ബംഗളൂരു: കർണാടകയിൽ കോണ്‍ഗ്രസും ബി.ജെ.പിയും ദോശയെ ചൊല്ലിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഏറ്റുമുട്ടുന്നത്. തനിക്ക് കോണ്‍ഗ്രസ് അയച്ചെന്ന് പറയുന്ന 10 മസാലദോശ 24 മണിക്കൂര്‍ കഴിഞ്ഞിട്ടും കിട്ടിയില്ലെന്നാണ് ബി.ജെ.പിയുടെ ബംഗളൂരു എം.പി തേജസ്വി സൂര്യയുടെ പരാതി.
സംസ്ഥാനത്തെ അഴിമതിയുടെ തെളിവാണെന്ന് കോൺഗ്രസ് തിരിച്ചടിച്ചു. കഴിഞ്ഞദിവസാണ് ദോശ കഥയുടെ തുടക്കം. നഗരം പ്രളയത്തില്‍ മുങ്ങിയിരിക്കെ തേജസ്വി മസാലദോശ ആസ്വദിച്ച് കഴിക്കുന്നതിന്‍റെയും ആ ഹോട്ടല്‍ സന്ദര്‍ശിക്കാന്‍ എല്ലാവരോടും ആവശ്യപ്പെടുകയും ചെയ്യുന്നതിന്‍റെ വിഡിയോ പുറത്തുവന്നിരുന്നു. ഇതാണ് കോണ്‍ഗ്രസിനെ ചൊടിപ്പിച്ചത്. ഉടന്‍തന്നെ എം.പിക്ക് 10 മസാലദോശ അയച്ചാണ് കോൺഗ്രസ് പ്രതിഷേധിച്ചത്.
ഡെലിവറി ആപ്പായ ഡണ്‍സോ വഴിയാണ് ദോശ അയച്ചത്. എന്നാൽ, 24 മണിക്കൂര്‍ കഴിഞ്ഞിട്ടും ദോശ കിട്ടിയില്ലെന്ന് തേജസ്വി ശനിയാഴ്ച ട്വീറ്റ് ചെയ്തു. 'കോൺഗ്രസ് ഇന്നലെ പത്രസമ്മേളനം നടത്തി എന്റെ വീട്ടിലേക്ക് മസാല ദോശ അയച്ചതായി പ്രഖ്യാപിച്ചിരുന്നു. 24 മണിക്കൂറിലധികം കഴിഞ്ഞിരിക്കുന്നു, എനിക്ക് ഇപ്പോഴും അത് ലഭിച്ചിട്ടില്ല. ഇവിടെയും ഇവർ തട്ടിപ്പ് നടത്തി. അവർക്ക് ഒരു ദോശ ശരിയായി വിതരണം ചെയ്യാൻ കഴിയില്ല, എന്നിട്ട് നല്ല ഭരണം കാഴ്ചവെക്കുമെന്ന് സ്വപ്നം കാണുന്നു' -ബി.ജെ.പി എം.പി ട്വീറ്റ് ചെയ്തു.
എന്നാൽ, ഇത് സംസ്ഥാനത്തെ അഴിമതിയുടെ തെളിവാണെന്നായിരുന്നു കോൺഗ്രസിന്‍റെ മറുപടി. 'പ്രിയപ്പെട്ട തേജസ്വി സൂര്യ, നിങ്ങളുടെ ഓഫിസിലേക്ക് ദോശകൾ അയച്ചിട്ടുണ്ട്. തെളിവ് ഇതോടൊപ്പം ചേര്‍ക്കുന്നു. സർക്കാറില്‍ 40 ശതമാനം അഴിമതിയുണ്ടെന്ന് അറിയാം. എന്നാല്‍ നിങ്ങളുടെ ഓഫിസില്‍ 100 ശതമാനം അഴിമതിയാണെന്ന് ഞങ്ങള്‍ക്കിപ്പോള്‍ മനസ്സിലായി. നിങ്ങളുടെ ഓഫിസിലെ ആരെങ്കിലും ആ ദോശകള്‍ കഴിച്ചിട്ടുണ്ടാവും' -കോൺഗ്രസ് നേതാവ് തേജേശ് കുമാർ ട്വിറ്ററിൽ മറുപടി നൽകി.
ഡെലിവറി ബോയി തേജസ്വി സൂര്യയുടെ വീടിന് സമീപം ദോശയുമായി എത്തിയിരുന്നെങ്കിലും പൊലീസ് അദ്ദേഹത്തെ തിരിച്ചയക്കുകയായിരുന്നു. തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുവെന്നാണ് ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് തേജസ്വി മറുപടി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.