ന്യൂഡൽഹി: തുടർച്ചയായ മൂന്നാം തവണയും എൻ.ഡി.എ സർക്കാർ അധികാരത്തിൽ വരുമ്പോൾ ബി.ജെ.പിയിൽ പ്രധാനമന്ത്രി പദവി ആർക്കെന്ന കാര്യത്തിൽ സംശയമില്ലായിരുന്നു. എന്നാൽ, 75 വയസ്സിനോടടുക്കുന്ന നരേന്ദ്ര മോദി പദവിയൊഴിയുമ്പോൾ ആരായിരിക്കും പിൻഗാമിയെന്ന ചോദ്യത്തിന് പല ഉത്തരങ്ങൾ ഉയർന്നുവന്നു. ആർക്കാണ് കൂടുതൽ പിന്തുണയെന്നറിയാനുള്ള ഇന്ത്യ ടുഡേ സർവേയിൽ അമിത് ഷായും യോഗി ആദിത്യനാഥുമാണ് ആദ്യ രണ്ടു സ്ഥാനങ്ങളിൽ എത്തിയതെങ്കിലും മുൻ സർവേകളെ അപേക്ഷിച്ച് ഇരുവർക്കും പിന്തുണ കുറഞ്ഞെന്നാണ് പുതിയ സർവേ തെളിയിക്കുന്നത്.
2023 ആഗസ്റ്റിലും 2024 ഫെബ്രുവരിയിലും നടത്തിയ സര്‍വേയില്‍ അമിത് ഷാക്ക് ലഭിച്ച പിന്തുണ യഥാക്രമം 28, 29 ശതമാനം വീതമായിരന്നെങ്കിൽ ഇത്തവണ അത് 25ലെത്തി. യോഗി ആദിത്യനാഥിന് 2023ല്‍ 25 ശതമാനവും ഈ വര്‍ഷം ഫെബ്രുവരിയില്‍ 24 ശതമാനവും ആയിരുന്നു പിന്തുണ. അത് ഇത്തവണ 19 ശതമാനമായി കുറയുകയായിരുന്നു. ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയെ 13 ശതമാനം പേർ പിൻഗാമിയായി കാണുന്നു. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിനും കൃഷി മന്ത്രി ശിവ്‌രാജ് സിങ് ചൗഹാനും അഞ്ചു ശതമാനം പേരുടെ വീതം പിന്തുണയുണ്ട്.
സര്‍വേയില്‍ ദക്ഷിണേന്ത്യയിലാണ് അമിത് ഷാക്ക് ഏറ്റവും കൂടുതല്‍ പിന്തുണ ലഭിച്ചത്. സര്‍വേയില്‍ദക്ഷിണേന്ത്യയിലെ 31 ശതമാനം പേർ അമിത് ഷായെ പിന്തുണക്കുന്നു. ശിവരാജ് സിങ് ചൗഹാന് 2023ൽ രണ്ട് ശതമാനവും ഫെബ്രുവരിയിൽ 2.9 ശതമാനവും പിന്തുണയാണ് ഉണ്ടായിരുന്നത്.
2024 ജൂലൈ 15 മുതൽ ആഗസ്റ്റ് 10 വരെ സി വോട്ടറിന്റെ സഹകരണത്തോടെ നടത്തിയ സർവേയിലാണ് പുതിയ വിവരങ്ങൾ പുറത്തുവന്നത്. 543 ലോക്സഭ മണ്ഡലങ്ങളിൽ നടത്തിയ സർവേയിൽ 40,591 പേരാണ് അഭിപ്രായം അറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.