ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിത താമസിച്ചിരുന്ന വേദനിലയം സ്മാരക മന്ദിരമാക്കില്ലെന്നും കുടുംബ വസതിയായി നിലനിർത്തുമെന്നും ദീപജയകുമാർ. ഹൈകോടതിവിധിയോട് പ്രതികരിക്കുകയായിരുന്നു അവർ. പോയസ്ഗാർഡൻ വസതി സ്മാരകമാക്കാനുള്ള സർക്കാറിെൻറ നീക്കത്തെ തുടക്കം മുതലെ താൻ എതിർത്തിരുന്നു. സ്മാരകമാക്കാനുള്ള സർക്കാർ തീരുമാനം അനാവശ്യവും പൊതുപണ ധൂർത്താണെന്നും കോടതി അഭിപ്രായപ്പെട്ടതും ദീപ ചൂണ്ടിക്കാട്ടി.
വേദനിലയത്തിെൻറ ഒരു ഭാഗം സ്മാരകവും ബാക്കിയുള്ള കെട്ടിടം തമിഴ്നാട് മുഖ്യമന്ത്രിയുടെ ഒൗദ്യോഗിക വസതിയാക്കാമെന്ന കോടതി നിർദേശം അംഗീകരിക്കാനാവില്ലെന്നും ദീപ വ്യക്തമാക്കി. ഇപ്പോഴത്തെ അണ്ണാ ഡി.എം.കെ സർക്കാർ എപ്പോഴും നിലനിൽക്കുമെന്ന് പറയാനാവില്ല. മറ്റൊരു സർക്കാറിെൻറ മുഖ്യമന്ത്രി ഇവിടെയിരുന്ന് ജോലി ചെയ്യുമെന്ന് എന്ത് ഉറപ്പാണുള്ളതെന്നും ദീപ ചോദിച്ചു. പ്രത്യേക സാഹചര്യത്തിൽ കുടുംബാംഗങ്ങളുടെ കൈവശംവെക്കാനാണ് തീരുമാനമെന്നും അവർ പറഞ്ഞു.
ഇപ്പോഴത്തെ അണ്ണാ ഡി.എം.കെ സർക്കാറിനെ അധികാരത്തിലേറ്റിയത് ജയലളിതയായിരുന്നു. എന്നാൽ അവരുടെ കുടുംബാംഗങ്ങളോട് പാർട്ടി ആദരവ് കാണിച്ചില്ല. ജയലളിതയുടെ പിന്തുടർച്ചവകാശി ആരാണെന്ന ചോദ്യത്തിന് ഹൈകോടതിവിധി അവസാനം കുറിച്ചിരിക്കുന്നതായും ദീപ പ്രസ്താവിച്ചു. മൂന്നുവർഷത്തെ നിയമയുദ്ധത്തിനുശേഷം ജയലളിതയുടെ ജ്യേഷ്ഠെൻറ മക്കളായ ദീപ, ദീപക് എന്നിവരാണെന്നും ജയലളിതയുടെ മുഴുവൻ സ്വത്തുക്കളുടെയും ഉടമസ്ഥാവകാശം ഹിന്ദു പിന്തുടർച്ചാവകാശനിയമ പ്രകാരം ഇവർക്കായിരിക്കുമെന്നും മദ്രാസ് ഹൈകോടതി ബുധനാഴ്ച വിധിച്ചിരുന്നു.
മദ്രാസ് ഹൈകോടതിയുടെ കണക്കനുസരിച്ച് ജയലളിതയുടെ സ്വത്തുവകകളുടെ മതിപ്പ് 884 കോടി രൂപയാണ്. കോടനാട് എസ്റ്റേറ്റ് ഉൾപ്പെടെ മിക്ക സ്വത്തുവകകളിലും ജയലളിതയുടെ തോഴി വി.കെ.ശശികലക്കും പങ്കുണ്ട്. ഇത് മറ്റൊരു നിയമപോരാട്ടത്തിന് വഴിയൊരുങ്ങുമെന്നും സൂചനയുണ്ട്.
അവിഹിത സ്വത്ത് സമ്പാദന കേസിൽ ബംഗളൂരു ജയിലിൽ കഴിയുന്ന ശശികല മാസങ്ങൾക്കകം ശിക്ഷാകാലാവധി പൂർത്തിയാക്കി പുറത്തിറങ്ങാനിരിക്കയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.