ന്യൂഡൽഹി: ഹിജാബ് വിവാദവും പ്രതിഷേധങ്ങളും രാജ്യത്ത് ശക്തമാകുന്നതിനിടെ ഏകീകൃത സിവിൽ കോഡ് നടപ്പാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ ഗിരിരാജ് സിങ്. ഏകീകൃത സിവിൽ കോഡ് ഈ കാലഘട്ടത്തിന്‍റെ ആവശ്യമാണെന്നും അത് പാർലമെന്റിലും സമൂഹത്തിലും ചർച്ച ചെയ്യപ്പെടേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗിരിരാജ് സിങിനു പുറമെ മറ്റ് ബി.ജെ.പി നേതാക്കളും ഏകീകൃത സിവിൽ കോഡിനെ അനുകൂലിച്ച് രംഗത്തെത്തിയിട്ടുണ്ട്.
2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ പ്രധാന വാഗ്ദാനങ്ങളിലൊന്നും ഏകീകൃത സിവിൽ കോഡായിരുന്നു. ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നതിനായി പുതിയ നിയമം പാര്‍ലമെന്‍റിൽ പാസാക്കാനാണ് ബി.ജെ.പി പദ്ധതിയിടുന്നത്. ഏതെങ്കിലും ഒരു പൗരന്റെ തുല്യതക്കുള്ള അവകാശം ഭരണഘടനയുടെ പതിനാലാം അനുച്ഛേദം ഉയര്‍ത്തിപ്പിടിക്കുന്നുണ്ടെന്നും ബി.ജെ.പി ചൂണ്ടിക്കാട്ടുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ നിയമം.
രാജ്യത്തിന്റെ അന്തരീക്ഷത്തെ കലുഷിതമാക്കാൻ ലക്ഷ്യമിട്ടുള്ള പ്രവണതയാണെന്നാണ് സിങ് ഹിജാബ് വിവാദത്തെ വിശേഷിപ്പിച്ചത്. ചില വോട്ട് ഡീലർമാർ തങ്ങളുടെ രാഷ്ട്രീയ നേട്ടങ്ങൾക്കായി സ്കൂളിൽ ഹിജാബ് നിർബന്ധമാക്കുകയും അത്തരം യുക്തിരഹിതമായ ആവശ്യങ്ങളെ പിന്തുണക്കുകയും ചെയ്യുന്നു. ഇത്തരക്കാർ വോട്ടിന് വേണ്ടി നിരപരാധികളായ പെൺകുട്ടികളുടെ ജീവിതം കൊണ്ടാണ് കളിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഡിസംബര്‍ മാസത്തിൽ ഉടുപ്പിയിലെ സര്‍ക്കാര്‍ പ്രീ യൂനിവേഴ്സിറ്റി കോളജിലേക്ക് ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ഥിനികള്‍ക്കെതിരെ ഹിന്ദുത്വ തീവ്രവാദ സംഘടനകളിലെ ഒരുകൂട്ടം യുവാക്കൾ കാവി ഷാള്‍ അണിഞ്ഞുകൊണ്ട് പ്രതിഷേധിച്ചതോടെയാണ് വിവാദത്തിനു തുടക്കമായത്. തുടര്‍ന്ന് ഈ പ്രതിഷേധം മറ്റു സ്ഥാപനങ്ങളിലേക്കും പടരുകയായിരുന്നു. വിവാദം സംഘര്‍ഷത്തിനു വഴി മാറിയതോടെ കര്‍ണാടക സര്‍ക്കാര്‍ കോളജുകള്‍ക്കും ഹൈസ്കൂളുകള്‍ക്കും മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.