അറസ്റ്റിലായ രാജ് കുമാർ മീണ, സുഭാഷ് ഗുർജാർ 

ഓൺലൈനിൽ ഓർഡർ ചെയ്ത് സ്റ്റിക്കർ സ്വാപ്പിങ്..!; ആമസോണിനെ കബളിപ്പിച്ച് 1.29 കോടി രൂപ തട്ടിയ യുവാക്കൾ അറസ്റ്റിൽ

മംഗളൂരു: വിവിധ സംസ്ഥാനങ്ങളിൽ യാത്ര ചെയ്ത് ആമസോണിൽ നിന്ന് 1.29 കോടി രൂപ കബളിപ്പിച്ച് തട്ടിയ രാജസ്ഥാൻ സ്വദേശികളായ രണ്ട് യുവാക്കളെ മംഗളൂരു സിറ്റി പൊലീസ് അടുത്തിടെ അറസ്റ്റ് ചെയ്തു. പ്രതികളായ രാജ് കുമാർ മീണ (23), സുഭാഷ് ഗുർജാർ (27) എന്നിവരാണ് പിടിയിലായത്. പെട്ടെന്ന് പണം സമ്പാദിക്കുന്നതിനായാണ് യുവാക്കൾ ൈഹടെക് തട്ടിപ്പ് നടത്തിയത്.

വ്യാജ ഐഡൻ്റിറ്റികൾ ഉപയോഗിച്ച് അവർ വലിയ ക്യാമറകളും ലാപ്‌ടോപ്പുകളും, ചില കുറഞ്ഞ വിലയുള്ള സമാനമായ ഇനങ്ങളും ഓർഡർ ചെയ്യും. ഡെലിവറി ചെയ്യുമ്പോൾ, അവർ ഡെലിവറി ജീവനക്കാരുടെ ശ്രദ്ധ തിരിക്കുകയും ഉയർന്ന മൂല്യമുള്ള ഇനങ്ങളിലെ സ്റ്റിക്കറുകൾ കുറഞ്ഞ മൂല്യമുള്ള ഇനങ്ങളിൽ നിന്നുള്ളവയുമായി മാറ്റുകയും ചെയ്യും. തുടർന്ന്, ഉയർന്ന മൂല്യമുള്ള ഇനങ്ങൾക്ക് അവർ തെറ്റായ ഒ.ടി.പികൾ നൽകുകയും ഒടുവിൽ ഓർഡറുകൾ റദ്ദാക്കുകയും ചെയ്യും.

ആമസോണിൻ്റെ ഡെലിവറി പങ്കാളിയായ മഹീന്ദ്ര ലോജിസ്റ്റിക്‌സ് സ്റ്റിക്കർ സ്വാപ്പിംഗ് തന്ത്രം കണ്ടെത്തി ഇക്കാര്യം ആമസോണിനെ അറിയിച്ചതോടെയാണ് തട്ടിപ്പ് പുറത്തായത്. ഉയർന്ന ക്യാമറകൾ, ഐഫോണുകൾ, ലാപ്‌ടോപ്പുകൾ എന്നിവയുൾപ്പെടെ 10 ലക്ഷം രൂപ വിലവരുന്ന മറ്റ് 11 കേസുകളിൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് മംഗളൂരു സിറ്റി പൊലീസ് കമ്മീഷണർ അനുപം അഗർവാൾ പറഞ്ഞു. അസം, ഒഡീഷ, മഹാരാഷ്ട്ര, രാജസ്ഥാൻ, തെലങ്കാന, ഉത്തർപ്രദേശ്, തമിഴ്‌നാട്, കേരളം എന്നിവയുൾപ്പെടെ ഒന്നിലധികം സംസ്ഥാനങ്ങളിൽ ഈ കേസുകളുണ്ട്.

മംഗളൂരു കേസിൽ 'അമൃത്' എന്ന പേരിൽ തെറ്റായ വിവരങ്ങൾ ഉപയോഗിച്ച് സെപ്തംബർ 21 ന് ഇരുവരും ഉയർന്ന മൂല്യമുള്ള രണ്ട് സോണി ക്യാമറകളും മറ്റ് പത്ത് സാധനങ്ങളും ഓർഡർ ചെയ്തു. നഗരത്തിലെ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപത്തെ വിലാസത്തിലാണ് സാധനങ്ങൾ എത്തിക്കേണ്ടിയിരുന്നത്. പ്രതികളിലൊരാളായ രാജ് കുമാർ മീണ സാധനങ്ങൾ കൈപറ്റുകയും തെറ്റായ ഒ.ടി.പി നൽകുകയും ചെയ്തു. അതേസമയം മറ്റൊരു പ്രതിയായ ഗുർജാർ ഡെലിവറി ജീവനക്കാരുടെ ശ്രദ്ധ തിരിക്കുകയും സോണി ക്യാമറ ബോക്സുകളിലെ ഒറിജിനൽ സ്റ്റിക്കറുകൾ മറ്റ് ഇനങ്ങളിൽ നിന്നുള്ള സ്റ്റിക്കറുകൾ ഉപയോഗിച്ച് മാറ്റുകയും ചെയ്തു.

തുടർന്ന് രാജ് കുമാർ തെറ്റായ ഒ.ടി.പി നൽകിയതിനാൽ ഡെലിവറി സ്ഥിരീകരിക്കാൻ കാലതാമസം നേരിട്ടു. അടുത്ത ദിവസം ക്യാമറകൾ ശേഖരിക്കുമെന്ന് അവനും ഗുർജറും ഡെലിവറി ജീവനക്കാരെ അറിയിച്ചു. പിന്നീട് സംശയം പറഞ്ഞ് ക്യാമറകൾക്കുള്ള ഓർഡർ അവർ റദ്ദാക്കുകയും ചെയ്തു.

പരിശോധനയിൽ, മഹീന്ദ്ര ലോജിസ്റ്റിക്സ് സ്റ്റിക്കർ സ്വാപ്പിംഗ് കണ്ടെത്തുകയും അത് ആമസോണിനെ അറിയിക്കുകയും ചെയ്തു. അന്വേഷണത്തിൽ വഞ്ചന സ്ഥിരീകരിച്ചതോടെ പൊലീസിനെ അറിയിക്കുയായിരുന്നു. ഇരുവരെയും പിടികൂടിയ അധികൃതർ മോഷ്ടിച്ച ക്യാമറകൾ വിറ്റ് സമ്പാദിച്ച 11.45 ലക്ഷം രൂപ പിടിച്ചെടുത്തു.

മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് രാജസ്ഥാനിലേക്ക് പോകാനിരിക്കെയാണ് പൊലീസ് പ്രതികളെ പിടികൂടിയത്. ആമസോൺ ഡെലിവറി പോയിൻ്റിൽ നിന്ന് ലഭിച്ച സി.സി.ടി.വി ദൃശ്യങ്ങളാണ് പ്രതികളെ കണ്ടെത്താൻ സഹായിച്ചത്.  

Tags:    
News Summary - Two Rajasthan youth who cheated Amazon delivery partner of ₹11.45 lakh in Mangaluru arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.