മുംബൈ: ആര്യൻ ഖാൻ ഉൾപ്പെട്ട ആഡംബരക്കപ്പൽ മയക്കുമരുന്ന് കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ സോണൽ ഡയറക്ടർ സമീർ വാങ്കഡെക്കെതിരെ നിരവധി ആരോപണങ്ങളാണ് ഉയരുന്നത്. ഷാരൂഖ് ഖാനിൽ നിന്ന് പണം തട്ടാൻ വാങ്കഡെയുടെ അറിവോടെ ആസൂത്രണം ചെയ്തതാണ് മയക്കുമരുന്ന് കേസെന്നാണ് സാക്ഷിയായ പ്രഭാകർ സെയിൽ എന്നയാൾ ആരോപിച്ചത്. വാങ്കഡെ മുമ്പും ബോളിവുഡ് സെലബ്രിറ്റികളെ വേട്ടയാടിയതായ ആരോപണവും ഇതിന് പിന്നാലെ ഉയർന്നു. സത്യസന്ധനെന്ന വിലയിരുത്തലുണ്ടായിരുന്ന ഉദ്യോഗസ്ഥനായ സമീർ വാങ്കഡെക്കെതിരെ ഉയർന്ന അഴിമതിയാരോപണത്തിൽ എൻ.സി.ബി അന്വേഷണവും തുടങ്ങിയിരിക്കുകയാണ്.
അതേസമയം, ആര്യന്‍റെ കേസിലല്ല ഷാരൂഖ് ഖാനും സമീർ വാങ്കഡെയും ആദ്യമായി നേർക്കുനേർ വരുന്നതെന്നാണ് പുറത്തുവരുന്ന വിവരം. 2011ൽ ഷാരൂഖ് ഖാനെ സമീർ വാങ്കഡെ മുംബൈ വിമാനത്താവളത്തിൽ തടഞ്ഞ് ഒന്നരലക്ഷം രൂപ പിഴയിട്ടിരുന്നു. അനുവദനീയമായതിൽ കൂടുതൽ ലഗേജ് കൊണ്ടുവന്നതിനാണ് പിഴയിട്ടത്.
2011ൽ മുംബൈ വിമാനത്താവളത്തിലെ കസ്റ്റംസ് വിഭാഗം തലവനായിരുന്നു സമീർ വാങ്കഡെ. നിരവധി താരങ്ങളെ വാങ്കഡെ ഇക്കാലയളവിൽ ചോദ്യംചെയ്തിട്ടുണ്ട്. 2011 ജൂലൈയിലാണ് ഷാരൂഖ് ഖാനെ തടഞ്ഞതും മണിക്കൂറുകളോളം ചോദ്യംചെയ്തതും. കുടുംബത്തോടൊപ്പം അവധിക്കാലം ചെലവിട്ട ശേഷം ലണ്ടനിൽ നിന്നെത്തിയതായിരുന്നു ഷാരൂഖ്. അനുവദനീയമായതിലും കൂടുതൽ ലഗേജ് കൊണ്ടുവന്നതിന് സമീർ വാങ്കഡെ താരത്തെ തടയുകയായിരുന്നു. പിന്നീട്, ഒന്നര ലക്ഷം പിഴയീടാക്കിയാണ് വിട്ടത്.
ബോളിവുഡ് സെലിബ്രിറ്റികളിൽനിന്ന് വാങ്കഡെ പണം തട്ടിയെന്ന ആരോപണവുമായി മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക് രംഗത്തെത്തിയിരുന്നു. പേരുവെളിപ്പെടുത്താത്ത നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ ഉദ്യോഗസ്ഥൻ നൽകിയ കത്തിലെ വിവരമാണിതെന്നാണ് മാലിക് വിശദീകരിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിർദേശ പ്രകാരമാണ് വാങ്കഡെക്ക് എൻ.സി.ബിയിൽ സോണൽ ഡയറക്ടർ നിയമനം ലഭിച്ചതെന്ന് കത്തിൽ പറയുന്നു.
ഇതിനുപിന്നാലെയാണ് ബോളിവുഡ് താരങ്ങളുമായി ബന്ധെപ്പട്ട മയക്കുമരുന്ന് കേസിൽ അന്വേഷണം തുടങ്ങുന്നതും പണം തട്ടുന്നതും. ബോളിവുഡ് താരങ്ങളായ ദീപിക പദുക്കോൺ, കരീഷ്മ പ്രകാശ്, ശ്രദ്ധ കപൂർ, സാറാ അലി ഖാൻ, രാകുൽ പ്രീത് സിങ്, ഭാരതി സിങ്, ഹർഷ് ലിംബാച്ചിയ, റിയ ചക്രവർത്തി, സൗവിക് ചക്രവർത്തി, അർജുൻ രാംപാൽ എന്നിവരിൽനിന്ന് പണം തട്ടി. ആയാസ് ഖാൻ എന്ന അഭിഭാഷകൻ മുഖേനയാണ് പണം തട്ടിയത്. ആയാസ് സമീർ വാങ്കഡെയുടെ സുഹൃത്താണെന്നും ഇയാൾ യാതൊരു മുന്നറിയിപ്പോ തടസങ്ങളോ ഇല്ലാതെ എൻ.സി.ബി ഓഫിസ് സന്ദർശിക്കാറുണ്ടെന്നും കത്തിൽ പറയുന്നു.
ഒരു ബോളിവുഡ് താരത്തെ കേസുമായി ബന്ധപ്പെടുത്തുേമ്പാൾ അഭിഭാഷകനായ ആയാസ് ഇടപെടും. കമൽപ്രീത് സിങ് മൽഹോത്രയും വാങ്കഡെയും പണത്തിെന്റ പങ്ക് രാകേഷ് അസ്താനക്ക് കൈമാറാറുണ്ടെന്നും കത്തിൽ പറയുന്നു. നിരവധി കേസുകൾ കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്.
അതേസമയം, ആര്യൻ ഖാനെതിരായ കേസ് സമീർ വാങ്കഡെ തന്നെ അന്വേഷണം തുടരുമെന്ന് എൻ.സി.ബി വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ വാങ്കഡെക്കെതിരെ പ്രഖ്യാപിച്ച വിജിലൻസ് അന്വേഷണം തുടരും. ഇന്നലെ നാലു മണിക്കൂറോളമാണ് വാങ്കഡെയെ എൻ.സി.ബി ഉദ്യോഗസ്ഥർ ചോദ്യംചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.