മുംബൈ: ഉന്നത സൈനികരും സന്യാസിമാരും പ്രതികളായ 2008 ലെ മാലേഗാവ് സ്ഫോടനക്കേസിൽ വാദം കേൾക്കുന്ന പ്രത്യേക ജഡ്ജി പി.ആർ. സിത്രെയെ സ്ഥലംമാറ്റരുതെന്ന് ആവശ്യപ്പെട്ട് ബോംബെ ഹൈകോടതി ചീഫ് ജസ്റ്റിസിന് സ്ഫോടനക്കേസ് ഇരകളുടെ കത്ത്. ഈ വർഷത്തെ ജഡ്ജിമാരുടെ പൊതു സ്ഥലംമാറ്റത്തിൽ പി.ആർ. സിത്രെയെ അഹമദ് നഗർ ജില്ല കോടതിയിലേക്ക് മാറ്റിയിരുന്നു. ഇതോടെയാണ് കേസിൽ വിധി പറയുംവരെ സിത്രെയുടെ സ്ഥലംമാറ്റം തടയണമെന്ന് ഇരകൾ കത്തെഴുതിയത്.
2015 ൽ വിചാരണ തുടങ്ങിയ കേസിൽ മൂന്നാമത്തെ ജഡ്ജിയാണ് സിത്രെ. നൂറോളം സാക്ഷികളെ വിസ്തരിച്ചിട്ടുണ്ട്. ആയിരം പേജ് വീതം ദൈർഘ്യമുള്ള മഹാരാഷ്ട്ര എ.ടി.എസ് സമർപ്പിച്ച കുറ്റപത്രവും പിന്നീട് കേസ് ഏറ്റെടുത്ത എൻ.ഐ.എ നൽകിയ അനുബന്ധ കുറ്റപത്രങ്ങളുമാണ് കേസിലുള്ളത്. പുതിയ ജഡ്ജി വരുന്നതോടെ കേസ് പഠിക്കാൻ കൂടുതൽ സമയമെടുക്കുമെന്നും നീതി നീളുമെന്നുമാണ് ഇരകളുടെ വാദം. ലഫ്. കേണൽ പ്രസാദ് പുരോഹിത്, ഭോപാൽ ബി.ജെ.പി എം.പി പ്രജ്ഞസിങ് ഠാകൂർ തുടങ്ങിയവരാണ് കേസിലെ പ്രതികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.