ന്യൂഡൽഹി: നുണപരിശോധനക്ക് തയാറാകണമെന്ന, ലൈംഗികപീഡന കേസിലെ പ്രതിയും ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബി.ജെ.പി എം.പിയുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിന്റെ വെല്ലുവിളി ഏറ്റെടുത്ത് പ്രക്ഷോഭരംഗത്തുള്ള ഗുസ്തി താരങ്ങൾ.
തിങ്കളാഴ്ച വാർത്തസമ്മേളനം വിളിച്ച് വെല്ലുവിളി ഏറ്റെടുത്ത ഗുസ്തി താരങ്ങൾ, നുണ പരിശോധന സുപ്രീംകോടതി മേൽനോട്ടത്തിൽ ആയിരിക്കണമെന്നും തത്സമയം സംപ്രേഷണം നടത്തണമെന്നും വ്യക്തമാക്കി. അദ്ദേഹത്തോട് എന്ത് ചോദ്യമാണ് ചോദിക്കുന്നതെന്ന് അറിയണമല്ലോ.
നുണ പരിശോധനക്ക് തങ്ങൾ മാത്രമല്ല, പരാതിക്കാർ മുഴുവനും തയാറാണെന്നും ഒളിമ്പിക് ഗുസ്തിതാരം ബജ്റങ് പുനിയ പറഞ്ഞു. ‘‘നിരപരാധിത്വം തെളിയിക്കാൻ ഞാൻ നാർകോ പരിശോധനക്കും നുണപരിശോധനക്കും തയാറാണ്. എന്നാൽ, സമരം നടത്തുന്ന വിനേഷ് ഫോഗട്ടും ബജ്റങ് പൂനിയയും എന്നോടൊപ്പം നുണപരിശോധനക്ക് വിധേയരാകണം. ഇവർ പരിശോധനക്ക് തയാറാണെങ്കിൽ അത് മാധ്യമങ്ങളെ വിളിച്ചറിയിക്കുക.
എങ്കിൽ ഞാനും പരിശോധനക്ക് തയാറാണ്’’ എന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റിലൂടെ ബ്രിജ് ഭൂഷണിന്റെ വെല്ലുവിളി. ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യാൻ സംയുക്ത കിസാൻ മോർച്ചയും ഖാപ് പഞ്ചായത്തുകളും ഉൾപ്പെടുന്ന സമര സമിതി കേന്ദ്രത്തിന് നൽകിയ സമയപരിധി ഞായറാഴ്ച അവസാനിച്ചിരുന്നു.
അറസ്റ്റ് നടക്കാത്തതിനാൽ സമരത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സമരസമിതി തീരുമാനിച്ചു. ചൊവ്വാഴ്ച ജന്തർമന്തറിൽനിന്ന് ഇന്ത്യ ഗേറ്റിലേക്ക് മെഴുകുതിരി മാർച്ച് നടത്തും. പുതിയ പാർലമെന്റ് മന്ദിരം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്ന ദിവസമായ മേയ് 28ന് ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തെ പിന്തുണക്കുന്ന വനിതകൾ പാർലമെന്റ് മന്ദിരത്തിനുമുന്നിൽ പ്രതിഷേധിക്കാനാണ് തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.