ആപ്പിൾപ്പെട്ടിയിലും വിജിൻ വർഗീസ് ലഹരികടത്തി; 502കോടിയുടെ കൊക്കൈൻ പിടികൂടി

മുംബൈ: 1476 കോടിയുടെ എം.ഡി.എം.എയും കൊക്കെയ്നും കടത്തിയ കേസിൽ പിടിയിലായ മലയാളി വിജിൻ വർഗീസിന്‍റെ പേരിൽ വന്ന 502 കോടിയുടെ കൊക്കൈൻ ഡി.ആർ.ഐ പിടിച്ചെടുത്തു. ദ‍ക്ഷിണാഫ്രിക്കയിൽ നിന്ന് ഗ്രീൻ ആപ്പിളുമായി ഇന്ത്യയിലെത്തിയ കണ്ടെയ്നറിൽ നിന്നാണ് 50.2 കിലോഗ്രാം കൊക്കൈൻ ഡയറക്ടേറ്റ് ഓഫ് റവന്യൂ ഇന്‍റലിജൻസ് (ഡി.ആർ.ഐ) പിടികൂടിയത്. വിപണിയിൽ 502കോടി വില വരുന്ന കൊക്കൈനാണ് പിടികൂടിയത്.

 പഴം ഇറക്കുമതിയുടെ മറവിൽ ലഹരി വസ്തുക്കൾ കടത്തിയ കേസിൽ അറസ്റ്റിലായ എറണാകുളം കാലടി സ്വദേശി വിജിൻ വർഗീസിന്‍റെ ഉടമസ്ഥതയിലുള്ള യെമിറ്റോ ഫുഡ്സ് ഇന്‍റർനാഷണലാണ് ചരക്ക് ഓർഡർ ചെയ്തതെന്ന് അധികൃതർ അറിയിച്ചു. സംഭവത്തിൽ കസ്റ്റഡിയിലുള്ള വിജിൻ വർഗീസിന്‍റെ അറസ്റ്റ് ഡി.ആർ.ഐ രണ്ടാമതും രേഖപ്പെടുത്തി.

ദക്ഷിണാഫ്രിക്കയിൽ നിന്നും ഒക്ടോബർ അഞ്ചിനാണ് ചരക്കുമായി കണ്ടെയ്നർ ജവഹർലാൽ നെഹറു പോർട്ടിലെത്തിയത്. തുടർന്ന് വെള്ളിയാഴ്ച ഡി.ആർ.ഐ നടത്തിയ പരിശോധനയിൽ ആപ്പിൾപ്പെട്ടികൾക്കിടയിൽ ഒളിപ്പിച്ച നിലയിൽ 50 കിലോഗ്രാം കൊക്കൈൻ കണ്ടെത്തുകയായിരുന്നു.


കഴിഞ്ഞ ഞായറാഴ്ച ഓറഞ്ചുകൾക്കിടയിൽ ഒളിപ്പിച്ച 1476 കോടിയുടെ എം.ഡി.എം.എയും കൊക്കെയ്നും മുംബൈ തുറമുഖം വഴി കടത്തുന്നതിനിടെ ഡി.ആർ.ഐ പിടിച്ചെടുത്തിരുന്നു. വിജിന്‍ വര്‍ഗീസിന്റെ ഉടമസ്ഥതയിലുള്ള യമിറ്റോ ഫുഡ്‌സ് ഇന്റര്‍നാഷണല്‍ എന്ന കമ്പനിയുടെ പേരിലാണ് ലഹരി വസ്തുക്കൾ എത്തിയത്. തുടർന്ന് വിജിന്‍ വര്‍ഗീസിനെ ഡി.ആർ.ഐ കസ്റ്റഡിയിലെടുത്തു. രാജ്യത്തെ ഏറ്റവും വലിയ ലഹരിവേട്ടകളിൽ ഒന്നാണ് ഇതെന്ന് ഡി.ആർ.ഐ പറയുന്നു. വിജിനൊപ്പം മന്‍സൂര്‍ തച്ചാംപറമ്പില്‍ എന്നയാള്‍ക്കും ലഹരിക്കടത്തില്‍ ബന്ധമുണ്ടെന്ന് സംശയിക്കുന്നതായി അന്വേഷണ ഏജൻസികൾ അറിയിച്ചു.

 

Tags:    
News Summary - vijin varghese arrested agian; DRI seized 50.2 kilograms of Cocaine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.