ജന്മം കൊണ്ട് എല്ലാവരും തുല്യർ; ടി.വി.കെയുടെ നയം പ്രഖ്യാപിച്ച് വിജയ്

ചെന്നൈ: തുല്യതയുള്ള ഒരു സമൂഹം സൃഷ്ടിക്കുക എന്നതാണ് തമിഴക വെട്രി കഴകത്തിന്‍റെ (ടി.വി.കെ) ലക്ഷ്യമെന്ന് പ്രഖ്യാപിച്ച് തമിഴ് സൂപ്പർ സ്റ്റാർ വിജയ്. ജന്മം കൊണ്ട് എല്ലാവരും തുല്യരാണ്. മതനിരപേക്ഷത, സമൂഹികനീതി, ജനാധിപത്യം, ജാതി അടിസ്ഥാനത്തിൽ പ്രാതിനിധ്യ സംവരണം, സംസ്ഥാനത്തിന് സ്വയംഭരണാവകാശം തുടങ്ങിയവയാണ് ടി.വി.കെയുടെ നയങ്ങളെന്നും വ്യക്തമാക്കി. വില്ലുപുരം ജില്ലയിലെ വിക്രവാണ്ടിയിൽ പാർട്ടിയുടെ പ്രഥമ സംസ്ഥാന സമ്മേളനത്തിലാണ് നയം വ്യക്തമാക്കിയത്.

പിതാവിൽനിന്നും അമ്മയിൽനിന്നും അനുഗ്രഹം വാങ്ങിയാണ് വിജയ് പ്രസംഗം ആരംഭിച്ചത്. രാഷ്ട്രീയത്തിൽ താനൊരു കുട്ടിയാണെന്നും ഭയമില്ലാതെയാണ് രാഷ്ട്രീയത്തിൽ ഇറങ്ങുന്നതെന്നും വിജയ് പറഞ്ഞു. സാമൂഹിക നീതിയിൽ ഊന്നിയ മതേതര സമൂഹമാണ് ലക്ഷ്യം. ഗൗരവത്തോടെയും പുഞ്ചിരിയോടെയും രാഷ്ട്രീയത്തിൽ ഇടപെടും. രാഷ്ട്രീയത്തിൽ മാറ്റം വേണം. പെരിയാർ, കാമരാജ്, അംബേദ്കർ എന്നിവരാണ് വഴികാട്ടികൾ. ഒത്തുതീർപ്പ് രാഷ്ട്രീയത്തിനില്ല. അഴിമതി വൈറസ് പോലെയാണ്. പ്രായോഗിക പ്രഖ്യാപനങ്ങൾ മാത്രമേ നടത്തൂവെന്നും നടൻ പറഞ്ഞു.

ആരുടെയും എ ടീമോ ബി ടീമോ അല്ല. ആരുടെയും വിശ്വാസത്തെയും എതിർക്കില്ല. പണത്തിനുവേണ്ടിയല്ല, മാന്യമായ രാഷ്ട്രീയ പ്രവർത്തനം നടത്തുമെന്നും വിജയ് വ്യക്തമാക്കി. പ്രവർത്തകർ ഭഗവദ് ഗീത, ഖുർആൻ, ബൈബിൾ എന്നിവ വിജയ്ക്കു സമ്മാനിച്ചു. വില്ലുപുരം വിക്രവാണ്ടിയിൽ ഒരുക്കിയ പടുകൂറ്റൻ വേദിയിലാണ് സമ്മേളനം നടക്കുന്നത്. ആരാധകർ അടക്കം വൻ ജനാവലിയാണ് എത്തിയത്. 85 ഏക്കർ വിസ്തൃതിയിൽ 170 അടി നീളവും 65 അടി വീതിയുമുള്ള സമ്മേളന നഗരിയിൽ തീർത്ത 600 മീറ്റർ നീണ്ട റാമ്പിലൂടെയാണ് അനുയായികൾക്കിടയിലൂടെ വിജയ് വേദിയിലെത്തിയത്.

തുടർന്ന് സമ്മേളന നഗരിയിൽ സ്ഥാപിച്ച 100 അടി ഉയരമുള്ള കൊടിമരത്തിൽ വിജയ് പാർട്ടി പതാക ഉയർത്തി. സ്വകാര്യഭൂമിയിലെ സമ്മേളന നഗരിയിൽ അഞ്ച് വർഷത്തേക്ക് കൊടിമരം നിലനിർത്തുമെന്നും സംഘാടകർ വ്യക്തമാക്കിയിട്ടുണ്ട്. ദ്രാവിഡ മണ്ണിൽ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയ വീരന്മാർക്ക് വിജയ് ആദമർപ്പിച്ചു. ഇന്ത്യൻ ഭരണഘടന മുന്നോട്ടുവെക്കുന്ന സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം എന്നിവക്കായി പാർട്ടി പ്രവർത്തിക്കും. ജാതി, മതം, ജനന സ്ഥലം എന്നിവക്ക് അതീതമായി സമത്വം നടപ്പാക്കാൻ ലക്ഷ്യമിടുമെന്നും നാടിന്‍റെ നന്മക്കായി ഒരുമിച്ച് പ്രവർത്തിക്കുമെന്നും നേതാക്കളും പ്രവർത്തകരും ദൃഢപ്രതിജ്ഞ ചെയ്തു.

Tags:    
News Summary - TVK bats for secular, social justice ideologies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.