരന്തങ്ങൾക്കിടയാക്കുന്ന കാലത്ത് ഒഡിഷയിൽനിന്ന് പഠിക്കാനേറെയുണ്ട്.


’99​ലെ ചുഴലിക്കാറ്റ് ‘ബി.ഒ.ബി6’

1999 ഒക്ടോബർ 25നാണ് അന്തമാൻ കടലിൽ ചുഴലിക്കാറ്റ് രൂപപ്പെട്ടത്. 20ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ചുഴലിക്കാറ്റാണിതെന്നാണ് പറയപ്പെടുന്നത്. നാല് ദിവസംകൊണ്ട് അത് ഒഡിഷയുടെ കരതൊട്ടു. ചുഴലിക്കാറ്റ് രൂപപ്പെട്ട് രണ്ട് ദിവസം കഴിഞ്ഞാണ് കാലാവസ്ഥ വകുപ്പിന് മുന്നറിയിപ്പ് പുറപ്പെടുവിക്കാനായത്. ദൂരദർശനിലും ആകാശവാണിയിലും ഓരോ മണിക്കൂറിലും മുന്നറിപ്പ് നൽകിക്കൊണ്ടിരുന്നു. തീരത്തുനിന്ന് 10 കിലോമീറ്റർ പരിധിയിൽ 1.5 ലക്ഷം പേരെ മാറ്റിപ്പാർപ്പിച്ചു. പക്ഷേ, ‘ബി.ഒ.ബി6’ എന്ന ചുഴലിക്കാറ്റിൽ സർവം നിലംപതിച്ചു. 12 ജില്ല​കളെ ദുരന്തം ബാധിച്ചു. 9887 പേർ മരിച്ചുവെന്നാണ് ഔദ്യോഗിക റി​പ്പോർട്ട്. ജഗത്സിങ്പൂർ ജില്ലയിൽ മാത്രം 8000ത്തിലധികം പേർ കൊല്ലപ്പെട്ടു. 450 കോടി ഡോളറ​ിന്റെ നഷ്ടമാണ് കണക്കാക്കിയത്.

കൊടുങ്കാറ്റിന്റെ നാട്

ഒഡിഷയിൽ ഉഷ്ണമേഖല കൊടു​ങ്കാറ്റുകൾ വിരളമല്ല. വർഷത്തിൽ നൂറെണ്ണമെങ്കിലും ഇവിടെ ആഞ്ഞുവീശാറുണ്ട്. ഇതിൽനിന്നെല്ലാം കൃത്യമായ പാഠങ്ങൾ പഠിച്ചാണ് ‘ദാന’യെ അവർ നേരിട്ടത്. 1999 മുതൽതന്നെ അവിടെ ഒഡിഷ ദുരന്ത നിവാരണ സേന (ഒ.ഡി.എ.ആർ.എഫ്) പ്രവർത്തിക്കുന്നുണ്ട്. അതുകഴിഞ്ഞ് ആറു വർഷം കഴിഞ്ഞാണ് അത്തരമൊരു സേനയെ -ദേശീയ ദുരന്തനിവാരണ സേന(എൻ.ഡി.ആർ.എഫ്)- കേന്ദ്രസർക്കാർ സജ്ജമാക്കിയത്.

ഒരുക്കം കൃത്യം, ഫലവും

  • ശാസ്ത്ര-സാ​ങ്കേതിക വിദ്യയുടെയും ഭരണകൂട സംവിധാനങ്ങളുടെയും വ്യവസ്ഥാപിതമായ പ്രവർത്തനത്തിലൂടെ ഇത്തവണ ദാന ചുഴലിക്കാറ്റിൽ ആളപായം ഒഴിവാക്കി
  • ഒക്ടോബർ 21: ‘ദാന’ ചുഴലിക്കാറ്റ് രൂപപ്പെട്ടതായി സ്ഥിരീകരിക്കുന്നു. കൃത്യമായ ഇടവേളകളിൽ ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം കാറ്റിന്റെ ഗതിവിഗതികൾ അറിയിച്ചുകൊണ്ടിരുന്നു.
  • ഒക്ടോബർ 22: ദുരന്ത സാധ്യതയുള്ള 3000 മേഖലകൾ കണ്ടെത്തി. കടലിലും കരയിലും സമ്പൂർണ ബന്ദ് ഏ​ർപ്പെടുത്തി.
  • ഒക്ടോബർ 23: ദുരന്ത സാധ്യത മേഖല വിലയിരുത്തി ആറുലക്ഷം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.
  • മാറ്റിപ്പാർപ്പിക്കപ്പെട്ടവരിൽ ഗർഭിണികളടക്കമുള്ളവരെ ആശുപത്രിയിലേക്ക് മാറ്റി. ഇങ്ങനെ മാറ്റിയ ഗർഭിണികളിൽ 1600 പേർ പ്രസവിച്ചു.
  • നേതൃത്വം വഹിച്ച് എൻ.ഡി.ആർ.എഫും ഒ.ഡി.എ.ആർ.എഫും
  • അഗ്നിശമന സേനയുടെ 178 യൂനിറ്റുകളും പൊലീസും
  • ഒക്ടോബർ 25: വെള്ളിയാഴ്ച വൈകീട്ടോടെ കാറ്റിന്റെ വേഗം കുറഞ്ഞു.

നാശനഷ്ടം

വീടുകൾക്ക് നാശനഷ്ടമുണ്ടായി. ഗതാഗത മാർഗങ്ങൾക്കും വലിയ കേടുപാടുകൾ സംഭവിച്ചു. വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനും ദിവസങ്ങളെടുക്കും. ഇതെല്ലാം, തിരിച്ചുപിടിക്കാവുന്നതേയുള്ളൂ. ഈ പ്രവർത്തനങ്ങൾ ഇതിനകം ആരംഭിച്ചിട്ടുണ്ട്.

Tags:    
News Summary - Tropical Cyclone Dana

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.