ന്യൂഡൽഹി: രാജ്യത്തെ മുസ്‍ലിംകൾക്കെതിരെ വിദ്വേഷ പ്രസ്താവനയുമായി ബി.ജെ.പി നേതാവും കേന്ദ്ര ടെക്സ്റ്റൈൽസ് മന്ത്രിയുമായ ഗിരിരാജ് സിങ്. 1947ൽ എല്ലാ മുസ്‍ലിംകളെയും പാകിസ്താനിലേക്ക് അയച്ചിരുന്നെങ്കിൽ രാജ്യത്തെ സ്ഥിതി വ്യത്യസ്തമാകുമായിരുന്നുവെന്നാണ് സിങ് പറഞ്ഞത്.
‘വോട്ട് ബാങ്ക് രാഷ്ട്രീയത്തിൽ മുഴുകുന്നവർ സനാതന ധർമത്തിനെതിരെ സാംസ്കാരിക ആക്രമണം നടത്തുകയാണ്. ഈ രാജ്യത്തിന്റെ ദൗർഭാഗ്യമാണിത്. 1947ൽ നമ്മുടെ ചില പൂർവികർ രാജ്യത്തെ മതപരമായി വിഭജിച്ചപ്പോൾ എല്ലാ മുസ്‍ലിംകളെയും പാകിസ്താനിലേക്ക് അയച്ചിരുന്നുവെങ്കിൽ ആർക്കും ഇത്തരം ചോദ്യങ്ങൾ ഉന്നയിക്കാനാകുമായിരുന്നില്ല’ -എന്നാണ് ബുധനാഴ്ച മാധ്യമങ്ങളോട് മന്ത്രി പറഞ്ഞത്.
നേരത്തെ തന്നെ മുസ്‍ലിം വിരുദ്ധ പ്രസ്താവനകൾക്ക് കുപ്രസിദ്ധനാണ് ഗിരിരാജ് സിങ്. ഒരു തവണ നവാഡയിൽ നിന്നും രണ്ടുതവണ ബെഗുസാരായിയിൽ നിന്നുമാണ് ഇദ്ദേഹം പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
“മുസ്‍ലിംകളെ ഇവിടെ ജീവിക്കാൻ അനുവദിച്ചതാണ് ഏറ്റവും വലിയ തെറ്റ്. മതത്തിന്റെ പേരിലാണ് രാജ്യം വിഭജിച്ചതെങ്കിൽ മുസ്‍ലിംകളെ ഇവിടെ തുടരാൻ അനുവദിച്ചത് എന്തുകൊണ്ടാണ്? അവരെ ഇവിടെ ജീവിക്കാൻ അനുവദിച്ചിരുന്നില്ലെങ്കിൽ ഈ സാഹചര്യം സൃഷ്ടിക്കപ്പെടുമായിരുന്നില്ല” -ആർ.എസ്.എസ് മുഖപത്രമായ ‘പാഞ്ചജന്യ’യിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ സിങ് പറയുന്നു.
അതിനിടെ, കഴിഞ്ഞ ദിവസം പശ്ചിമ ബംഗാൾ പ്രതിപക്ഷ നേതാവും ബി.ജെ.പി നേതാവുമായ സുവേന്ദു അധികാരിയും മുസ്‍ലിം വിരുദ്ധ പ്രാമർശം നടത്തിയിരുന്നു. കൊൽക്കത്തയിൽ നടന്ന പാർട്ടി യോഗത്തിലാണ് സബ് കാ സാത്ത്, സബ് കാ വികാസ് (എല്ലാവർക്കുമൊപ്പം എല്ലാവരുടെയും വികസനം) എന്ന മുദ്രാവാക്യം വലിച്ചെറിയാനും ബി.ജെ.പിയുടെ ന്യൂനപക്ഷ സെൽ ഇല്ലാതാക്കാനും അധികാരി ആഹ്വാനം ചെയ്തത്. “ഞാൻ പണ്ട് ദേശീയ മുസ്‍ലിമിനെ കുറിച്ച് പറയാറുണ്ട്. ഇനി ഞാനത് പറയില്ല. നിങ്ങൾ സബ് കാ സാത്ത് സബ് കാ വികാസിനെക്കുറിച്ച് സംസാരിച്ചു. അത് ഇനി ഒഴിവാക്കണം. പകരം ഞങ്ങൾക്കൊപ്പം ഉള്ളവരുടെ കൂടെ ഞങ്ങളുമുണ്ട് എന്നാക്കണം. ന്യൂനപക്ഷ സെല്ലിന്റെ ആവശ്യമില്ല’ -എന്നാണ് സുവേന്ദു പറഞ്ഞത്്.
ഈ വർഷം സംസ്ഥാനത്ത് നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലും കഴിഞ്ഞയാഴ്ച നടന്ന നാല് നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പിലും ബി.ജെ.പി മോശം പ്രകടനമാണ് കാഴ്ചവെച്ചത്. ഇതേതുടർന്നാണ് സുവേന്ദു ബംഗാളിലെ മുസ്‍ലിംകൾക്കെതിരെ തിരിഞ്ഞത്. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും ഭരണകക്ഷിയായ തൃണമൂലും ‘മുസ്‍ലിം പ്രദേശ്’ സ്ഥാപിക്കാനാണ് ശ്രമിക്കുന്നതെന്ന് സുവേന്ദു ആരോപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.