ന്യൂഡൽഹി: സൈബർ തട്ടിപ്പുകളുടെ കുത്തൊഴുക്കാണ് സമീപകാലത്തായി റിപ്പോർട്ട് ചെയ്യുന്നത്. സാങ്കേതിക വിദ്യകൾ എല്ലാ വിഭാഗം ജനങ്ങൾക്കും ലഭ്യമായിത്തുടങ്ങിയതോടെ ഇത് മുതലെടുത്ത് പലതരം തട്ടിപ്പുകൾ നടത്തുന്നവരും വർധിക്കുകയാണ്. ഡിജിറ്റൽ അറസ്റ്റ്, ഓൺലൈൻ ട്രേഡിങ്, വ്യാജ ആപ്പുകൾ മുതൽ വ്യക്തിവിവരങ്ങളും പാസ്സ്വേഡുകളും ചോർത്തിയുള്ള തട്ടിപ്പുകൾ വരെ ഇന്ന് സുലഭം. ഇതോടൊപ്പം, പുതിയൊരു രീതിയിലുള്ള തട്ടിപ്പ് കൂടി യുവാക്കളെ ലക്ഷ്യമിട്ട് നടക്കുന്നുണ്ട്. 'പ്രഗ്നൻസി ജോബ് സ്കാം' എന്നാണ് പൊലീസ് ഇതിനെ വിശേഷിപ്പിക്കുന്നത്.
സ്ത്രീകളുമായി ലൈംഗികബന്ധത്തിലേർപ്പെട്ട് അവരെ ഗർഭംധരിപ്പിക്കലാണ് 'ജോലി'. സമൂഹമാധ്യമങ്ങളിലൂടെയാണ് തട്ടിപ്പുകാർ ഇരകളെ കണ്ടെത്തുക. തട്ടിപ്പിൽ പണം നഷ്ടമായിട്ടും മിക്കവരും നാണക്കേട് കാരണം പരാതിപ്പെടാൻ മടിക്കുന്നത് തട്ടിപ്പുകാർക്ക് പ്രോത്സാഹനമാവുകയാണ്.
സമൂഹമാധ്യമങ്ങളിലെ മെസ്സേജുകളിലൂടെയാണ് തട്ടിപ്പുകാർ പുരുഷന്മാരെ സമീപിക്കുന്നത്. ഗർഭിണിയാകാത്ത സമ്പന്ന സ്ത്രീകളെ ഗർഭിണിയാക്കുകയാണ് ജോലിയായി പറയുക. അങ്ങേയറ്റം രഹസ്യാത്മകമായി ചെയ്യേണ്ട ജോലിയാണെന്നും വൻ തുക പ്രതിഫലമായി ലഭിക്കുമെന്നും വിശ്വസിപ്പിക്കും. ഹരിയാന സ്വദേശിയായ ഒരു യുവാവിനോട് 20 ലക്ഷം രൂപയാണ് പ്രതിഫലമായി വാഗ്ദാനം ചെയ്തത്.
'ജോലി'ക്ക് ഒ.കെ പറഞ്ഞാൽ ഫേസ്ബുക് ഗ്രൂപ്പിലേക്ക് ചേർക്കും. ഇതിൽ ജോലി സംബന്ധിച്ച ചർച്ചകളാണ് നടക്കുക. മറ്റ് നിരവധി പേർ ജോലിയെ കുറിച്ചും പ്രതിഫലം ലഭിച്ചതിനെ കുറിച്ചുമൊക്കെ ചർച്ചചെയ്യുന്നതോടെ ഇരകൾ വിശ്വസിക്കപ്പെടുകയായി. തുടർന്ന്, സ്ത്രീകളുടെ ഫോട്ടോകളും വിഡിയോകളും അയച്ചുകൊടുക്കും. ചിലതിൽ സ്ത്രീകൾ നേരിട്ട് വിഡിയോ കോളിൽ വന്ന് കാര്യം അവതരിപ്പിക്കുകയും ചെയ്യും.
പിന്നീട്, പ്രൊസസ്സിങ് ചാർജ്, രജിസ്ട്രേഷൻ ചാർജ് തുടങ്ങി വിവിധ പേരുകളിൽ ഫീസ് അടക്കണമെന്ന് ആവശ്യപ്പെടും. ഈ ഫീസടച്ചാൽ ഉടൻ അഡ്വാൻസ് പ്രതിഫലം അക്കൗണ്ടിലെത്തുമെന്നും പറയും. എന്നാൽ, ഇത് വിശ്വസിച്ച് ഫീസടക്കുന്നതോടെ തട്ടിപ്പുകാർ സ്ഥലംവിടും. അമളി പറ്റിയത് മനസ്സിലാക്കുന്ന ഇരകൾ പലരും ഇത്തരമൊരു ജോലിയുടെ പേരിൽ തട്ടിപ്പിനിരയായതിനാൽ പരാതിപ്പെടാൻ മടിക്കുകയാണ്.
ഹരിയാന സ്വദേശിയിൽ നിന്ന് പണം തട്ടിയ കേസിൽ എട്ട് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എട്ട് ഫേസ്ബുക് ഗ്രൂപ്പുകളും കണ്ടെത്തി.
നേരത്തെ, കേരളത്തിലും സമാനമായ തട്ടിപ്പ് നടന്നിരുന്നു. മാഹിയിലെ ലോഡ്‌ജിലെ ജീവനക്കാരനായ സജൻ ഭട്ടാരി (34) എന്ന ഇതരസംസ്ഥാനക്കാരന് 49,500 രൂപയാണ് അന്ന് നഷ്ടമായത്. ഉയർന്ന ശമ്പളമുള്ള ജോലിയെന്ന ഓൺലൈൻ പരസ്യം കണ്ടാണ് യുവാവ് സംഘവുമായി ബന്ധപ്പെട്ടത്. ഫോണിൽ സംസാരിച്ച് ഇടപാട് ഉറപ്പിച്ചു. 799 രൂപ അടച്ച് ഗ്രൂപ്പിൽ അംഗത്വമെടുത്തു. ഗർഭം ധരിക്കാത്ത സ്ത്രീകളെ ഗർഭം ധരിപ്പിക്കുന്ന ജോലിയാണ് ചെയ്യേണ്ടതെന്നാണ് വിശ്വസിപ്പിച്ചത്. ഗർഭധാരണം ആഗ്രഹിക്കുന്ന സ്‌ത്രീകളുടെ ഫോട്ടോയും ഓൺലൈനിലൂടെ കാണിച്ചു. പ്രതിഫലമായി വാഗ്‌ദാനം ചെയ്‌ത 25 ലക്ഷത്തിൽ അഡ്വാൻസായി അഞ്ച് ലക്ഷം രൂപ അക്കൗണ്ടിൽ നിക്ഷേപിച്ചതായി കാണിച്ച് സ്ക്രീൻ ഷോട്ട് വാട്സ് ആപ്പിൽ അയച്ചുനൽകി. ആദ്യഗഡു ലഭിച്ചതായി വിശ്വസിച്ച യുവാവിന് ഒരു സന്ദേശംകൂടി ലഭിച്ചു. ജോലിക്ക് ചേരാനുള്ള അപേക്ഷാ ഫീസ്, പ്രോസസിങ് ഫീസ് എന്നിവ ചേർത്ത് 49,500 രൂപ അടയ്‌ക്കാനായിരുന്നു അറിയിപ്പ്.
തട്ടിപ്പുസംഘം അയച്ചുകൊടുത്ത ക്യൂ.ആർ കോഡ് ഉപയോഗിച്ച് തുക അടച്ചു. സംഘം അയച്ചതായി പറയുന്ന അഞ്ച് ലക്ഷം രൂപ അക്കൗണ്ടിൽ എത്തിയുമില്ല. പണം നഷ്ടപ്പെട്ട കാര്യം ജോലിചെയ്യുന്ന ലോഡ്ജിന്റെ ഉടമയുടെ ശ്രദ്ധയിൽപ്പെടുത്തിയപ്പോഴാണ് മാഹി പൊലീസിൽ പരാതി നൽകിയത്. രാജസ്ഥാനിൽ നിന്നുള്ള സംഘമാണ് തട്ടിപ്പിന്‍റെ പിന്നിലെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.