ന്യൂഡൽഹി: ട്വിറ്റർ പൂട്ടിക്കുമെന്നും ജീവനക്കാരുടെ വീടുകൾ റെയ്ഡ് ചെയ്യുമെന്നും ഇന്ത്യൻ സർക്കാർ ഭീഷണിപ്പെടുത്തിയെന്നുള്ള മുൻ സി.ഇ.ഒയുടെ വെളിപ്പെടുത്തൽ പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ. ട്വിറ്റർ മുൻ സി.ഇ.ഒ ജാക്ക് ഡോർസിയുടെ വെളിപ്പെടുത്തൽ പച്ചക്കള്ളമാണെന്ന് അദ്ദേഹം ട്വിറ്ററിൽ പറഞ്ഞു. ട്വിറ്ററിന്റെ ചരിത്രത്തിലെ സംശയാസ്പദമായ കാലഘട്ടത്തെ മറച്ചുവെക്കാനുള്ള ശ്രമമാണിതെന്നും അദ്ദേഹം വിമർശിച്ചു.
ഡോർസിയും സംഘവും നേതൃത്വം നൽകിയ സമയത്ത് ട്വിറ്റർ ഇന്ത്യൻ നിയമങ്ങൾ ആവർത്തിച്ച് ലംഘിച്ചിരുന്നെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 2021 ജനുവരിയിൽ പ്രതിഷേധം നടക്കുമ്പോൾ, ധാരാളം തെറ്റായ വിവരങ്ങളും വംശഹത്യയെക്കുറിച്ച് വരെ വ്യാജവാർത്തകളും വന്നു. വ്യാജവാർത്തകളുടെ അടിസ്ഥാനത്തിൽ സ്ഥിതിഗതികൾ കൂടുതൽ വഷളായേക്കുമെന്നതിനാൽ ഇത്തരം തെറ്റായ വിവരങ്ങൾ ട്വിറ്ററിൽനിന്ന് നീക്കം ചെയ്യാൻ ഇന്ത്യൻ സർക്കാർ ബാധ്യസ്ഥരായിരുന്നു.
ജാക്ക് ഡോർസി ട്വിറ്റർ മേധാവിയായിരുന്ന കാലത്ത് പക്ഷപാതപരമായിരുന്നു കാര്യങ്ങൾ. അമേരിക്കയിൽ സമാന സംഭവങ്ങൾ നടന്നപ്പോൾ അവർ അത് വേഗം ചെയ്തു, എന്നാൽ ഇന്ത്യയിൽ സമാന സാഹചര്യത്തിൽ ഉണ്ടായപ്പോൾ തെറ്റായ വിവരങ്ങൾ നീക്കംചെയ്യുന്നതിൽ അവർക്ക് പ്രശ്‌നമുണ്ടായി -രാജീവ് ചന്ദ്രശേഖർ കുറ്റപ്പെടുത്തി.
കർഷക പ്രക്ഷോഭം നടക്കവെ കേന്ദ്ര സർക്കാറിന്‍റെ ഭാഗത്തുനിന്നും സമ്മർദമുണ്ടായതായാണ് ട്വിറ്റർ മുൻ സി.ഇ.ഒ ജാക്ക് ഡോർസി വെളിപ്പെടുത്തിയത്. കർഷക പ്രക്ഷോഭം നടക്കുന്ന സമയത്ത് ഇതുമായി ബന്ധപ്പെട്ട ചില ട്വിറ്റർ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യണമെന്ന് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടു. ചെയ്തില്ലെങ്കിൽ ട്വിറ്റർ പൂട്ടിക്കുമെന്നും ജീവനക്കാരുടെ വീടുകൾ റെയ്ഡ് ചെയ്യുമെന്നും ഭീഷണിപ്പെടുത്തി. ആ സമയത്ത് സർക്കാർ വിരുദ്ധ നിലപാട് സ്വീകരിക്കുന്ന ചില മാധ്യമപ്രവർത്തകരുടെ അക്കൗണ്ടുകൾ നിർജീവമാക്കാനും സമ്മർദമുണ്ടായെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.
യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ, വിദേശ രാജ്യങ്ങളിൽ ട്വിറ്റർ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് വിശദീകരിക്കവെയാണ് ഇന്ത്യയിലെ അനുഭവം ജാക്ക് ഡോർസി വെളിപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.