ബംഗളൂരു: ആർ.എസ്.എസുകാർ ആരാണ്, ആദിമ നിവാസികളോ ദ്രാവിഡരോ ആര്യൻമാരോ എന്ന് കർണാടക കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ. ആർ.എസ്.എസുകാർ ആദിമ ഇന്ത്യക്കാരാണോ? നാം അത് ചർച്ച ചെയ്യാൻ ആഗ്രഹിക്കാത്തതിനാൽ നിശബ്ദത പാലിക്കുന്നു. ഈ നാട്ടിൽ നിന്നുള്ള ആര്യൻമാരാണോ? അവർ ദ്രാവിഡരാണോ? നാം അവരുടെ ഉൽപ്പത്തിയിലേക്ക് പോകേണ്ടിയിരിക്കുന്നു. - സിദ്ധരാമയ്യ പറഞ്ഞു.
ആർ.എസ്.എസ് സ്ഥാപകൻ കേശവ ബലിറാം ഹെഡ്ഗെവറെ കുറിച്ച് സ്കൂൾ പാഠ പുസ്തകത്തിൽ പഠിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഗളൻമാരുടെയും ബ്രിട്ടീഷുകാരുടെയും അധിനിവേശവും നീണ്ട കാല ഭരണവും മൂലം ഇന്ത്യൻ സമൂഹത്തിന്റെ ഐക്യം നഷ്ടപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എങ്ങനെയാണ് മുഗളൻമാരും ബ്രിട്ടീഷുകാരും ഇവിടെ വർഷങ്ങളോളം ഭരിക്കാൻ ഇടയായത്? താൻ കൂടുതലൊന്നും പറയുന്നില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു.
അതേസമയം, സിദ്ധരാമയ്യയുടെ പരാമർശം ബി.ജെ.പിയെ ചൊടിപ്പിച്ചു. ആർ.എസ്.എസുകാർ ഇന്ത്യക്കാരാണ്. ഇന്ത്യയുടെ തത്വശാസ്ത്രം പിന്തുടരുന്നവരാണ്. അവർ ഇറ്റലിക്കാരോ ഇറ്റാലിയൻ നേതൃത്വത്തിന് കീഴിലുള്ളവരോ അല്ല എന്ന് കർണാടക പ്രാഥമിക വിദ്യാഭ്യാസ മന്ത്രി ബി.സി നാഗേഷ് പറഞ്ഞു.
പരാമർശം പിൻവലിച്ച് രാജ്യത്തെ ജനങ്ങളോട് സിദ്ധരാമയ്യ മാപ്പു പറയണമെന്ന് ബി.ജെ.പി നേതാവും എം.എൽ.എയുമായ കെ.എച്ച് ഈശ്വരപ്പയും ആവശ്യപ്പെട്ടു. നിരവധി ബി.ജെ.പി നേതാക്കളും സിദ്ധരാമയ്യക്കെതിരെ രംഗത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.