ന്യൂഡൽഹി: ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തുണ്ടായ വിഷവാതക ദുരന്തത്തിൽ, ബഹുരാഷ്ട്ര കമ്പനിയായ എൽ.ജി പോളിമേഴ്സ് 50 കോടി രൂപ ഇടക്കാല നഷ്ടപരിഹാരമായി കെട്ടിവെക്കണമെന്ന് ദേശീയ ഹരിത ട്രൈബ്യൂണലിെൻറ നോട്ടീസ്.
വിശാഖപട്ടണം ജില്ല മജിസ്ട്രേറ്റിെൻറ പക്കൽ തുക കെട്ടിവെക്കാനാണ് ട്രൈബ്യൂണൽ െചയർപേഴ്സൻ ജസ്റ്റിസ് ആദർശ് കുമാർ ഗോയൽ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടത്.
രാസവസ്തു കൈകാര്യം ചെയ്തതിൽ വീഴ്ചയുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ട്രൈബ്യൂണൽ അന്വേഷണത്തിന് അഞ്ചംഗ കമ്മിറ്റിയെയും നിയോഗിച്ചു. ദുരന്തസ്ഥലം സന്ദർശിച്ച് കമ്മിറ്റി, ചോർച്ചയുടെ കാരണം, കമ്പനിയുടെ വീഴ്ച, നാശനഷ്ടം തുടങ്ങിയവ വിലയിരുത്തി 18നകം റിപ്പോർട്ട് നൽകും.
കേന്ദ്ര സർക്കാർ, കേന്ദ്ര പരിസ്ഥിതി മന്ത്രാലയം, ആന്ധ്രാപ്രദേശ് മലിനീകരണ നിയന്ത്രണ ബോർഡ് എന്നിവർക്കും വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസയച്ചു.
അപകടകരമായ രാസവസ്തുക്കളുടെ ഉൽപാദനവും ശേഖരണവുമായും ബന്ധപ്പെട്ട നിയമമനുസരിച്ച് സ്റ്റൈറീൻ മാരക രാസവസ്തുവാണെന്ന് ട്രൈബ്യൂണൽ ചൂണ്ടിക്കാട്ടി.
അതുകൊണ്ടുതന്നെ, പ്ലാൻറിൽ ഇത് കൈകാര്യം ചെയ്തതിൽ വീഴ്ചയുണ്ടായി. ഇത്രയും അളവിൽ വിഷവാതകം ചോർന്ന് 12 പേർ മരിക്കുകയും ജനങ്ങളുടെ ആരോഗ്യത്തിനും പരിസ്ഥിതിക്കും വൻ നാശമുണ്ടാക്കുകയും ചെയ്തത് കമ്പനിയുടെ വീഴ്ചയാണെന്നും നഷ്ടത്തിന് അവർ പരിഹാരം ചെയ്യണമെന്നും ട്രൈബ്യൂണൽ വ്യക്തമാക്കി.
വ്യാഴാഴ്ച പുലർച്ച 2.30ന് ആർ.ആർ. വെങ്കടപുരം ഗ്രാമത്തിലെ ഫാക്ടറിയിലാണ് ചോർച്ചയുണ്ടായത്.
ആയിരത്തിലേറെ പേർ ദുരന്തബാധിതരായി. സമീപ ഗ്രാമങ്ങളിലേക്കുപോലും വിഷവാതകം പടർന്ന് കൃഷിക്കും വളർത്തുമൃഗങ്ങൾക്കും വൻ നാശമുണ്ടായി. ദക്ഷിണ കൊറിയൻ ബഹുരാഷ്ട്ര കമ്പനിയായ എൽ.ജി പോളിമേഴ്സിേൻറതാണ് വിശാഖപട്ടണത്തെ ഫാക്ടറി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.