ന്യൂഡൽഹി: കേന്ദ്രസർക്കാറിെൻറ വാക്സിൻ വിതരണ നയത്തെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി ഇടപെട്ടതിനു പിന്നാലെ, തിരുത്തൽ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 18 കഴിഞ്ഞ എല്ലാവർക്കും സൗജന്യ വാക്സിൻ നൽകും. ഇതിനായി കേന്ദ്രസർക്കാർ സംഭരിച്ച് സംസ്ഥാനങ്ങൾക്ക് സൗജന്യമായി ലഭ്യമാക്കും. തിങ്കളാഴ്ച വൈകീട്ട് രാഷ്ട്രത്തെ അഭിസംേബാധന ചെയ്തുകൊണ്ടാണ് പ്രധാനമന്ത്രി നയംമാറ്റം പ്രഖ്യാപിച്ചത്.
-18 കഴിഞ്ഞവർക്കുള്ള സൗജന്യ വാക്സിൻ ജൂൺ 21 മുതൽ സംസ്ഥാനങ്ങൾക്ക് നൽകിത്തുടങ്ങും. 25 ശതമാനം വാക്സിൻ, സംസ്ഥാനങ്ങൾ കമ്പനികളിൽനിന്ന് നേരിട്ട് വാങ്ങണമെന്ന വ്യവസ്ഥ മാറ്റി 75 ശതമാനവും കേന്ദ്രം സംഭരിച്ച് വിതരണം ചെയ്യും.
-ബാക്കി 25 ശതമാനം സ്വകാര്യ ആശുപത്രികൾക്ക് തുടർന്നും കമ്പനികളിൽനിന്ന് നേരിട്ട് വാങ്ങാം. വാക്സിൻ വിലയും 150 രൂപ സർവിസ് ചാർജും ആശുപത്രികൾക്ക് ഈടാക്കാം.
-മറ്റു രാജ്യങ്ങളിൽനിന്നുള്ള വാക്സിൻ സംഭരണം വേഗത്തിലാക്കും. ആഭ്യന്തര വാക്സിൻ ലഭ്യത വരുംദിവസങ്ങളിൽ വർധിക്കും. ഏഴു കമ്പനികൾ രാജ്യത്ത് വാക്സിനുകൾ നിർമിക്കുന്നുണ്ട്. മൂന്നു വാക്സിനുകളുടെ പരീക്ഷണങ്ങൾ വിവിധ ഘട്ടങ്ങളിലായി പുരോഗമിക്കുന്നു.
-കുട്ടികൾക്ക് പ്രത്യേകമായി നൽകാവുന്ന രണ്ട് വാക്സിനുകളുടെ പരീക്ഷണവും നടക്കുന്നുണ്ട്. മൂക്കിൽ സ്പ്രേചെയ്യാൻ കഴിയുന്ന വാക്സിൻ വികസിപ്പിക്കുന്നതിനുള്ള ഗവേഷണം തുടരുന്നുണ്ട്. അത് വിജയിച്ചാൽ വാക്സിനേഷനിൽ വലിയ മുന്നേറ്റമാകും.
-നേരത്തെ സംസ്ഥാനങ്ങളുടെ താൽപര്യപ്രകാരമാണ് വാക്സിൻ സംഭരണ, വിതരണ ചുമതല വിട്ടുകൊടുത്തതെന്ന് പ്രധാനമന്ത്രി വിശദീകരിച്ചു. പിന്നീട് കേന്ദ്രം വാക്സിൻ വാങ്ങി നൽകുന്നതാണ് നല്ലതെന്നായി അഭിപ്രായം.
-അതനുസരിച്ചാണ് പുതിയ ക്രമീകരണങ്ങൾ. രാജ്യത്ത് 23 കോടി ഡോസ് വാക്സിൻ ഇതിനകം നൽകിക്കഴിഞ്ഞതായും മോദി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.