ന്യൂഡൽഹി: കർഷക സമരം ജാട്ടുകളിൽ സൃഷ്ടിച്ച രോഷവും ജാട്ടുകളുടെ സ്വന്തം രാഷ്ട്രീയ പാർട്ടിയായ രാഷ്ട്രീയ ലോക്ദളുമായി ഉണ്ടാക്കിയ സഖ്യവും കൊണ്ട് പടിഞ്ഞാറൻ ഉത്തർപ്രദേശ് പിടിക്കാം എന്ന സമാജ്വാദി പാർട്ടിയുടെയും അഖിലേഷ് യാദവിെൻറയും കണക്കുകൂട്ടൽ പിഴച്ചു. മുസഫർ കലാപത്തിന് മുസ്ലിംകളോട് മാപ്പു പറഞ്ഞ് അവരെ ഒപ്പം നിർത്താൻ കഴിഞ്ഞ കർഷക നേതാവ് രാകേഷ് ടികായത്തിനും രാഗേഷ് ടികായത്തിനും തങ്ങളോടൊപ്പം സമരത്തിനിരുന്ന ജാട്ടുകളുടെ വോട്ട് താമരയിൽ വീഴുന്നത് തടയാൻ കഴിഞ്ഞില്ല.
ടികായത് കിസാൻ മഹാ പഞ്ചായത്ത് നടത്തിയ ജാട്ട് കോട്ടയായ മുസഫർ നഗറിൽ 20,000ത്തോളം വോട്ടിനാണ് ആർ.എൽ.ഡി സ്ഥാനാർഥി സൗരഭ് ബി.ജെ.പി സ്ഥാനാർഥിയോട് തോറ്റത്. മുസഫർ നഗർ കലാപത്തിലെ പ്രതിയായ ബി.ജെ.പി നേതാവ് സംഗീത് സോം സർദാനയിൽ തോറ്റത് മാത്രമാണ് പടിഞ്ഞാറൻ യു.പിയിൽ ബി.ജെ.പിക്കുണ്ടായ തിരിച്ചടി. മുസ്ലിം - ജാട്ട് വോട്ടുകൾ മാത്രം ജയിക്കാൻ മതിയായ ബാഗ്പത് മണ്ഡലത്തിൽ ജയന്ത് ചൗധരി നിർത്തിയ ആർ.എൽ.ഡി സ്ഥാനാർഥി നവാബ് മുഹമ്മദ് അഹ്മദ് ഹമീദ് 6000 വോട്ടിന് തോറ്റത് ജാട്ട് വോട്ടുകൾ പൂർണമായും ലഭിക്കാതെയാണ്.
ജാട്ടുകളല്ലാത്ത ഒ.ബി.സി വിഭാഗങ്ങളും ജാട്ടവ് അടക്കമുള്ള ദലിതുകളും ഒന്നടങ്കം ബി.ജെ.പിയുടെ ഹിന്ദുത്വ വോട്ടുബാങ്കായി ഉറച്ചുനിൽക്കുകയും ചെയ്തു. ഏറ്റവും കൂടുതൽ മുസ്ലിം സ്ഥാനാർഥികളെ നിർത്തിയ മായാവതിയുടെ ബി.എസ്.പി ആഗ്ര, ബിജ്നോർ അടക്കമുള്ള മേഖലകളിൽ നടത്തിയ ശക്തമായ മത്സരത്തിൽ ഭിന്നിച്ച പ്രതിപക്ഷ വോട്ടുകൾക്കിടയിലുടെ നിരവധി ബി.ജെ.പി നേതാക്കൾ ജയിച്ചുകയറി. ബി.എസ്.പി അര ലക്ഷത്തിലേറെ വോട്ടുപിടിച്ച ദയൂബന്തിൽ എസ്.പി സ്ഥാനാർഥി തോറ്റത് 9,000ൽ പരം വോട്ടുകൾക്കാണ്.
പടിഞ്ഞാറൻ യു.പിയിലെ ബി.എസ്.പി ശക്തികേന്ദ്രങ്ങളിൽ ബി.ജെ.പിക്ക് ലഭിച്ച മൃഗീയ ഭൂരിപക്ഷം മായാവതിയുടെ ദലിത് വോട്ടുകൾ ഹിന്ദുത്വ വോട്ടുകളായി പരിണമിച്ചുവെന്നാണ് കാണിക്കുന്നത്. പല മണ്ഡലങ്ങളിലും ബി.എസ്.പി രണ്ടാം സ്ഥാനത്ത് വന്നുവെങ്കിലും ജയിച്ച ബി.ജെ.പി സ്ഥാനാർഥികളേക്കാൾ അര ലക്ഷം മുതൽ ഒരു ലക്ഷം വരെ വോട്ടുകൾക്ക് പിന്നിലാണ്. മൂന്നാം സ്ഥാനത്തായ എസ്.പിയുമായി നേരിയ വ്യത്യാസത്തിലുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.