പുഷ്‌കർ സിങ് ധാമി

'നവംബർ ഒമ്പതിന് മുമ്പ് ഏക സിവിൽ കോഡ് നടപ്പാക്കും' -ഉത്തരാഖണ്ഡ് മുഖ്യമന്ത്രി

ഡറാഡൂൺ: സംസ്ഥാന സ്ഥാപക ദിനമായ നവംബർ ഒമ്പതിന് മുമ്പ് ഏക സിവിൽ കോഡ് (യു.സി.സി) നടപ്പാക്കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി. എല്ലാ പൗരന്മാർക്കും മതഭേദമില്ലാതെ ഒരേനിയമം വ്യവസ്ഥ ചെയ്യുന്ന ഏക സിവിൽ കോഡ് ബിൽ ഫെബ്രുവരി 6ന് സംസ്ഥാന നിയമസഭയിൽ അവതരിപ്പിക്കുകയും ഫെബ്രുവരി 7ന് പ്രത്യേക സമ്മേളനത്തിൽ പാസാക്കുകയും ചെയ്തു.

‘ഭാരത് മാതാ കീ ജയ്’, ‘വന്ദേ മാതരം’, ജയ് ശ്രീ റാം’ വിളികളോടെയാണ് ഭരണപക്ഷം ബിൽ അവതരണത്തെ സ്വീകരിച്ചത്. ഫെബ്രുവരി 29ന് ഉത്തരാഖണ്ഡ് ഗവർണർ ഗുർമിത് സിങ് സംസ്ഥാന സർക്കാർ അയച്ച ബിൽ രാഷ്ട്രപതിയുടെ അംഗീകാരത്തിനായി അയച്ചു. മാർച്ച് 13ന് ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം നൽകി.

നിർദിഷ്ട നിയമത്തിൽ 392 വകുപ്പുകൾ നാല് ഭാഗങ്ങളായും ഏഴ് അധ്യായങ്ങളായും തിരിച്ചിട്ടുണ്ട്. വിവാഹം, വിവാഹമോചനം, ജീവനാംശം, സ്വത്തിന്‍റെ അനന്തരാവകാശം എന്നിവയിൽ സ്ത്രീകൾക്ക് തുല്യാവകാശം നൽകുക, ചിലതരം ബന്ധങ്ങൾ നിരോധിക്കുക, ബഹുഭാര്യത്വം നിരോധിക്കുക, സ്ത്രീകൾക്കും പുരുഷന്മാർക്കും വിവാഹപ്രായം നിശ്ചയിക്കൽ, വിവാഹ രജിസ്ട്രേഷൻ നിർബന്ധമാക്കൽ എന്നിവ നിയമത്തിന്‍റെ പരിധിയിൽ വരുന്നു. ജനസംഖ്യയുടെ 2.89 ശതമാനം വരുന്ന സംസ്ഥാനത്തെ പട്ടികവർഗ്ഗത്തെ നിയമത്തിൽ നിന്ന് ഒഴിവാക്കപ്പെട്ടിരിക്കുന്നു.

യു.സി.സി പ്രകാരം, ഒരു ലിവ് ഇൻ ബന്ധം രജിസ്റ്റർ ചെയ്തില്ലെങ്കിൽ മൂന്ന് മാസത്തെ തടവും 10,000 രൂപ പിഴയും അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കും.

Tags:    
News Summary - UCC to be implemented before state's Foundation Day, says Uttarakhand CM Pushkar Singh Dhami

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.