ബംഗളൂരു: കർണാടകയിൽ കോൺഗ്രസിന് സ്വപ്നതുല്യ തിരിച്ചുവരവ് സമ്മാനിച്ചതിൽ ഏറ്റവും വലിയ പങ്കുവഹിച്ചവരിൽ ഒരാളായ ഡി.കെ. ശിവകുമാർ എന്ന ട്രബ്ൾഷൂട്ടർ, മുഖ്യമന്ത്രി തർക്കം പരിഹരിച്ചത് സ്വയം പിൻവാങ്ങി. വ്യക്തിതാൽപര്യങ്ങളേക്കാൾ പാർട്ടിക്കാണ് വിലകൽപിക്കുന്നതെന്ന് പ്രഖ്യാപിച്ച ശിവകുമാർ, മുഖ്യമന്ത്രി പദവിക്കായുള്ള അണിയറപ്പോരിൽ സിദ്ധരാമയ്യക്കായി പിൻവാങ്ങി ഉപമുഖ്യമന്ത്രി പദവിയിൽ തൃപ്തിപ്പെടുകയായിരുന്നു.
മുഖ്യമന്ത്രി പദവിയിലേക്ക് സിദ്ധരാമയ്യക്ക് ആദ്യം മുതൽ മുൻതൂക്കമുണ്ടായിരുന്നെങ്കിലും പെട്ടെന്ന് വിട്ടുകൊടുക്കാൻ ഡി.കെ തയാറായിരുന്നില്ല. തെരഞ്ഞെടുപ്പിൽ താനൊഴുക്കിയ വിയർപ്പിന് തക്കതായ പരിഗണന കിട്ടണമെന്ന ന്യായമായ ആവശ്യവുമായി ഡി.കെ സമ്മർദം മുറുക്കിയതോടെയാണ് തീരുമാനം അനിശ്ചിതമായി നീണ്ടത്.
സോണിയ ഗാന്ധിയിൽനിന്ന് ഉറപ്പുലഭിക്കുന്നതുവരെ ചർച്ചകൾ നീട്ടിക്കൊണ്ടുപോയ ഡി.കെ, സിദ്ധരാമയ്യയെക്കാൾ മുഖ്യമന്ത്രി പദവിക്ക് തനിക്കാണ് അർഹതയെന്ന് പറയാതെ പറഞ്ഞു. 2018ലാണ് എൻഫോഴ്സ്മെന്റ് ശിവകുമാറിനെതിരെ കള്ളപ്പണം വെളുപ്പിക്കൽ കേസ് രജിസ്റ്റർ ചെയ്യുന്നത്.
പിന്നീട് തുടർച്ചയായി കേന്ദ്ര അന്വേഷണ ഏജൻസികൾ പിന്നാലെ കൂടിയിട്ടും കൂട്ടിലടക്കാൻ കഴിയാത്ത കടുവയുടെ ശൗര്യത്തോടെ ഡി.കെ കർണാടക നിയമസഭ തെരഞ്ഞെടുപ്പിന്റെ കടിഞ്ഞാണേറ്റെടുത്തു.
കർണാടക പി.സി.സി അധ്യക്ഷനായ ഡി.കെയുടെ നായകത്വത്തിൽ മത്സരത്തിനിറങ്ങിയപ്പോൾ 135 സീറ്റിന്റെ വൻ വിജയമാണ് കോൺഗ്രസ് നേടിയത്. കുതിരക്കച്ചവടത്തിന് കോൺഗ്രസ് എം.എൽ.എമാരെ വിട്ടുകൊടുക്കാതെ സംരക്ഷിച്ച് ദേശീയരാഷ്ട്രീയത്തിലും ശ്രദ്ധേമായ മുഖമായി.
കനകപുര ബന്ദെ (കനകപുര പാറ) എന്നാണ് ഡി.കെയെ അനുയായികൾ സ്നേഹത്തോടെ വിളിക്കുന്നത്. അദ്ദേഹം പ്രതിനിധീകരിക്കുന്ന കനകപുര മണ്ഡലത്തിലെ പാറപോലെ ഉറച്ച നേതാവെന്ന് വിശേഷണം.
എട്ടുതവണ എം.എൽ.എയായ 61കാരനായ ഡി.കെ.ശിവകുമാറിന് തൽക്കാലം ഉപമുഖ്യമന്ത്രി സ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നെങ്കിലും ബി.ജെ.പിയോട് അതേ നാണയത്തിൽ മറുപടികൊടുക്കാൻ കഴിയുന്ന കോൺഗ്രസിന്റെ ദേശീയ നേതാവായി അദ്ദേഹം മാറിയെന്നതിൽ കോൺഗ്രസുകാർക്കുപോലും എതിരഭിപ്രായമുണ്ടാകില്ല.
● കനകപുരയിലെ ഡി.കെ. ഗൗഡയുടെയും ഗൗരമ്മയുടെയും മകനായി 1962 മേയ് 15ന് കോൺഗ്രസ് കുടുംബത്തിൽ ജനനം
● 1980: വിദ്യാർഥി നേതാവായി കോൺഗ്രസിൽ
● രാജ്യത്തെ ധനികരായ രാഷ്ട്രീയക്കാരിലൊരാൾ; 2023 ലെ തെരഞ്ഞെടുപ്പ് കമീഷന് സമർപ്പിച്ച സത്യവാങ് മൂലപ്രകാരം 1413 കോടിയാണ് ആസ്തി
● ആദായ നികുതി വകുപ്പ്, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് , സി.ബി.ഐ കേസുകൾ നേരിടുന്നു
→ 1989: 27ാം വയസ്സിൽ സാത്തന്നൂരിൽ നിന്ന് (ഇപ്പോഴത്തെ കനകപുര) നിയമസഭയിലേക്ക് കന്നി മത്സരം.
→ 2008, 2013, 2018, 2023 തെരഞ്ഞെടുപ്പുകളിൽ കനകപുരയിൽ നിന്ന് എം.എൽ.എ
→ 2013- 2018 വരെ സിദ്ധരാമയ്യ സർക്കാറിൽ ഊർജ മന്ത്രി
→ 2002, 2017: മഹാരാഷ്ട്ര മുഖ്യമന്ത്രി വിലാസ് റാവു ദേശ് മുഖ് വിശ്വാസ വോട്ട് തേടുമ്പോഴും ഗുജറാത്തിൽ അഹമ്മദ് പട്ടേൽ രാജ്യസഭയിലേക്ക് മത്സരിക്കുമ്പോഴും കോൺഗ്രസ് എം.എൽ.എമാരെ കൂറുമാറ്റത്തിൽ നിന്ന് സംരക്ഷിച്ചു.
→ 2017 : ആഗസ്റ്റ് രണ്ടിന് ശിവകുമാറിനെ ലക്ഷ്യമിട്ട് ഐ.ടി റെയ്ഡ്. ഡൽഹിയിലെ വീട്ടിൽനിന്ന് എട്ടുകോടിയും മറ്റിടങ്ങളിൽനിന്ന് രണ്ടു കോടിയും പിടിച്ചു.
→ 2018ൽ കോൺഗ്രസ്
-ജെ.ഡി-എസ് സഖ്യ സർക്കാറിന്റെ രൂപവത്കരണത്തിൽ മുഖ്യ പങ്കുവഹിച്ചു.
→ 2019 സെപ്റ്റംബർ മൂന്നിന് കള്ളപ്പണം വെളുപ്പിക്കലിനെതിരെയുള്ള കേസിൽ ഇ.ഡി അറസ്റ്റ്. തുടർന്ന് തിഹാർ ജയിലിൽ
→ ഡൽഹി ഹൈകോടതി
അനുവദിച്ച ജാമ്യത്തിൽ പുറത്തിറങ്ങിയ
ശിവകുമാറിനെ കർണാടക കോൺഗ്രസ് അധ്യക്ഷനായി പ്രഖ്യാപിക്കുന്നു
→ 2023 മേയ്: നിയമസഭ തെരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തിന് ചുക്കാൻ പിടിച്ചു. ഉപമുഖ്യമന്ത്രിയായി പാർട്ടി പ്രഖ്യാപിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.