ന്യൂഡൽഹി: രാജ്യത്തെ തൊഴിലില്ലായ്മാ നിരക്കിന്റെ ഗ്രാഫ് നോക്കിയാൽ എങ്ങോട്ടാണീ പോക്കെന്ന് ആരുമൊന്ന് അന്തംവിട്ടുപോകും. 2008 മുതൽ 2024 വരെയുള്ള 16 വർഷത്തെ കണക്കെടുക്കുമ്പോൾ എറ്റവും ഉയർന്ന നിരക്കിലാണിപ്പോളിത്.
ബംഗളൂരു കേന്ദ്രീകരിച്ചുള്ള ധനകാര്യ-ബിസിനസ് സർവിസ് കമ്പനിയായ ‘ഫിൻഷോട്ട്’ ആണ് രാജ്യത്തെ തൊഴില്ലായ്മയുടെ ദാരുണചിത്രം വ്യക്തമാക്കുന്ന കണക്കുകൾ പുറത്തുവിട്ടത്. 2024ൽ തൊഴിലില്ലായ്മാ നിരക്ക് 9 ശതമാനത്തിനു മുകളിൽ എത്തിയെന്നും ഇതനുസരിച്ച് രാജ്യത്ത് 11 പേരിൽ ഒരാൾ തൊഴിൽ രഹിതനാണെന്നും ‘ഫിൻഷോട്ട്’ പങ്കുവെക്കുന്നു.
2008 മുതൽ 19 വരെയുള്ള ഒരു ദശകത്തോളം കാലം കാര്യമായ ഏറ്റകുറച്ചിലുകൾ ഇല്ലാതെ ആറു ശതമാനത്തിന് താഴെയായിരുന്നു തൊഴിലില്ലായ്മാ നിരക്ക്. കോവിഡ് മഹാമാരി ബാധിച്ച് എല്ലാവരും വീട്ടിൽ അടച്ചിരുന്ന 2020ൽ അത് 8 ശതമാനത്തിലേക്ക് കുതിച്ചു. തൊട്ടടുത്ത വർഷം 5.96 ശതമാനമായി തൊഴിൽ ലഭ്യതയുടെ ശുഭസൂചന നൽകി. എന്നാൽ, 2022ൽ 7.33 ശതമാനത്തിലേക്ക് വീണ്ടും ഉയർന്നു. 2023ൽ ഇത് 8.03 ശതമാനമായി.
ഒന്നര ദശകത്തിനിടെ ഏറ്റവും കൂടിയ തൊഴിലില്ലായ്മയുടെ കാലമായി 2024 മാറിയിരിക്കുന്നതാണ് പോയ വർഷത്തെ കണക്ക്. 9.2 ശതമാനത്തിലെത്തിനിൽക്കുന്നു! 2025ലും പ്രതീക്ഷക്ക് വക നൽകാത്ത ചിത്രമാണിത്.
അതേസമയം, രാജ്യത്ത് തൊഴിലെടുക്കുന്നവരുടെ എണ്ണത്തിൽ വർധന ഉണ്ടായിട്ടുമുണ്ട്. 2011ൽ 61 ശതമാനമായിരുന്നു തൊഴിലെടുക്കുന്നവരെങ്കിൽ 2022ൽ ഇത് 64 ശതമാനമായി. 2036റോടെ 65ശതമാനത്തിലെത്തുമെന്നാണ് കരുതുന്നത്.
അതേസമയം, സാമ്പത്തിക ക്രയവിക്രയങ്ങളിൽ ഇടപെടുന്ന യുവജനങ്ങളുടെ എണ്ണത്തിൽ ഇടിവാണ് കാണിക്കുന്നത്. 2022ഓടെ ഇത് 37 ശതമാനമായി താഴ്ന്നുവെന്നും ‘ഫിൻഷോട്ട്’ പുറത്തുവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.