യു.പിയിൽ കടകൾക്ക് മുന്നിൽ ഉടമകളുടെ പേര് പ്രദർശിപ്പിക്കണമെന്ന് പൊലീസ്; മതം തിരിച്ചറിയാനുള്ള ശ്രമം ഹിറ്റ്ലറെ ഓർമിക്കുന്നുവെന്ന് ഉവൈസി

മുസഫർ നഗർ: ഉത്തർപ്രദേശിലെ മുസാഫർനഗർ ജില്ലയിൽ റസ്റ്റോറൻറുകൾ, പഴക്കടകൾ, ധാബകൾ എന്നിവ നടത്തുന്നവർ തങ്ങൾ ഏത് മതവിഭാഗത്തിൽപ്പെട്ടവരാണെന്ന് തിരിച്ചറിയാൻ കടകൾക്ക് മുന്നിൽ ഉടമകളുടെ പേര് പ്രദർശിപ്പിക്കണമെന്ന് പൊലീസ് നിർദേശം. കൻവാർ തീർഥാടന യാത്ര സമാധാനപരമായി നടത്തുക എന്നതാണ് ഇതിന്റെ ലക്ഷ്യമെന്ന് സീനിയർ പൊലീസ് സൂപ്രണ്ട് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

“മുസഫർനഗറിലൂടെയുള്ള കൻവാർ യാത്രാ റൂട്ട് ഏകദേശം 240 കിലോമീറ്റർ ദൂരമുണ്ട്. ആശയക്കുഴപ്പങ്ങളും ക്രമസമാധാന പ്രശ്‌നങ്ങളും ഉണ്ടാകാതിരിക്കാനാണ് പേരുകൾ പ്രദർശിപ്പിക്കാൻ എല്ലാ ഹോട്ടൽ, ധാബ ഉടമകൾക്കും പഴം വിൽക്കുന്നവർക്കും ഞങ്ങൾ നോട്ടീസ് അയച്ചത്’ -പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

കൻവാരിയാസ് എന്നറിയപ്പെടുന്ന ശിവഭക്തരുടെ വാർഷിക തീർത്ഥാടനമാണ് കൻവാർ യാത്ര. ഉത്തരാഖണ്ഡിലെ ഹരിദ്വാർ, ഗൗമുഖ്, ഗംഗോത്രി, ബീഹാറിലെ ഭഗൽപൂർ സുൽത്താൻഗഞ്ച്, അജ്ഗൈബിനാഥ് എന്നീ തീർത്ഥാടന കേന്ദ്രങ്ങളിലേക്കാണ് ഘോഷയാത്ര നടത്തുക. കഴിഞ്ഞ വർഷം കൻവാർ യാത്രയ്ക്കിടെ യഷ് വീർ മഹാരാജ് എന്ന സ്വാമി മുസ്‍ലിം സമുദായം തങ്ങളുടെ കടകൾക്കും റെസ്റ്റോറൻ്റുകൾക്കും ഹിന്ദു ദൈവങ്ങളുടെയും ദേവതകളുടെയും പേരുകൾ നൽകുന്നുണ്ടെന്നും ഈ വർഷം തീർഥാടകർക്ക് ‘ശരിയായ’ സ്ഥലത്ത് നിന്ന് ഭക്ഷണം കഴിക്കാനും വിശ്രമിക്കാനും കഴിയുന്ന തരത്തിൽ എല്ലാ ഭക്ഷണശാലകളും ഹോട്ടൽ സ്ഥാപനങ്ങളും അവരുടെ ഉടമകളുടെ പേരുകൾ പ്രദർശിപ്പിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

ഉത്തരവ് ഹിറ്റ്ലറുടെ ജർമനിയെ ഓർമിപ്പിക്കുന്നുവെന്ന് ഉവൈസി

മതപരമായ വേർത്തിരിവ് പ്രകടിപ്പിക്കാനുള്ള ഈ നീക്കം ഹിറ്റ്ലറുടെ ജർമ്മനിയെ ഓർമിപ്പിക്കുന്നതാണെന്ന് എ.ഐ.എം.ഐ.എം മേധാവി അസദുദ്ദീൻ ഉവൈസി പറഞ്ഞു. “ഉത്തർപ്രദേശ് പൊലീസിന്റെ ഉത്തരവനുസരിച്ച് ഓരോ ഭക്ഷണശാലയും വണ്ടി ഉടമയും തന്റെ പേര് ബോർഡിൽ ഇടേണ്ടിവരും. ഒരു കൻവാരിയയും മുസ്‍ലിം കടകളിൽനിന്ന് ഒന്നും വാങ്ങില്ല. ഇതിനെ ദക്ഷിണാഫ്രിക്കയിൽ വർണ്ണവിവേചനം എന്നും ഹിറ്റ്ലറുടെ ജർമ്മനിയിൽ 'ജൂഡൻബോയ്കോട്ട്' എന്നും വിളിച്ചിരുന്നു’ -എക്‌സ് പോസ്റ്റിൽ അദ്ദേഹം പറഞ്ഞു.

Tags:    
News Summary - UP: Hotels, restaurants, vendors asked to display names ahead of Kanwar Yatra

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.