ബലാത്സംഗം ചെയ്ത പ്രതിയെ വിവാഹം ചെയ്യണം; പൊലീസിനെതിരെ ഗുരുതര ആരോപണവുമായി പെൺകുട്ടിയുടെ കുടുംബം

ലഖ്നോ: 19കാരിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ പരാതി നൽകാൻ സ്റ്റേഷനിലെത്തിയ കുടുംബത്തോട് പ്രതിക്ക് പെൺകുട്ടിയെ വിവാഹം ചെയ്ത് നൽകാൻ പൊലീസ് നിർബന്ധിച്ചതായി ആരോപണം. പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ കഴിഞ്ഞ ദിവസം സാജിദ് അലി (35) യെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

2024 മാർച്ച് പത്തിന് ഉത്തർപ്രദേശിലാണ് കേസിനാസ്പദമായ സംഭവം. പരാതിയുമായി എത്തിയ കുടുംബത്തോട് പെൺകുട്ടിയെ പ്രതിക്ക് വിവാഹം ചെയ്ത് നൽകാൻ ആവശ്യപ്പെട്ടു എന്നാണ് ആരോപണം. ഒന്നിലധികം തവണ പ്രതി യുവതിയെ ബലാത്സംഗത്തിന് ഇരയാക്കിയതായി പരാതിയിൽ പറയുന്നു. സംഭവ സമയം പെൺകുട്ടി വീട്ടിൽ തനിച്ചായിരുന്നു. പ്രതി ആക്രമണം ഫോണിൽ ചിത്രീകരിച്ചിരുന്നതായും പരാതിയിൽ പറയുന്നു. യുവതി ഗർഭിണിയാണെന്ന് പറഞ്ഞായിരുന്നു പൊലീസ് വിവാഹം നടത്തികൊടുക്കണമെന്ന ആവശ്യം ഉന്നയിച്ചതെന്ന് കുടുംബം പറഞ്ഞു.

പ്രതി ഫോണിൽ ചിത്രീകരിച്ച വിഡിയോ ഉപയോഗിച്ച് പെൺകുട്ടിയെ ബ്ലാക്ക് മെയിൽ ചെയ്തിരുന്നു. വിഡിയോ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതിനാൽ സംഭവം പെൺകുട്ടി പുറത്ത് പറഞ്ഞിരുന്നില്ല. വിഡിയോ കാണിച്ച് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യുന്നത് പ്രതി തുടരുകയായിരുന്നു.

ശാരീരിക മാറ്റങ്ങൾ കണ്ടപ്പോഴാണ് പെൺകുട്ടി പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് മാതാപിതാക്കൾ മനസിലാക്കിയതെന്ന് പൊലീസ് പറഞ്ഞു. പെൺകുട്ടി ഗർഭിണിയാണെന്നും പൊലീസ് പറഞ്ഞു.

2024 സെപ്റ്റംബർ 20 നാണ് പെൺകുട്ടിയുടെ കുടുംബം പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തിയത്. തുടർന്ന് പ്രതി അലിയും പെൺകുട്ടിയും തമ്മിലുള്ള വിവാഹത്തിന് സമ്മതിക്കാൻ പൊലീസ് കുടുംബത്തോട് ആവശ്യപ്പെടുകയായിരുന്നു. ശരിയായ അന്വേഷണം നടത്താതെയാണ് പൊലീസ് ഇത്തരമൊരു നിർദേശം മുന്നോട്ട് വെച്ചതെന്ന് പെൺകുട്ടി പറഞ്ഞു. പ്രതി നേരത്തെ വിവാഹിതനായിരുന്നു എന്ന വിവരം പരാതി നൽകി ഒരു മാസത്തിന് ശേഷമാണ് പെൺകുട്ടിയുടെ കുടുംബം അറിയുന്നത്.

നവംബർ 26ന് പെൺകുട്ടി പ്രസവിക്കുകയും തുടർന്ന് നവജാത ശിശു മരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തുടർന്ന് മാനസികവും ശാരീരികവുമായ തളർന്ന പെൺകുട്ടി ജനുവരി മൂന്നിന് അലിക്കെതിരെ നടപടി ആവശ്യപ്പെട്ട് രേഖാമൂലം പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തു. തുടർന്ന് യുവതിയുടെ മൊഴി രേഖപ്പെടുത്തി വൈദ്യപരിശോധന നടത്തിയതായി പൊലീസ് അറിയിച്ചു.

Tags:    
News Summary - up-woman-raped-family-claims-police-urged-marriage-to-accused-due-to-pregnancy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.