ചെന്നൈ: ബി.ജെ.പിയുടെ വേല്‍ യാത്ര പ്രചരണത്തിനായി തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി എം.ജി.ആറിന്‍റെ ഫോട്ടോ ഉപയോഗിച്ചതിനെതിരെ പ്രതിഷേധവുമായി എ.ഐ.എ.ഡി.എം.കെ. മറ്റൊരു പാർട്ടിക്കും ധാർമികമായി എം.ജി.ആറിന്‍റെ ചിത്രം ഉപയോഗിക്കാൻ അവകാശമില്ലെന്നും മന്ത്രിയും എ.ഐ.എ.ഡി.എം.കെ നേതാവുമായ ഡി. ജയകുമാർ പറഞ്ഞു.
അവര്‍ക്ക് സ്വന്തമായി നേതാക്കള്‍ ഇല്ലേ? പിന്നെന്തിനാണ് ഞങ്ങളുടെ നേതാവിന്‍റ ചിത്രമുപയോഗിക്കുന്നത്. എം.ജി.ആര്‍ ഞങ്ങളുടെ മാത്രം നേതാവാണ്. എ.ഐ.എ.ഡി.എം.കെ സ്ഥാപിച്ച നേതാവാണ് അദ്ദേഹം. പാര്‍ട്ടിയെ വിജയത്തിലേക്കെത്തിച്ച മനുഷ്യനാണ് എം.ജി.ആര്‍. അദ്ദേഹത്തിന്റെ ചിത്രമുപയോഗിക്കാന്‍ മറ്റൊരു പാര്‍ട്ടിക്കും അധികാരമില്ല- ജയകുമാര്‍ പറഞ്ഞു.
വേല്‍ യാത്രയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ബി.ജെ.പി പുറത്തിറക്കിയ മ്യൂസിക് വീഡിയോയിലാണ് എം.ജി.ആറിന്‍റെ ചിത്രം പ്രത്യക്ഷപ്പെട്ടത്. ഇതിൽ ഹംസമായാണ് മോദി പരാമർശിക്കപ്പെടുന്നത്. എം.ജി.ആർ എന്ന പൊൻമനചെമ്മാളിന്‍റെ ഹംസമായാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയ പരാമർശിക്കുന്നത്. ഇതിനെതിരെയാണ് അണ്ണാഡി.എം.കെ രംഗത്തെത്തിയത്.
തമിഴ്‌നാട്ടില്‍ നവംബര്‍ ആറ് മുതലാണ് ബി.ജെ.പി വേല്‍ യാത്ര സംഘടിപ്പിക്കാനൊരുങ്ങുന്നത്. വേല്‍ യാത്രയുടെ ഭാഗമായി സംസ്ഥാനത്തെ പ്രമുഖ മുരുക ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കാനുള്ള പരിപാടിക്ക് സംസ്ഥാന ബി.ജെ.പി അധ്യക്ഷന്‍ എല്‍ മുരുകന്‍ നേതൃത്വം നല്‍കും.
സംസ്ഥാനത്തെ ഹിന്ദുവോട്ടുകൽ, പ്രത്യേകിച്ച് പിന്നാക്ക സമുദായങ്ങളില്‍ നിന്നുള്ള മുരുക ഭക്തരാണ് യാത്രയുടെ പ്രധാന ലക്ഷ്യം. പരിപാടിയുടെ ഭാഗമായി ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ സംസ്ഥാനം സന്ദര്‍ശിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടിയില്‍ ഒതുങ്ങാന്‍ കഴിയാത്ത ജീവിതമായിരുന്നു എം.ജി.ആറിന്‍റെതെന്നും അതിനാലാണ് അദ്ദേഹത്തിന്‍റെ ചിത്രമുപയോഗിച്ചതെന്നുമാണ് ബി.ജെ.പിയുടെ അഭിപ്രായം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.