കൊല്‍ക്കത്ത: യുവ വനിത ഡോക്ടർ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട കൊല്‍ക്കത്തയിലെ ആര്‍.ജി കര്‍ മെഡിക്കല്‍ കോളജിലെ മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിന്റെ ഡോക്ടര്‍ രജിസ്‌ട്രേഷന്‍ റദ്ദാക്കി.
കേസിൽ സി.ബി.ഐ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് പശ്ചിമ ബംഗാള്‍ മെഡിക്കല്‍ കൗണ്‍സിലിൽ രജിസ്ട്രേഷൻ റദ്ദാക്കിയത്. കേസുമായി ബന്ധപ്പെട്ട് സന്ദീപിനെ സി.ബി.ഐ അറസ്റ്റ് ചെയ്തിരുന്നു. സി.ബി.ഐ കസ്റ്റഡിയില്‍ തുടരുന്ന ഘോഷിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കണമെന്ന് ഡോക്ടര്‍മാരുടെ സംഘടനയായ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ (ഐ.എം.എ) ബംഗാള്‍ ഘടകം ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് സെപ്റ്റംബര്‍ ഏഴിന് പശ്ചിമ ബംഗാള്‍ മെഡിക്കല്‍ കൗണ്‍സില്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി.
ഘോഷ് നോട്ടീസിനോട് പ്രതികരിച്ചിരുന്നില്ല. തുടര്‍ന്നാണ് നടപടി. പശ്ചിമ ബംഗാൾ മെഡിക്കൽ കൗൺസിലിന്‍റെ രജിസ്റ്റേർഡ് ഡോക്ടർമാരുടെ പട്ടികയിൽനിന്ന് സന്ദീപ് ഘോഷിന്‍റെ പേര് നീക്കിയതായി ബന്ധപ്പെട്ടവർ അറിയിച്ചു. രജിസ്‌ട്രേഷന്‍ റദ്ദാക്കിയതോടെ സന്ദീപ് ഡോക്ടറല്ലാതായി. 1914ലെ ബംഗാള്‍ മെഡിക്കല്‍ ആക്ടിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് പശ്ചിമ ബംഗാള്‍ മെഡിക്കല്‍ കൗണ്‍സില്‍ അദ്ദേഹത്തിനെതിരെ നടപടിയെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.