കൊൽക്കത്ത: പശ്ചിമ ബംഗാളിൽ പെട്രോളിനും ഡീസലിനും ലിറ്ററിന് ഒരു രൂപ വീതം നികുതി കുറച്ചു. ഇന്ധനവില കുതിച്ചുയരുേമ്പാൾ ജനങ്ങൾക്ക് നേരിയ ആശ്വാസം നൽകുന്നതിനാണ് നടപടിയെന്ന് സംസ്ഥാന ധനമന്ത്രി അമിത് മിത്ര പറഞ്ഞു. ഇന്ന് അർധരാത്രി മുതൽ വിലക്കുറവ് ബാധകമാകുമെന്ന് അദ്ദേഹം പറഞ്ഞു.
'ഒരു ലിറ്റർ പെട്രോളിന്മേൽ 32.90 രൂപയാണ് കേന്ദ്രത്തിന് നികുതിയായി കിട്ടുന്നത്. സംസ്ഥാനത്തിന് 18.46 രൂപയും. ഡീസൽ ലിറ്ററിന്മേൽ കേന്ദ്രത്തിന് 31.80 രൂപ കിട്ടുേമ്പാൾ സംസ്ഥാനത്തിന് 12.77 രൂപയും ലഭിക്കുന്നു. ഇന്ധനവിലയിൽ കേന്ദ്രം ചുമത്തുന്ന സെസ് ഫെഡറൽ തത്ത്വങ്ങൾെക്കതിരാണ്'' -മിത്ര പറഞ്ഞു.
അതേസമയം, സംസ്ഥാന ഖജനാവ് രൂക്ഷമായ പ്രതിസന്ധി നേരിടുകയാണെന്നും കേരളം ഇന്ധന നികുതി കുറയ്ക്കില്ലെന്നും ധനമന്ത്രി തോമസ് ഐസക് ഞായറാഴ്ച വ്യക്തമാക്കിയിരുന്നു. വിലനിയന്ത്രിക്കാൻ തയാറാകാത്ത കേന്ദ്രനിലപാടിനെതിരേ ശക്തമായ സമരം വേണമെന്നും മന്ത്രി പറഞ്ഞു. പെട്രോൾ, ഡീസൽ വില കുറക്കാൻ സംസ്ഥാനവും കേന്ദ്രവും ചേർന്ന് നികുതി കുറക്കുന്നത് ചർച്ച ചെയ്യണമെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അഭിപ്രായപ്പെട്ടതിന് മറുപടിയായാണ് ഐസകിന്‍റെ പ്രതികരണം.
''നിലവില്‍ സംസ്ഥാനത്തിന്‍റെ സാമ്പത്തിക സ്ഥിതി മോശമാണ്. ഖജനാവ് രൂക്ഷമായ പ്രതിസന്ധി നേരിടുകയാണ്. അത്കൊണ്ട് നികുതി കുറക്കണമെന്ന ചിന്ത ഇപ്പോഴില്ല. കേരള സര്‍ക്കാര്‍ ഇതുവരെ ഒരു ഇന്ധന നികുതിയും വര്‍ധിപ്പിച്ചിട്ടില്ല. നികുതി വര്‍ധിപ്പിച്ചത് കേന്ദ്രസര്‍ക്കാരാണ്. വില വര്‍ധനവിന്‍റെ ഉത്തരവാദി കേന്ദ്രമാണ്. അത് അവര്‍ തന്നെ ഏറ്റെടുത്തേ തീരൂ. നിർമല സീതാരാമൻ ആദ്യമായിട്ടാണ് ഇങ്ങനെ പറയുന്നത്. നികുതി ജി.എസ്.ടിയിലേക്ക് മാറ്റുന്നതിന് സംസ്ഥാനത്തിന് എതിർപ്പില്ല. പക്ഷേ, അഞ്ചുവർഷത്തേക്ക് നഷ്ടപരിഹാരം നൽകണം'' -മന്ത്രി പറഞ്ഞു.
ഒഴികഴിവ് പറയാൻ നിൽക്കാതെ ഇന്ധന വിലകുറക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയിരുന്നു. ജനങ്ങളുടെ ദുരിതത്തിൽ നിന്ന് സർക്കാർ ലാഭമുണ്ടാക്കുകയാണെന്നും അവർ കുറ്റപ്പെടുത്തി.
"ഇന്ധന വില എക്കാലത്തെയും ഉയർന്ന നിരക്കിലാണ്. രാജ്യത്തിന്‍റെ പല ഭാഗങ്ങളിലും പെട്രോൾ ലിറ്ററിന് 100 രൂപ കവിഞ്ഞു. ഡീസൽ വില കുതിച്ചുയരുന്നത് ദശലക്ഷക്കണക്കിന് കർഷകരുടെ കൂടുതൽ ദുരിതത്തിലാക്കി. ക്രൂഡ് ഓയിലിന് അന്താരാഷ്ട്ര വിപണിയിൽ സാധാരണ വില ആയിരിക്കെയാണ് ഇന്ത്യയിൽ ഇന്ധന വില വർധിപ്പിക്കുന്നത്'' -കത്തിൽ ചൂണ്ടിക്കാട്ടി.
പെട്രോളിന്‍റെയും ഡീസലിന്‍റെയും വില തുടർച്ചയായി 12 ദിവസമാണ് വർധിപ്പിച്ചത്. അന്താരാഷ്ട്ര എണ്ണവില കുറഞ്ഞപ്പോൾ േകന്ദ്രസർക്കാർ കഴിഞ്ഞ വർഷം പെട്രോൾ, ഡീസൽ തീരുവ മൂന്നിരട്ടിയോളം വർധിപ്പിച്ചിരുന്നു. വില റോക്കറ്റ് കണക്കെ കുതിച്ചുയരുേമ്പാഴും ഈ വർധിപ്പിച്ച നികുതി പിൻവലിക്കാൻ പോലും കേന്ദ്രം തയ്യാറാകുന്നില്ല.
പെട്രോൾ വില കുറക്കാൻ തനിക്ക് മാത്രമായി എന്തെങ്കിലും ചെയ്യാനാവില്ലെന്നാണ് ശനിയാഴ്ച കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കിയത്. 'വില വർധനവിൽ പരസ്പരം കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. കേന്ദ്രവും സംസ്ഥാനങ്ങളും ഒന്നിച്ചിരുന്ന് പരിഹാരം കാണുകയാണ് വേണ്ടത്. നികുതി കുറക്കാൻ തനിക്ക് സംസ്ഥാനങ്ങളോട് നിർദേശിക്കാനാവില്ല. വിഷമം പിടിച്ച അവസ്ഥയാണ് നില നിൽക്കുന്നത്' എന്നായിരുന്നു അവരുടെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.