ന്യൂഡൽഹി: തങ്ങളുടെ പള്ളികൾക്കും മദ്രസകൾക്കും സർക്കാർ സഹായമൊന്നും ആവശ്യമില്ലെന്നും മദ്രസകളുടെ ഒരു സർക്കാർ ബോർഡ് അഫിലിയേഷനും സ്വീകാര്യമല്ലെന്നും ജംഇയ്യത്ത് ഉലമായെ ഹിന്ദ് നേതാവ് മൗലാന അർഷദ് മദനി.
ഞായറാഴ്ച ദുയൂന്ദിലെ ദാറുൽ ഉലൂം ദുയൂബന്ദിൽ നടന്ന കുൽ ഹിന്ദ് റാബ്തയെ മദാരിസ് ഇസ്ലാമിയയുടെ യോഗത്തിൽ, മദ്രസകൾ അക്രമത്തെ പ്രോത്സാഹിപ്പിക്കുകയും മുസ്ലീങ്ങൾക്കല്ലാതെ മറ്റാർക്കും ജീവിക്കാനുള്ള അവകാശം നൽകരുതെന്ന് പഠിപ്പിക്കുകയും ചെയ്യുന്നു എന്ന ആരോപണത്തിനെതിരെ മദനി തുറന്നടിച്ചു. "നിങ്ങൾക്ക് ഏത് സമയത്തും ഏത് മദ്രസയും സന്ദർശിക്കാം. മതഗ്രന്ഥങ്ങളും പഠിതാക്കളും അല്ലാതെ മറ്റൊന്നും നിങ്ങൾക്ക് കണ്ടെത്താൻ കഴിയില്ല" -അദ്ദേഹം പറഞ്ഞു.
ആധുനിക വിദ്യാഭ്യാസത്തിന് തങ്ങൾ എതിരല്ലെന്നും തങ്ങളുടെ കുട്ടികൾ പഠനത്തിൽ മികവ് പുലർത്തണമെന്നും എഞ്ചിനീയർ, ശാസ്ത്രജ്ഞൻ, അഭിഭാഷകൻ, ഡോക്ടർ ആവണമെന്നും മത്സര പരീക്ഷകളിൽ ആവേശത്തോടെ പങ്കെടുത്ത് വിജയം നേടണമെന്നും ആഗ്രഹിക്കുന്നു. എന്നാൽ അതോടൊപ്പം മതം മനസ്സിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മികച്ച മതപണ്ഡിതരുടെ ആവശ്യം മദ്രസകളിലൂടെ മാത്രമേ നിറവേറ്റാനാവൂ -അദ്ദേഹം പറഞ്ഞു.
സ്വാതന്ത്ര്യ സമരത്തിൽ മദ്രസകളുടെ, പ്രത്യേകിച്ച് ദാറുൽ ഉലൂമിന്റെ പങ്കിനെയും അതിന്റെ സ്ഥാപനത്തിന്റെ ലക്ഷ്യങ്ങളെയും കുറിച്ച് അദ്ദേഹം വിശദീകരിച്ചു. "ദാറുൽ ഉലൂം സ്ഥാപിക്കുന്നതിന്റെ ലക്ഷ്യം വിദ്യാഭ്യാസം മാത്രമല്ല, ഇന്ത്യയുടെ സ്വാതന്ത്ര്യവും കൂടിയായിരുന്നു. സ്വാതന്ത്ര്യലബ്ധിക്ക് ശേഷം, ഉലമകൾ രാഷ്ട്രീയത്തിൽ നിന്ന് പൂർണ്ണമായും വേർപിരിഞ്ഞു. അവരുടെ പ്രവർത്തനങ്ങൾ രാജ്യസേവനത്തിനായി മാത്രം നിലനിർത്തി'' -മദനി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.