ലോകത്തെ ഏറ്റവും മലിനമാക്കപ്പെട്ട ആദ്യ അഞ്ചു നഗരങ്ങളിൽ രണ്ടെണ്ണം ഇന്ത്യയിൽ...പട്ടിക കാണാം

ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും മലിനമാക്കപ്പെട്ട ആദ്യ അഞ്ചു നഗരങ്ങളിൽ രണ്ടെണ്ണം ഇന്ത്യയിൽ. എയർ ക്വാളിറ്റി മോണിറ്റർ ആയ ‘ഐക്യു എയർ’ ആണ് ലോകത്തിലെ ഏറ്റവും മലിനമായ 100 നഗരങ്ങളുടെ റാങ്കിങ് പട്ടിക പുറത്തിറക്കിയത്. പാകിസ്താനിലെ ലാഹോർ ആണ് ഒന്നാമത്.

പട്ടിക കാണാം:

1. ലാഹോർ

ഒന്നാം സ്ഥാനത്തുള്ള ലാഹോറി​ലെ ജീവിതം വളരെ അനാരോഗ്യകരമാണെന്ന് പട്ടിക മുന്നറിയിപ്പു നൽകുന്നു. പട്ടിക പ്രകാരം  ‘ഐക്യു എയർ’ വെബ്‌സൈറ്റിലെ തത്സമയ റാങ്കിങ്ങിൽ ലാഹോറിലെ എയർ ക്വാളിറ്റി ഇൻഡക്സ് (AQI ) 228 ആണ്. നഗരത്തിലെ  മലിനീകരണ തോത് PM2.5 ആയിരുന്നു. 2.5 മൈക്രോണിൽ താഴെ വ്യാസമുള്ള കണികകൾ ആണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. PM2.5 ൽ പുക, മണം, എയറോസോൾ, പൊടി എന്നിവയും മറ്റും ഉൾപ്പെടാം. ഈ കണങ്ങൾ ഗുരുതര ആരോഗ്യ അപകടങ്ങളുയർത്തുന്നു.

2. ന്യൂഡൽഹി

206 AQI മായി ഇന്ത്യൻ തലസ്ഥാനം രണ്ടാം സ്ഥാനത്താണുള്ളത്. ഇവിടെയും മലിനീകരണ തോത് PM2.5 ആണെന്ന് കണ്ടെത്തി. ഡൽഹി ഓരോ വർഷവും, പ്രത്യേകിച്ച് ശൈത്യകാലത്ത് കടുത്ത വായു മലിനീകരണ ഭീഷണി നേരിടുന്നുണ്ട്. കുതിച്ചുയരുന്ന താപനില, നഗരത്തിന് ചുറ്റുമുള്ള കാർഷിക വയലുകളിൽ വൈക്കോൽ കത്തിക്കൽ, ഉത്സവ സീസണുകളിലെ മലിനീകരണം എന്നിവയാണ് ഇതിന് പിന്നിൽ. പുറത്തിറങ്ങിയുള്ള വ്യായാമം ഒഴിവാക്കണമെന്ന് ഡൽഹിയിലെ ആളുകളോട് ‘ഐക്യു എയർ’ നിർദേശിച്ചിട്ടുണ്ട്. മലിന വായു വീടുകളിൽ പ്രവേശിക്കുന്നത് തടയാൻ ജനലുകൾ അടക്കാനും വീടുകളിൽനിന്ന് പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കാനുമാണ് നിർദേശം.

3. കിൻഷാസ

ആഫ്രിക്കയിലെ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ ഈ നഗരം 201 എയർ ക്വാളിറ്റി ഇൻഡക്സുമായി മൂന്നാം സ്ഥാനത്താണ്. ഇവിടെ വായു മലിനീകരണ തോത് ലോകാരോഗ്യ സംഘടനയുടെ മാർഗനിർദേശങ്ങളിൽ പറഞ്ഞിരിക്കുന്ന നിലയേക്കാൾ 25.2 മടങ്ങ് കൂടുതലാണെന്ന് കണ്ടെത്തി.

4. ധാക്ക

ഡൽഹിയും ലാഹോറും പോലെ ബംഗ്ലാദേശ് തലസ്ഥാനവും മലിനമാക്കപ്പെട്ട നരഗങ്ങളുടെ പട്ടികയിലെ പതിവ് അംഗമാണ്. ധാക്കയിൽ 160 ആണ് AQI. ലോകാരോഗ്യ സംഘടനയുടെ അനുവദനീയമായ പരിധിയേക്കാൾ 12.5 മടങ്ങ് കൂടുതലാണ് മലിനീകരണ തോത്. ധാക്കയിലെ ആളുകളോട് വെളിയിൽ ഇറങ്ങുന്നത് ഒഴിവാക്കണമെന്ന് ‘ഐക്യു എയർ’ നിർദേശിച്ചിട്ടുണ്ട്.

5. മുംബൈ

ലോകത്തിലെ ഏറ്റവും മലിനമായ നഗരങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈ അഞ്ചാം സ്ഥാനത്താണ്. ആരോഗ്യപ്രതിസന്ധിയുയർത്തുന്ന 157 എയർ ക്വാളിറ്റി ഇൻഡക്സ് ആണ് മുംബൈയിലേത്. നഗരത്തിലെ PM2.5 അളവ് ലോകാരോഗ്യ സംഘടന നിർദേശിച്ച പരിധിയുടെ 15 മടങ്ങ് കൂടുതലാണ്.

6. തെൽ അവീവ്-യാഫോ

ഇസ്രായേൽ നഗരമായ തെൽ അവീവ് യാഫോ ആറാം സ്ഥാനത്താണ്. ഹമാസുമായി യുദ്ധത്തിലേർപ്പെട്ടു കൊണ്ടിരിക്കുന്ന തെൽ അവീവിലെ എയർ ക്വാളിറ്റി ഇൻഡക്സ് 144 ആണ്.

7. ബതം

132 എയർ ക്വാളിറ്റി ഇൻഡക്സുമായി ഏഴാം സ്ഥാനത്താണ് ഇന്തോനേഷ്യൻ നഗരമായ ബതം. PM2.5 അളവ് സുരക്ഷിത പരിധിയുടെ ഒമ്പത് മടങ്ങ് കൂടുതലാണ്.

8. ഉലാൻബാതർ

122 എയർ ക്വാളിറ്റി ഇൻഡക്സിൽ മംഗോളിയൻ തലസ്ഥാനം എട്ടാം സ്ഥാനത്താണ്. 

9. സ്കോപ്ജെ

നോർത്ത് മാസിഡോണിയയിലെ ഈ നഗരം ഒമ്പതാം സ്ഥാനത്താണുള്ളത്. ഇവിടെ  എയർ ക്വാളിറ്റി ഇൻഡക്സ് 119 ആണ്. PM2.5 മായി ലോകാരോഗ്യ സംഘടന നിർവചിച്ചിരിക്കുന്ന സുരക്ഷിത പരിധിയുടെ ഒമ്പത് മടങ്ങ് കൂടുതലാണ്.

10. വാഴ്സോ

ലോകത്തിലെ ഏറ്റവും മലിനമായ നഗരങ്ങളുടെ പട്ടികയിൽ 10ാമത് പോളിഷ് തലസ്ഥാനമായ വാഴ്സോയാണ്. ഇവിടെയും  മലിനീകരണ അളവ് സുരക്ഷിത പരിധിയുടെ ഏഴിരട്ടിയിലേറെയാണ്.

Tags:    
News Summary - Two of the top five most polluted cities in the world are in India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.