ന്യൂയോർക്ക്: അദാനി ഗ്രൂപ്പിന്റെ പിന്തുണയുള്ള ശ്രീലങ്കൻ തുറമുഖത്തിന്റെ വികസനത്തിന് 500 മില്യൺ ഡോളറിലധികം വായ്പ നൽകാൻ സമ്മതിച്ച യു.എസ് ഏജൻസി, ഗൗതം അദാനിക്കും മറ്റ് ഉന്നത ഉദ്യോഗസ്ഥർക്കുമെതിരായ കൈക്കൂലി ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ പദ്ധതിയെക്കുറിച്ച് ജാഗ്രത പുലർത്തുന്നതായി ധനകാര്യ മാധ്യമ സ്ഥാപനമായ ബ്ലൂംബെർഗ് ന്യൂസ് റിപ്പോർട്ട് ചെയ്തു.
യു.എസ് ഏജൻസിയായ യു.എസ് ഇന്‍റർനാഷണൽ ഡെവലപ്‌മെന്‍റ് ഫിനാൻസ് കോർപ്പറേഷൻ വായ്പ സംബന്ധിച്ച് അന്തിമ കരാറിൽ എത്തിയിട്ടില്ലെന്ന് ഏജൻസിയിലെ ഒരു ഉദ്യോഗസ്ഥൻ ബ്ലൂംബെർഗിന് അയച്ച ഇ-മെയിലിൽ അറിയിച്ചതായാണ് റിപ്പോർട്ട്. ഏതെങ്കിലും വായ്പാ വിതരണത്തിനുമുമ്പ് പ്രോജക്ടിന്‍റെ എല്ലാ വശങ്ങളിലും തങ്ങളുടെ കർശനമായ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ജാഗ്രതയോടെ തുടരുകയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ, യു.എസ്. ഇന്‍റർനാഷണൽ ഡെവലപ്‌മെന്‍റ് ഫിനാൻസ് കോർപ്പറേഷനും അദാനി ഗ്രൂപ്പും ഇതു സംബന്ധിച്ച് പ്രതികരിച്ചിട്ടില്ല.
ശ്രീലങ്കയുടെ തലസ്ഥാനമായ കൊളംബോയിലെ തുറമുഖ ടെർമിനൽ പദ്ധതിക്ക് 553 മില്യൺ ഡോളർ ധനസഹായം നൽകുമെന്ന് കഴിഞ്ഞ നവംബറിൽ ഏജൻസി അറിയിച്ചിരുന്നു. ഇന്ത്യയിൽനിന്നുള്ള അദാനി ഗ്രൂപ്പിനാണ് പദ്ധതിയുടെ ഭാഗിക ഉടമസ്ഥത.
20 വർഷത്തിനുള്ളിൽ 200കോടി ഡോളർ ലാഭമുണ്ടാക്കുന്ന കരാറുകൾ നേടുന്നതിനും ഇന്ത്യയിലെ ഏറ്റവും വലിയ സൗരോർജ്ജ പദ്ധതി വികസിപ്പിക്കുന്നതിനും ഇന്ത്യൻ സർക്കാർ ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകാൻ സമ്മതിച്ചതിന് അദാനിക്കും മറ്റ് ഏഴ് പേർക്കുമെതിരെ യു.എസ് നീതിന്യായ വകുപ്പ് കുറ്റം ചുമത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.