ഒരു ഉപകാരവും ഇല്ലെങ്കിലും ഉപദ്രവമില്ലാതിരിക്കാനാണ് ഇത്തവണ ഉത്തർപ്രദേശിലെ മുസ്ലിംകളുടെ വോട്ട് എന്ന് റാംപുരിലെ തയ്യൽക്കാരനായ യുവാവ് ഐജാസ് പറഞ്ഞത് ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിലെ രണ്ടം ഘട്ടത്തിെൻറ മാത്രം മനോഗതമല്ല, ഈ തെരഞ്ഞെടുപ്പിലെ മുസ്ലിം സമുദായത്തിെൻറ കൂടി മനോഗതമാണ്. ആർക്കാണ് ഇക്കുറി വോട്ട് എന്ന് ചോദിച്ചപ്പോഴായിരുന്നു സഖ്യത്തിന് എന്ന് ഐജാസിെൻറ മറുപടി.
രാംപുരിലെ ഈ തയ്യൽക്കാരനെ പോലെയാണ് മുറാദാബാദിലെ കൂലിത്തൊഴിലാളിയായ യഅ്ഖൂബും ദയൂബന്ദിലെ കച്ചവടക്കാരനായ ഹാഫിസും നൽകുന്ന ഉത്തരം. ദയൂബന്ദ് അടക്കമുള്ള മുസ്ലിം മേധാവിത്വമുള്ള മണ്ഡലങ്ങളിലും എസ്.പിയുടെയും ആർ.എൽ.ഡിയുടെയും ഇതര സമുദായക്കാരായ സ്ഥാനാർഥികൾക്ക് ഭൂരിഭാഗം മുസ്ലിംകളും വോട്ടുചെയ്യുമെന്ന് പറയുന്നത് കോൺഗ്രസും ബി.എസ്.പിയും ഓൾ ഇന്ത്യ മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീനും നിർത്തിയ തങ്ങളുടെ സമുദായത്തിലെ സ്ഥാനാർഥികളെ ഒഴിവാക്കിയാണ്. അസദുദ്ദീൻ ഉവൈസി യു.പിയിൽ നടത്തുന്ന രാഷ്ട്രീയ പരീക്ഷണത്തിെൻറ ഭാവി നിർണയിക്കുന്ന ഘട്ടം കൂടിയാണിത്.
മുസ്ലിം സമുദായത്തിെൻറ പ്രശ്നങ്ങളും പ്രയാസങ്ങളും യോഗിക്കും അഖിലേഷിനും തെരഞ്ഞെടുപ്പ് പ്രശ്നങ്ങളല്ലെന്ന് യുവ വോട്ടറായ ഐജാസ് പറയുന്നു. യോഗി വന്നാൽ ഉപദ്രവവും കൂടിയാകും. ഉപകാരമില്ലേലും ഉപദ്രവമൊഴിവാക്കാനാണ് വോട്ടെന്ന് പറഞ്ഞത് അതുകൊണ്ടാണ്.
മുസ്ലിംവോട്ടുകൾ ഭിന്നിച്ച ബിഹാർ മോഡൽ അല്ല ഒന്നിച്ച ബംഗാൾ മോഡലാണ് യു.പി മുസ്ലിംകൾ ഇക്കുറി സ്വീകരിക്കുകയെന്ന് കൂടി ഓർമിപ്പിച്ച് തങ്ങളുടെ രാഷ്ട്രീയബോധത്തിന് ഐജാസ് അടിവരയിട്ടു.
മുമ്പെങ്ങുമില്ലാത്ത തരത്തിൽ മുസ്ലിം വോട്ടർമാർ നൽകുന്ന അഭൂതപൂർവമായ ഈ പിന്തുണയിൽ ജാട്ട് - മുസ്ലിം വോട്ടുകളിലൂടെ ഒന്നാം ഘട്ടത്തിൽ എസ്.പി കൈവരിച്ച മേൽക്കൈ രണ്ടാം ഘട്ടത്തിൽ നിലനിർത്താമെന്ന ആത്മവിശ്വാസത്തിലാണ് സമാജ്വാദി പാർട്ടി - ആർ.എൽ.ഡി സഖ്യം. ഇതുവരെ യു.പിയിൽ നടന്ന തെരഞ്ഞെടുപ്പുകളിൽനിന്ന് വ്യത്യസ്തമാണ് ഇക്കുറി വോട്ട് സമാജ്വാദി പാർട്ടിക്കാണെന്നുള്ള ബഹുഭൂരിപക്ഷം മുസ്ലിംകളുടെയും തുറന്നുപറച്ചിൽ.
ജാട്ടുകൾക്കുള്ളിൽ മുസ്ലിം വിരോധമുണ്ടാക്കി വോട്ടാക്കാനാണ് ഒന്നാം ഘട്ടത്തിൽ ബി.ജെ.പി ശ്രമിച്ചതെങ്കിൽ മുസ്ലിംകൾക്കിടയിലെ ചില സാമൂഹിക വിഭാഗങ്ങളെ പിടിച്ച് വോട്ടു ഭിന്നിപ്പിക്കുകയാണ് അവർ നിർണായകമായ രണ്ടാം ഘട്ടത്തിൽ. കോൺഗ്രസും ബി.എസ്.പിയും ഉവൈസിയും നിർത്തിയ മുസ്ലിം സ്ഥാനാർഥികളെ ബി.ജെ.പി സഹായിക്കുന്നുണ്ടെന്ന് ഈ മണ്ഡലങ്ങളിലെ വോട്ടർമാർ പറയുന്നു. സാധാരണഗതിയിൽ ആർക്കാണ് വോട്ടെന്ന് ചോദിച്ചാൽ തെരഞ്ഞെടുപ്പ് തലേന്ന് ചിത്രം തെളിയുമ്പോഴേ പറയാനാവൂ എന്ന അനിശ്ചിതത്വത്തിെൻറ മറുപടി ആണ് യു.പിയിലെ മുസ്ലിം വോട്ടർമാരിൽനിന്ന് ലഭിക്കാറുള്ളത്. അതവർ പറയുന്നത് നേരുമാണ്.
വിവിധ പാർട്ടികളുടേതായി നിരവധി മുസ്ലിം സ്ഥാനാർഥികൾ ഒരേ മണ്ഡലത്തിലുണ്ടാകുന്നതിനാൽ ബി.ജെ.പിയെ തോൽപിക്കാൻ ഏതു സ്ഥാനാർഥിക്ക് വോട്ടുചെയ്യണമെന്നറിയാൻ പോലും തെരഞ്ഞെടുപ്പ് തലേന്നു വരെ കാത്തിരിക്കണം. ഈ അനിശ്ചിതത്വം പരമാവധി മുതലെടുത്ത് വ്യത്യസ്ത സ്ഥാനാർഥികളുടെ പ്രചാരണത്തിന് ബി.ജെ.പി സഹായം ചെയ്യുന്നതും പരസ്യമാണ്.
മുറാദാബാദ് ജില്ലയിലെ 52 ശതമാനം മുസ്ലിംകളുള്ള മണ്ഡലമാണ് മുറാദാബാദ് നഗർ. ഈ മണ്ഡലത്തിൽ ജയസാധ്യതയുള്ള സ്ഥാനാർഥിയെ കേവലം 3000ൽ താഴെ വോട്ടിന് തോൽപിച്ച് ബി.ജെ.പി മണ്ഡലം പിടിച്ചെടുത്തത് മറ്റൊരു മുസ്ലിം സ്ഥാനാർഥിയുടെ പെട്ടിയിലേക്ക് പരമാവധി വോട്ടുകളെത്തിക്കാനുള്ള സഹായം ചെയ്താണ്. ജില്ലയിലെ ആകെ അഞ്ച് മണ്ഡലങ്ങളിൽ മൂന്നും സംഭലിലെയും ബിജ്നോറിലെയും മുസ്ലിം നിർണായകമണ്ഡലങ്ങളും ബി.ജെ.പി പിടിച്ചു. അവിടെയെല്ലാം ഇക്കുറി മുസ്ലിംവോട്ടർമാരിൽ ബഹുഭൂരിഭാഗവും എസ്.പിക്കൊപ്പമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.