ലണ്ടൻ: തന്നെ ഇന്ത്യക്ക് വിട്ടുനൽകാൻ ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി അനുമതി നൽകിയ തിനെതിരെ അപ്പീൽ നൽകാൻ മദ്യവ്യവസായി വിജയ് മല്യക്ക് ബ്രിട്ടീഷ് ഹൈകോടതി അനുമതി നൽകി. 9000 കോടിയുടെ വായ്പയെടുത്ത് തിരിച്ചടക്കാതെ മുങ്ങിയ കേസിൽ മല്യയെ ഇന്ത്യക്ക് വിട്ടുനൽകാൻ ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറിയും കീഴ്കോടതിയും നേരത്തെ അനുമതി നൽകിയിരുന്നു. ഇതിനെതിരെ അപ്പീൽ നൽകാൻ അനുമതി തേടിയാണ് മല്യ ഹൈകോടതിയെ സമീപിച്ചിരുന്നത്.
ജസ്റ്റിസുമാരായ ജോർജ് ലെഗ്ഗാറ്റും ആൻഡ്രൂ പോപ്പ്ൾവെല്ലുമാണ് വാദം കേട്ട ശേഷമാണ് അപ്പീലിന് അനുമതി നൽകിയത്. ഉപാധികളോടെയാണ് കോടതിയുടെ അനുമതി. നേരത്തേ കീഴ്കോടതി നടത്തിയ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ മാത്രമേ അപ്പീൽ നൽകാനാവൂ. കൂടാതെ അപ്പീലിെൻറ കരടുരൂപം ഹൈകോടതിയിൽ സമർപ്പിക്കുകയും വേണം.
ക്ലെയർ മോണ്ട്ഗോമറിയാണ് മല്യക്കു വേണ്ടി ഹാജരായത്. മല്യയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെടുന്ന ഇന്ത്യയുടേയോ വിട്ടുനൽകാൻ അനുമതി നൽകിയ ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറിയുടേയോ പ്രതിനിധികൾ കോടതിയിൽ ഹാജരല്ലെന്നും അതിനാൽ അപ്പീൽ അനുമതി സ്ഥാപിച്ചെടുക്കേണ്ടത് തെൻറ കക്ഷിയുടെ മാത്രം ഉത്തരവാദിത്തമായി മാറിയെന്നും മോണ്ട്ഗോമറി കോടതിയിൽ പറഞ്ഞു. ഇന്ത്യയുടെ ലണ്ടൻ ഹൈകമീഷൻ പ്രതിനിധികൾ കേസ് നടപടികൾ വീക്ഷിക്കാൻമാത്രം കോടതിയിൽ ഹാജരായിരുന്നു.
മകൻ സിദ്ധാർഥ്, പങ്കാളി പിങ്കി ലൽവാനി എന്നിവർക്കൊപ്പമാണ് മല്യ കോടതിയിൽ എത്തിയത്. കഴിഞ്ഞ വർഷം വെസ്റ്റ്മിൻസ്റ്റർ കോടതിയിൽ ജഡ്ജി എമ്മ അർബുത് നോട്ടിനുമുന്നിൽ ഉന്നയിച്ച വാദങ്ങൾ തന്നെയാണ് മല്യയുടെ അഭിഭാഷക ആവർത്തിച്ചത്. മല്യയെ ഇന്ത്യക്ക് കൈമാറാൻ കീഴ്കോടതി നൽകിയ ഉത്തരവ് ശുദ്ധ അസംബന്ധമായിരുന്നുവെന്ന് അവർ കോടതിയിൽ പറഞ്ഞു. വാദത്തിനായി കോടതിയിലെത്തിയ മല്യ കേസിെൻറ കാര്യത്തിൽ തനിക്ക് ശുഭാപ്തിയുണ്ടെന്ന് പ്രതികരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.