കൊൽക്കത്ത: നാരദ ഒളികാമറ ഓപറേഷനുമായി ബന്ധപ്പെട്ട കൈക്കൂലി കേസിൽ തൃണമൂൽ കോൺഗ്രസ് മന്ത്രിമാരെയും ഒരു എം.എൽ.എയെയും കൊൽക്കത്ത മുൻ മേയറെയും സി.ബി.ഐ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ബംഗാൾ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ മമത ക്യാമ്പിനിട്ട് കൊട്ടിയ കേന്ദ്രത്തിന്‍റെ നീക്കം തങ്ങൾക്ക് കനത്ത തിരിച്ചടിയാകുമെന്നാണ് സംസ്ഥാനത്തെ ബി.ജെ.പി നേതൃത്വത്തിന്‍റെ വിലയിരുത്തൽ. സംസ്ഥാന ഏജൻസികളെ ഉപയോഗിച്ച് മമത ശക്തമായി തിരിച്ചടിക്കുമെന്നാണ് ബംഗാൾ ബി.ജെ.പി ഭയപ്പെടുന്നത്.
'ബി.ജെ.പിയുടെ പ്രതികാര രാഷ്ട്രീയത്തിന്റെ ഭാഗമായാണ് സി.ബി.ഐ അറസ്റ്റെന്ന് ടി.എം.സിയുടെ മുതിർന്ന നേതാക്കൾ അടക്കം വിശദീകരിക്കുന്നത്. ഭരണകക്ഷി അതിന്‍റെ സംവിധാനങ്ങൾ ഉപയോഗിച്ച് നമുക്കെതിരെ തിരിച്ചടിക്കാൻ ശ്രമിക്കുമെന്നുറപ്പ്' -സംസ്ഥാനത്തെ മുതിർന്ന നേതാവ് പറഞ്ഞതായി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.
നിസാം പാലസിൽ നേതാക്കൻമാരുടെ അറസ്റ്റിൽ പ്രതിഷേധിച്ച തൃണമൂൽ പ്രവർത്തകർ സുരക്ഷ ഉദ്യോഗസ്ഥർക്ക് നേരെ കല്ലെറിഞ്ഞിരുന്നു. ഇന്നുണ്ടായ സംഭവങ്ങളെ കുറിച്ച് ഞങ്ങൾ രാഷ്ട്രീയമായി പ്രതികരിക്കാനില്ലെന്നായിരുന്നു ബി.ജെ.പിയുടെ ബംഗാൾ ഘടകം വക്താവ് ശമിക് ഭട്ടാചാര്യ പറഞ്ഞത്. ബി.ജെ.പി നേതാക്കൾക്കെതിരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരധി കേസുകൾ രജിസ്റ്റർ ചെയ്തതായാണ് വിവരം.
'നമ്മുടെ സംസ്ഥാന അധ്യക്ഷൻ ദിലീപ് ഘോഷ്, അർജുൻ സിങ് എം.പി, യൂത്ത് വിങ് നേതാവ് ശങ്കു പാണ്ട, മുതിർന്ന നേതാക്കളായ സയന്തൻ ബസു, സുവേന്ദു അധികാരി, രാജു ബാനർജി എന്നിവർക്കെതിരെ നിരവധി കേസുകൾ നിലവിലുണ്ട്. ഞങ്ങൾക്കെതിരെ സംസ്ഥാന സർക്കാർ നടപടിയെടുക്കുമെന്ന് ഭയക്കുന്നു'-മുതിർന്ന ബി.ജെ.പി നേതാവ് പറഞ്ഞു.
തിങ്കളാഴ്ച രാവിലെയാണ് നാരദ കൈക്കൂലി ഒളിക്യാമറ കേസിൽ രണ്ട് മന്ത്രിമാർ ഉൾപ്പെടെ നാല് തൃണമൂൽ നേതാക്കളെ സി.ബി.ഐ അറസ്റ്റ് ചെയ്തത്. 2014ലാണ് നാരദ ന്യൂസ് പോർട്ടലിന് വേണ്ടി മാത്യു സാമുവേൽ ഒളിക്യാമറ ഓപ്പറേഷൻ നടത്തിയത്. ബംഗാളിൽ നിക്ഷേപം നടത്താനെത്തിയ കമ്പനിയുടെ പ്രതിനിധികളായി ചമഞ്ഞ മാധ്യമപ്രവർത്തകനിൽ നിന്ന് തൃണമൂൽ നേതാക്കൾ കൈക്കൂലി വാങ്ങുകയായിരുന്നു. 12 തൃണമൂൽ മന്ത്രിമാരും നേതാക്കളും ഒരു ഐ.പി.എസ് ഉദ്യോഗസ്ഥനും കേസിലുൾപ്പെടും. 2017ൽ കൊൽക്കത്ത ഹൈക്കോടതിയാണ് കേസിൽ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടത്.
എന്നാൽ തൃണമൂലിൽ നിന്ന് ബി.ജെ.പിയിലെത്തിയ സുവേന്ദു അധികാരിയുടെയും മുകുൾ റോയിയുടെയും പേരുകൾ കുറ്റപത്രത്തിൽ ഇല്ല എന്നത് നിഗൂഢമാണെന്ന് മാത്യു സാമുവേൽ ആരോപിച്ചിരുന്നു. ഒരേ തെളിവുകളുടെ അടിസ്ഥാനത്തിൽ ചിലരെ അറസ്റ്റ് ചെയ്യുന്നതും ചിലരെ അറസ്റ്റ് ചെയ്യാത്തതും ഞെട്ടിക്കുന്നതാണെന്നും മാത്യു സാമുവേൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.