എൻ.ഡി.എ സർക്കാർ അമീബയെപ്പോലെ; സഖ്യത്തിലുള്ളത് രാജ്യദ്രോഹികളും മറ്റ് പാർട്ടികളിൽ ഭിന്നിപ്പുണ്ടാക്കിയവരും - ഉദ്ധവ് താക്കറെന്യൂഡൽഹി: കേന്ദ്രം ഭരിക്കുന്ന എൻ.ഡി.എ സർക്കാർ അമീബയെപ്പോലെയാണെന്ന് ശിവസേന യു.ബി.ടി നേതാവും മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെ. ബി.ജെ.പി നയിക്കുന്ന മുന്നണിക്ക് കൃത്യമായ ആകൃതിയോ വലുപ്പമോ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മഹാരാഷ്ട്രയിലെ ഹിംഗോലി ജില്ലയിൽ നടന്ന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്‍റെ പരാമർശം.
വിശാല പ്രതിപക്ഷ സഖ്യമായ ഇൻഡ്യയെ അഹങ്കാരമുള്ളതെന്നും ഇന്ത്യൻ മുജീഹിദീനെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി വിശേഷിപ്പിച്ചിരുന്നു. ഇതിന് മറുപടിയായാണ് താക്കറെയുടെ പരാമർശം. ഇൻഡ്യ സഖ്യമല്ല 'ഘമാൻഡിയ' (അഹങ്കാരമുള്ളത്) എന്നും എൻ.ഡി.എ ആണ് 'ഘമാ-എൻ.ഡി.എ' എന്നും അദ്ദേഹം പറഞ്ഞു.
"ഇന്ത്യയുടെ ജനാധിപത്യത്തെ സംരക്ഷിക്കാൻ കെൽപ്പുള്ള ദേശീയ പാർട്ടികളാണ് ഇൻഡ്യ സഖ്യത്തിലുള്ളത്. എന്നാൽ എൻ.ഡി.എ സഖ്യത്തിൽ ഉള്ളത് രാജ്യദ്രോഹികളും മറ്റ് പാർട്ടികളിൽ നിന്നും ഭിന്നിപ്പുണ്ടാക്കി വന്നവരുമാണ്. ഇന്നത്തെ എൻ.ഡി.എ സഖ്യം അമീബയെപ്പോലെയാണ്, അതിന് കൃത്യമായ ആകൃതിയോ വലുപ്പമോ ഇല്ല. ഇൻഡ്യ സഖ്യം ബി.ജെ.പിയെ പരാജയപ്പെടുത്തും" - താക്കറെ പറഞ്ഞു.
ഭാരതീയ രാഷ്ട്രസമിതി നേതാവും തെലങ്കാന മുഖ്യമന്ത്രിയായ ചന്ദ്രശേഖര റാവുവിനെയും അദ്ദേഹം വിമർശിച്ചു. റാവുവും അദ്ദേഹത്തിന്‍റെ ബി.ആർ.എസും ഇൻഡ്യ സഖ്യത്തെയാണോ എൻ.ഡി.എയെയാണോ പിന്തുണക്കുന്നത് എന്ന് വ്യക്തമാക്കണമെന്നും താക്കറെ കൂട്ടിച്ചേർത്തു. "ബി.ആർ.എസും റാവുവും ഏത് സഖ്യത്തിനൊപ്പമാണ് നിൽക്കുന്നതെന്ന് വ്യക്തമാക്കേണ്ടതുണ്ട്. നിങ്ങൾ രാജ്യത്തിനൊപ്പമാണ് നിൽക്കുന്നതെങ്കിൽ ഇൻഡ്യ സഖ്യത്തിനൊപ്പം ചേരുക. ബി.ജെ.പിയെയാണ് പിന്തുണക്കുന്നതെങ്കിൽ അത് വ്യക്തമായി പറയുക. വോട്ടുകൾ ഭിന്നിപ്പിക്കരുത്" - താക്കറെ പറഞ്ഞു.
ഇൻഡ്യ സഖ്യം പ്രധാനമന്ത്രിക്ക് എതിരെയുള്ളതല്ലെന്നും മറിച്ച് രാജ്യത്തിന്‍റെ ജനാധിപത്യത്തെ സംരക്ഷിക്കാൻ വേണ്ടിയുള്ളതാണ്. ബി.ജെ.പിയെ അധികാരത്തിലെത്തിക്കാൻ പ്രയത്നിച്ചവരോട് സഹതാപം തോന്നുന്നു. ബി.ജെ.പിയുടേത് ഒരു ഡബിൾ എഞ്ചിൻ സർക്കാരാണെന്നാണ് പറഞ്ഞിരുന്നത്. ഇപ്പോൾ മൂന്നാമത് ഒരു എഞ്ചിൻ കൂടി ചേർന്നിട്ടുണ്ട്. ഇനിയും എത്ര എഞ്ചിനുകൾ വരും എന്ന് അറിയില്ലെന്നും ബി.ജെ.പി സർക്കാർ ഗുഡ്സ് ട്രെയിൻ ആണോയെന്നും അദ്ദേഹം ചോദിച്ചു. എന്‍.സി.പി നേതാവ് ഹസൻ മുഷറിഫ് ബി.ജെ.പിക്കൊപ്പം ചേർന്നതോടെ ഇ.ഡി അദ്ദേഹത്തിന്‍റെ വീട്ടിലേക്കുള്ള വഴി തന്നെ മറന്നതുപോലെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ മാസമായിരുന്നു അജിത് പവാറിനൊപ്പം മുഷറിഫ് ബി.ജെ.പി സർക്കാരിന്‍റെ ഭാഗമാകുന്നത്. പിന്നാലെ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തിരുന്നു.
അതേസമയം ആഗസ്റ്റ് 31നായിരിക്കും ഇൻഡ്യ സഖ്യത്തിന്‍റെ യോഗം നടക്കുക. മുംബൈയിൽ നടക്കുന്ന യോഗത്തിൽ താക്കറെ നേതാക്കൾക്ക് വിരുന്നൊരുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.