ബംഗളൂരു: കർണാടകയിലെ മാണ്ഡ്യ ജില്ലയിൽ ജാമിയ പള്ളിക്ക് പുറത്ത് ഹനുമാൻ ചാലിസ ചൊല്ലുമെന്ന ഹിന്ദു സംഘടനകളുടെ വെല്ലുവിളിയെ തുടർന്ന് പള്ളിയുടെ പരിസരത്ത് സുരക്ഷ ശക്തമാക്കി.
തർക്കത്തിലുള്ള പള്ളിയുടെ ഒരു കിലോമീറ്റർ ചുറ്റളവിൽ ഹനുമാൻ ചാലിസ ചൊല്ലുമെന്ന് വിശ്വഹിന്ദു പരിഷത്ത് (വി.എ.ച്ച്.പി), ബജ്‌റംഗ് ദൾ എന്നീ സംഘനകൾ വെല്ലുവിളിച്ചിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിൽ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കാൻ പള്ളിക്ക് സമീപം പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.
പള്ളിക്ക് പുറത്ത് പൊലീസ് ബാരിക്കേഡുകൾ സ്ഥാപിച്ചു. ക്രമസമാധാന പാലനം ഉറപ്പ് വരുത്താൻ സുരക്ഷസേനയെയും പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. വിഷയത്തിൽ ജാഗ്രത പാലിക്കണമെന്ന് കർണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര നിർദേശിച്ചതിനെ തുടർന്ന് പ്രദേശത്ത് നിരോധനാജ്ഞ നിലവിലുണ്ട്.
ജാമിയ പള്ളിയുമായി ബന്ധപ്പെട്ടുള്ള സത്യാവസ്ഥ പുറത്ത് കൊണ്ടുവരാൻ ഗ്യാൻവാപി പള്ളിയുടെ മാതൃകയിൽ സർവേ നടത്തണമെന്നാവശ്യപ്പെട്ട് വി.എച്ച്.പിയും ബജ്‌റംഗ് ദളും മെയ് 20ന് മാണ്ഡ്യ ജില്ല കമീഷണറെ സമീപിച്ചിരുന്നു. പള്ളി നിലനിൽക്കുന്ന സ്ഥലത്ത് മുമ്പ് ഹനുമാൻ ക്ഷേത്രമുണ്ടായിരുന്നെന്നും ഇത് പൊളിച്ചാണ് പള്ളി പണിതതെന്നും സംഘടനകൾ അവകാശപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.