ചെന്നൈ: ജനകീയ പ്രക്ഷോഭത്തെത്തുടർന്ന് അടച്ചുപൂട്ടിയ തൂത്തുക്കുടി സ്റ്റെർലൈറ്റ് കോപ്പർ സ്മെൽറ്റർ പ്ലാന്റ് വിൽക്കാൻ ഉടമകളായ വേദാന്ത ഗ്രൂപ് നീക്കം. ഇതുമായി ബന്ധപ്പെട്ട് വേദാന്ത പരസ്യം നൽകി. പ്ലാന്റ് വാങ്ങാൻ താൽപര്യമുള്ളവർ ജൂലൈ നാലിനകം അപേക്ഷ സമർപ്പിക്കണം. പ്രതിവർഷം നാലുലക്ഷം ടൺ ശേഷിയുള്ള സ്റ്റെർലൈറ്റിന്റെ ചെമ്പ് സംസ്കരണ യൂനിറ്റിനുപുറമെ സൾഫ്യൂറിക്, ഫോസ്ഫറിക് ആസിഡ് പ്ലാന്റുകൾ, 160 മെഗാവാട്ട് കാപ്റ്റിവ് തെർമൽ പവർ പ്ലാന്റ്, ഓക്സിജൻ പ്ലാന്റ്, റെസിഡൻഷ്യൽ കോളനി എന്നിവയും വിൽപനക്ക് വെച്ചിട്ടുണ്ട്.
രാജ്യത്തെ ചെമ്പിന്റെ ആവശ്യത്തിന്റെ 40 ശതമാനം സ്റ്റെർലൈറ്റണ് ഉൽപാദിപ്പിച്ചിരുന്നത്. തൂത്തുക്കുടി തുറമുഖ വരുമാനത്തിന്റെ 12 ശതമാനവും തമിഴ്നാടിന്റെ സൾഫ്യൂറിക് ആസിഡ് ആവശ്യകതയുടെ 95 ശതമാനവും സ്റ്റെർലൈറ്റ് കമ്പനിയിൽനിന്നായിരുന്നു. 5,000 പേർക്ക് നേരിട്ടും 25,000 പേർക്ക് പരോക്ഷമായും തൊഴിലവസരങ്ങൾ ലഭ്യമാക്കി. 2018 മേയ് 22ന് പരിസ്ഥിതി- ആരോഗ്യ പ്രശ്നങ്ങളുന്നയിച്ച് നടന്ന ജനകീയ കലക്ടറേറ്റ് മാർച്ച് പൊലീസ് വെടിവെപ്പിൽ കലാശിച്ചിരുന്നു.
സംഭവത്തിൽ 13 പേർ കൊല്ലപ്പെടുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തു. തുടർന്ന് മേയ് 24ന് തമിഴ്നാട് മലിനീകരണ നിയന്ത്രണ ബോർഡ് കമ്പനി പൂട്ടി മുദ്രവെച്ചു. കമ്പനിയുടെ ലൈസൻസ് റദ്ദാക്കിയ തമിഴ്നാട് സർക്കാർ വൈദ്യുതി കണക്ഷനും വിച്ഛേദിച്ചു. നാലു വർഷമായി സ്ഥാപനം അടഞ്ഞുകിടക്കുകയാണ്. പ്ലാന്റ് അടച്ചുപൂട്ടാനുള്ള തമിഴ്നാട് മലിനീകരണ നിയന്ത്രണ ബോർഡിന്റെ തീരുമാനത്തെ ശരിവെച്ച മദ്രാസ് ഹൈകോടതി ഉത്തരവിനെതിരെ വേദാന്ത അപ്പീൽ നൽകിയതിനെത്തുടർന്ന് കേസ് നിലവിൽ സുപ്രീം കോടതിയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.