ബെഗുസരായ്(ബിഹാർ): ജനങ്ങളുടെ പരാതികളെ അവഗണിക്കുന്ന ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടേയും തലക്കിട്ടൊരു അടി കൊടുക്കണമെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. ശനിയാഴ്ച ബിഹാറിലെ ബെഗുസരായ് ലോക്സഭ മണ്ഡലത്തിൽ കാർഷിക സ്ഥാപനം സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര ക്ഷീര-മൃഗസംരക്ഷണ-മത്സ്യ വകുപ്പ് മന്ത്രിയാണ് ഗിരിരാജ് സിങ്.
ഉദ്യോഗസ്ഥർ തങ്ങളുടെ പരാതികളെയും ആശങ്കകളേയും പരിഗണിക്കുന്നില്ലെന്ന പരാതി സാധാരണക്കാരിൽനിന്ന് തനിക്ക് നിരന്തരം ലഭിക്കുന്നുവെന്ന് പറഞ്ഞ് തുടങ്ങിയ അദ്ദേഹം പിന്നീട് മുളവടികൊണ്ട് അത്തരക്കാരുടെ തലക്കടിക്കണമെന്ന് പറയുകയായിരുന്നു.
''ഞാൻ അവരോട്(തന്നോട് പരാതിപ്പെട്ട സാധാരണക്കാരോട്) പറഞ്ഞു, ഇത്തരം ചെറിയ കാര്യങ്ങൾക്കു വേണ്ടി എന്തിനാണ് നിങ്ങൾ എന്‍റടുത്ത് വരുന്നത്? എം.പിമാർ, എം.എൽ.എമാർ, വില്ലേജ് മുഖ്യൻമാർ, ഡി.എമ്മുമാർ, എസ്.ഡി.എമ്മുമാർ, ബി.ഡി.ഒകൾ...ഇവരെല്ലാം ജനങ്ങളെ സേവിക്കാൻ ബാധ്യസ്ഥരാണ്. അവർ നിങ്ങളെ കേൾക്കുന്നില്ലെങ്കിൽ, രണ്ട് കൈകൊണ്ടുമായി ഒരു മുളവടിയെടുക്കുക, അവരുടെ തലക്ക് ഒരടി കൊടുക്കുക.'' -മന്ത്രി പറഞ്ഞു.
ആളുകൾ കരഘോഷത്തോടെയാണ് മന്ത്രിയുെട പ്രസ്താവനയെ എതിരേറ്റത്.
അതേസമയം, കേന്ദ്ര മന്ത്രി ഗിരിരാജ് സിങ്ങിന്‍റെ പ്രസ്താവനയെ അക്ഷരാർഥത്തിലല്ല, ആലങ്കാരികമായാണ് എടുക്കേണ്ടതെന്ന് ബിഹാറിലെ പേരു വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു ബി.ജെ.പി നേതാവ് അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.