ന്യൂഡൽഹി: രാജ്യത്തെ റെയിൽവേ ഗതാഗതത്തിന് കൂടുതൽ വേഗതയും കാര്യക്ഷമതയും കൈവരിക്കുകയെന്ന ലക്ഷ്യത്തോടെ സ്ലീപ്പർ വിഭാഗത്തിലും വന്ദേഭാരത് ട്രെയിനുകൾ വരുന്നു. സ്ലീപ്പർ വിഭാഗത്തിൽ 200 ട്രെയിനുകളുടെ നിർമാണത്തിനും 35 വർഷത്തെ പരിപാലനത്തിനും 58,000 കോടിയുടെ കരാർ നൽകാനുള്ള നടപടി ആരംഭിച്ചു.
പദ്ധതിയുടെ ലേലത്തിൽ പൊതുമേഖല സ്ഥാപനമായ ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡ് (ഭെൽ) ഉൾപ്പെടെ അഞ്ച് സ്ഥാപനങ്ങൾ പങ്കെടുക്കും. ടിറ്റഗാഡ് വാഗൺസുമായി ചേർന്നുള്ള കൺസോർട്യമായാണ് ഭെൽ ലേലത്തിലുള്ളത്. ഫ്രഞ്ച് റെയിൽ സ്ഥാപനമായ അൽസ്റ്റോം, സ്വിസ് കമ്പനി സ്റ്റാഡ്‍ലർ റെയിലും ഹൈദരാബാദ് കേന്ദ്രമായ മീഡിയോ സെർവോ ഡ്രൈവ്സും ചേർന്നുള്ള മേധ-സ്റ്റാഡ്‍ലർ കൺസോർട്യം, ബെമൽ- സീമൻസ് കൺസോർട്യം, റഷ്യൻ സ്ഥാപനമായ ട്രാൻസ്മാഷ് ഹോൾഡിങ് എന്നിവയാണ് ലേലത്തിൽ പങ്കെടുക്കുന്ന മറ്റ് സ്ഥാപനങ്ങൾ. 200 ട്രെയിനുകളുടെ നിർമാണത്തിന് 26000 കോടി രൂപയും 35 വർഷത്തെ പരിപാലനത്തിന് 32000 കോടി രൂപയും അടക്കമാണ് 58000 കോടിയുടെ പദ്ധതി. അപേക്ഷകരുടെ സാങ്കേതിക ശേഷി ഇന്ത്യൻ റെയിൽവേ വിലയിരുത്തി വരുകയാണ്. കരാർ ലഭിക്കുന്ന സ്ഥാപനം 24 മാസത്തിനുള്ളിൽ വന്ദേഭാരത് സ്ലീപ്പർ ട്രെയിനിന്റെ ആദ്യ മാതൃക സമർപ്പിക്കണം.
2024 വർഷത്തെ ആദ്യ പാദത്തിൽ വന്ദേഭാരത് സ്ലീപ്പർ സർവിസ് ആരംഭിക്കുകയാണ് ലക്ഷ്യം. ഇതുവരെ 102 വന്ദേഭാരത് ട്രെയിനുകളുടെ നിർമാണത്തിനാണ് റെയിൽവേ കരാർ നൽകിയത്. ഇവയെല്ലാം ചെയർ കാറാണ്. സ്ലീപ്പർ വന്ദേഭാരത് ട്രെയിനുകൾ ഒരു രാത്രികൊണ്ട് എത്താവുന്ന ന്യൂഡൽഹി-പട്ന, ന്യൂഡൽഹി-ലഖ്നോ തുടങ്ങിയ റൂട്ടുകളിൽ സർവിസ് നടത്തുകയാണ് ലക്ഷ്യമിടുന്നത്.
2019ലാണ് രാജ്യത്ത് ആദ്യമായി അർധ അതിവേഗ സർവിസുകളായ വന്ദേഭാരത് ട്രെയിനുകൾ ഓടിത്തുടങ്ങിയത്. ന്യൂഡൽഹി- വാരാണസി റൂട്ടിലായിരുന്നു ആദ്യ സർവിസ്. മണിക്കൂറിൽ 130 കിലോമീറ്ററാണ് വേഗത. 2026ഓടെ വന്ദേഭാരത് ട്രെയിനുകൾ ദക്ഷിണാഫ്രിക്ക, യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലേക്ക് കയറ്റുമതി ചെയ്യാനും റെയിൽവേ മന്ത്രാലയം ശ്രമിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.