ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കെതിരെ പ്രതിപക്ഷ പാർട്ടികളെ ഒരു കുടക്കീഴിൽ കൊണ്ടുവരാനുള്ള നീക്കങ്ങൾക്ക് ഗതിവേഗം. ബിഹാർ മുഖ്യമന്ത്രിയും ജനതദൾ-യു നേതാവുമായ നിതീഷ് കുമാറിനെ മുന്നിൽനിർത്തിയുള്ള ഐക്യശ്രമങ്ങൾക്ക് പിന്തുണ വാഗ്ദാനം ചെയ്ത് കൂടുതൽ പാർട്ടികൾ.
വിവിധ സംസ്ഥാനങ്ങളിൽ പ്രായോഗിക സഖ്യങ്ങൾ രൂപപ്പെടുത്തി ബി.ജെ.പിക്കെതിരെ സാധ്യമായ പരമാവധി സീറ്റുകളിൽ പൊതുസ്ഥാനാർഥിയെ നിർത്തുകയെന്ന ആശയത്തിലൂന്നിയാണ് ചർച്ചകൾ. തെരഞ്ഞെടുപ്പിനു മുമ്പ് ദേശീയ തലത്തിൽ പൊതുമുന്നണി അപ്രായോഗികമാണെന്ന വിലയിരുത്തലിലാണ് വിവിധ പാർട്ടികൾ.
ബിഹാറിലെ ഭരണകക്ഷി നേതാക്കളായ നിതീഷ് കുമാർ, തേജസ്വി യാദവ് എന്നിവർ വ്യാഴാഴ്ച സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സി.പി.ഐ ജനറൽ സെക്രട്ടറി ഡി. രാജ എന്നിവരെ കണ്ടു. കോൺഗ്രസ് നേതാക്കളായ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി എന്നിവരുമായി നടത്തിയ ചർച്ചകൾക്കു ശേഷം ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിനെയും നിതീഷ് നേരത്തെ കണ്ടിരുന്നു. ഇതിനു പിന്നാലെ എൻ.സി.പി നേതാവ് ശരദ് പവാറും ഐക്യ ചർച്ചകൾക്ക് മുന്നിട്ടിറങ്ങി. വ്യാഴാഴ്ച രാത്രി ഡൽഹിയിൽ എത്തിയ അദ്ദേഹം ഖാർഗെയുടെ വസതിയിലെത്തി. രാഹുലും ഉണ്ടായിരുന്നു.
കോൺഗ്രസ് നേതാക്കളും നിതീഷ് കുമാറും മറ്റു പാർട്ടി നേതാക്കളോട് സംസാരിക്കുന്നതിന് പ്ലാൻ രൂപപ്പെടുത്തിയിട്ടുണ്ട്. ആപ്പിനു പുറമെ, കോൺഗ്രസുമായി ചർച്ചക്ക് താല്പര്യമില്ലാത്ത തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജി, ബി.ആർ.എസ് നേതാവ് ചന്ദ്രശേഖര റാവു എന്നിവരുമായി നിതീഷ് സംസാരിക്കും. കുടുംബബന്ധു കൂടിയായ സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവുമായി ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ് ചർച്ച നടത്തും. എൻ.സി.പിക്കു പുറമെ, ശിവസേന, ഡി.എം.കെ, ഝാർഖണ്ഡ് മുക്തി മോർച്ച തുടങ്ങിയ കക്ഷികളുമായി കോൺഗ്രസ് നേതൃത്വം സംസാരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.