ലഖ്നോ: ഉത്തർപ്രദേശിൽ ഒമ്പത് നിയമസഭ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ആറു സീറ്റുകളിൽ ഭരണകക്ഷിയായ ബി.ജെ.പിയും മൂന്നു സീറ്റുകളിൽ ഇൻഡ്യ മുന്നണിയുടെ ഭാഗമായ എസ്.പിയും മുന്നിട്ടുനിൽക്കുന്നു.
ബി.ജെ.പിയും എസ്.പിയും നേരിട്ടാണ് മത്സരം. ബി.ജെ.പി സ്ഥാനാർഥികളായ രംവീർ സിങ് കുണ്ഡാർകി മണ്ഡലത്തിലും സഞ്ജീവ് ശർമ ഗാസിയാബാദ് മണ്ഡലത്തിലും ഖായിറിൽ സുരേന്ദർ ദിലെറും ശിശഹമുവിൽ സുരേഷ് അശ്വതിയും കത്തേഹരിയിൽ ധർമരാജ് നിഷാദും മാജ്ഹവാനിൽ തേദ് പ്രതാപ് സിങ്ങുമാണ് മുന്നേറുന്നത്.
കാർഹാലിൽ എസ്.പിയുടെ തേജ് പ്രതാപ് യാദവ് മുന്നിലാണ്. ബി.ജെ.പിയുടെ അനുജേഷ് പ്രതാപ് സിങ്ങാണ് രണ്ടാം സ്ഥാനത്ത്. എസ്.പി അധ്യക്ഷനും യു.പി മുൻ മുഖ്യമന്ത്രിയുംമായ അഖിലേഷ് യാദവിന്റെ അനന്തരവനാണ് തേജ് പ്രതാപ്. മെയിൻപുരി ലോക്‌സഭാ സീറ്റിന്റെ ഭാഗമായ കർഹാൽ എസ്.പിയുടെ ശക്തികേന്ദ്രമാണ്. 1993 മുതൽ എസ്.പിയുടെ കോട്ടയാണ് കർഹാൽ.
കനൗജിൽ നിന്ന് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് സിറ്റിങ് എം.എൽ.എയായിരുന്ന അഖിലേഷ് യാദവ് രാജിവെച്ചതിനെ തുടർന്നാണ് മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ഫുൽപുർ മണ്ഡലത്തിൽ എസ്.പിയുടെ മുഹമ്മദ് മുജ്തബ സിദ്ദീഖിയാണ് മുന്നിൽ. കഴിഞ്ഞ 20നാണ് ഒമ്പത് മണ്ഡലങ്ങളിലേക്കും ഉപതെരഞ്ഞെടുപ്പ് നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.