Representational Image
ലഖ്നോ: ഉത്തർപ്രദേശിൽ ട്രെയിൻ തട്ടി രണ്ട് റെയിൽവേ ജീവനക്കാർ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു.
ജഹാംഗീരാബാദ് റെയിൽവേ സ്റ്റേഷന് സമീപം തകരാറിലായ സിഗ്നൽ നന്നാക്കുന്നതിനിടെ എതിരെ വന്ന ട്രെയിൻ തട്ടിയാണ് അപകടം ഉണ്ടായത്.
അരവിന്ദ് കുമാർ (28), തല സോറൻ (45), ദേവി പ്രസാദ് (30) എന്നിവർ ചേർന്ന് സിഗ്നൽ തൂണുകളിലൊന്നിലെ തകരാർ പരിഹരിക്കുന്നതിനിടെ അതുവഴി കടന്നുപോയ കൊച്ചിൻ എക്‌സ്‌പ്രസ് ഇവരെ ഇടിക്കുകയായിരുന്നു. അരവിന്ദ് കുമാർ അപകടസമയത്ത് തന്നെ മരിച്ചു. സോറൻ പിന്നീട് മരണപ്പെടുകയായിരുന്നു. ആശുപത്രിയിലെത്തിച്ച ദേവി പ്രസാദിന്‍റെ നില ഗുരുതരമാണെന്ന് പൊലീസ് അറിയിച്ചു.
അരവിന്ദ് കുമാർ ജഹാംഗിരാബാദ് റെയിൽവേ സ്റ്റേഷനിൽ ഇലക്ട്രീഷനായും സോറൻ സിഗ്നൽ അസിസ്റ്റന്റായും പ്രവർത്തിക്കുകയായിരുന്നു. ദേവി പ്രസാദ് റെയിൽവേയിലെ കരാർ ജീവനക്കാരനാണ്. വിഷയം അന്വേഷിച്ചുവരികയാണെന്നും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.