മുംബൈ: മോദി സർക്കാറിനെതിരായ പ്രതിപക്ഷ കൂട്ടായ്മയായ ഇൻഡ്യ സഖ്യത്തിലേക്ക് കൂടുതൽ പ്രാദേശിക രാഷ്ട്രീയ പാർട്ടികൾ അംഗമാകുമെന്ന് റിപ്പോർട്ട്. മഹാരാഷ്ട്ര ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രാദേശിക പാർട്ടികളാണ് അംഗമാവുക. ശിവസേന ഉദ്ദവ് വിഭാഗം എം.പിയായ അനിൽ ദേശായിയാണ് പുതിയ പാർട്ടികൾ അംഗമാകുന്ന വിവരം അറിയിച്ചത്.
പ്രാദേശിക രാഷ്ട്രീയ പാർട്ടികളാണ് അംഗമാവുന്നതെന്നും ഇതോടെ ഇൻഡ്യ സഖ്യത്തിലെ അംഗങ്ങളുടെ എണ്ണം 26ൽ നിന്ന് 28 ആയി ഉയരുമെന്നും അനിൽ ദേശായി വ്യക്തമാക്കി. അതേസമയം, ചെറുതും വലുതുമായ ഏഴിലധികം രാഷ്ട്രീയ പാർട്ടികൾ സഖ്യത്തിന്റെ ഭാഗമാവുമെന്ന് കോൺഗ്രസ് എം.പി നസീർ ഹുസൈനും വ്യക്തമാക്കി.
ഇൻഡ്യ സഖ്യത്തിന്റെ മൂന്നാം യോഗത്തിന് ഇന്ന് വൈകീട്ട് മുബൈ സാന്താക്രൂസിലെ നക്ഷത്ര ഹോട്ടലായ ഗ്രാൻഡ് ഹയാത്തിൽ ആരംഭിക്കുക. സഖ്യത്തിന്റെ കൺവീനർ, ലോഗോ, ഏകോപന സമിതി അടക്കം വിവിധ സമിതികൾ, തെരഞ്ഞെടുപ്പുകളിലെ സീറ്റ് വിഭജനം തുടങ്ങിയവയാണ് പ്രധാന അജണ്ട.
28 പാർട്ടികളിൽനിന്നായി 63 പേർ പങ്കെടുക്കുമെന്ന് എൻ.സി.പി അധ്യക്ഷൻ ശരദ് പവാർ വ്യക്തമാക്കി. ഉദ്ധവ് പക്ഷ ശിവസേന, എൻ.സി.പി, മഹാരാഷ്ട്ര കോൺഗ്രസ് പാർട്ടികളാണ് യോഗത്തിന് മേൽനോട്ടം വഹിക്കുന്നത്. വ്യാഴാഴ്ച വൈകീട്ട് ആറരയോടെ നേതാക്കൾ എല്ലാവരും എത്തിച്ചേരും. തുടർന്ന് പ്രാഥമിക ചർച്ചകൾ. തുടർന്ന് ഉദ്ധവ് താക്കറെയുടെ അത്താഴ വിരുന്നാണ്. വെള്ളിയാഴ്ച രാവിലെ 11ന് യോഗം തുടങ്ങുന്നതിന് തൊട്ടുമുമ്പ് ലോഗോ പ്രകാശനം ചെയ്യും. ഉച്ചക്ക് രണ്ടുവരെയാണ് യോഗം.
കോൺഗ്രസിൽനിന്ന് സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, കെ.സി. വേണുഗോപാൽ, എൻ.സി.പിയുടെ ശരദ് പവാർ, ശിവസേനയുടെ ഉദ്ധവ്, മകൻ ആദിത്യ, മുഖ്യമന്ത്രിമാരായ നിതീഷ് കുമാർ, മമത ബാനർജി, സ്റ്റാലിൻ, ഹേമന്ത് സോറൻ, അരവിന്ദ് കെജ്രിവാൾ എന്നിവരും സീതാറാം യെച്ചൂരി (സി.പി.എം), ലാലുപ്രസാദ് യാദവ് (ആർ.ജെ.ഡി). അഖിലേഷ് യാദവ് (സമാജ് വാദി), ഫാറൂഖ് അബ്ദുള്ള (നാഷനൽ കോൺഫറൻസ്), ഡി. രാജ, ബിനോയ് വിശ്വം (സി.പി.ഐ), സാദിഖലി ശിഹാബ് തങ്ങൾ, പി.കെ കുഞ്ഞാലിക്കുട്ടി (മുസ്ലിം ലീഗ്) തുടങ്ങിയവരാണ് പങ്കെടുക്കുന്നത്.
പട്ന, ബംഗളൂരു യോഗങ്ങൾക്കു ശേഷമാണ് മുംബൈയിൽ ഇൻഡ്യ യോഗം നടക്കുന്നത്. പ്രത്യയശാസ്ത്രം പലതാണെങ്കിലും ഭരണഘടനയെയും രാജ്യത്തെയും സംരക്ഷിക്കുക എന്ന പൊതു ലക്ഷ്യമാണ് ഇൻഡ്യയിലെ സഖ്യകക്ഷികൾക്കെന്ന് ഉദ്ധവ് താക്കറെ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.