കൊൽക്കത്ത: ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിന്‍റെ മൃഗീയ ഭൂരിപക്ഷത്തിൽ അമർശം രേഖപ്പെടുത്തി ബി.ജെ.പി എം.പി ബബുൾ സുപ്രിയോ. തെരഞ്ഞെടുപ്പ് വിജയത്തിൽ അഭിനന്ദിക്കുന്നതിന് പകരം കടുത്ത പ്രതികരണമായിരുന്നു ബബുൾ സുപ്രിയോ രേഖപ്പെടുത്തിയത്.
ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം. ബംഗാളിലെ ജനത 'ചരിത്രപരമായ തെറ്റ്' ആവർത്തിച്ചുവെന്ന് പറഞ്ഞ അദ്ദേഹം തൃണമൂൽ നേതാവ് മമത ബാനർജിയെ 'ക്രൂരയായ സ്ത്രീ'യെന്ന് വിശേഷിപ്പിക്കുകയും ചെയ്തു.
'മമത ബാനർജിയെ ഞാൻ അഭിനന്ദിക്കില്ല. ജനങ്ങളുടെ വിധിയെ മാനിക്കുന്നുവെന്ന് പറയാൻ ആഗ്രഹമില്ല. ബി.ജെ.പിക്ക് അവസരം നൽകാതിരുന്ന ബംഗാളിലെ ജനങ്ങൾ ചരിത്രപരമായ തെറ്റ് ചെയ്തുവെന്ന് വിശ്വസിക്കുന്നു. അഴിമതിക്കാരെയും കഴിവില്ലാത്തവരെയും ആത്മാർഥതയില്ലാത്ത സർക്കാറിനെയും തെരഞ്ഞെടുത്ത് ക്രൂരയായ സ്ത്രീയെ വീണ്ടും അധികാരത്തിലെത്തിച്ചു. നിയമപാലകനായ ഒരു പൗരനെന്ന നിലയിൽ ജനാധിപത്യ രാജ്യത്ത് ജനങ്ങൾ എടുക്കുന്ന തീരുമാനത്തെ അനുസരിക്കും. അത്രമാത്രം. കൂടുതലും ഇല്ല, കുറവും ഇല്ല' -ബബുൾ സുപ്രിയോ പറഞ്ഞു. വിവാദമായതോടെ ബബുൾ സുപ്രിയോ പോസ്റ്റ് പിൻവലിക്കുകയും ചെയ്തു.
ബംഗാളിലെ വിജയത്തിൽ മമത ബാനർജിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കം രംഗത്തെത്തിയിരുന്നു. ബംഗാളിന് കേന്ദ്രത്തിന്‍റെ പിന്തുണ ഇനിയും തുടരുമെന്നായിരുന്നു മോദിയുടെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.