ന്യൂഡൽഹി: യു.പിയിൽ ബി.ജെ.പിയുടെ അസാധാരണ ജയത്തിനു പിന്നിൽ കളിച്ചതാരെന്ന കാര്യത്തിൽ പലവിധ സംശയം പ്രകടിപ്പിച്ച് പ്രതിപക്ഷ നേതാക്കൾ. വോട്ടുയന്ത്രത്തെ സംശയിക്കണമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ബി.എസ്.പി നേതാവ് മായാവതിക്കും എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസിക്കും ഭാരതരത്നമോ പത്മവിഭൂഷണോ കൊടുക്കണമെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. അതേസമയം, അഞ്ചിൽ നാലിടത്തും ബി.ജെ.പി നേടിയ ജയം അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിലെ പൊതുവികാരമാണ് പ്രതിഫലിപ്പിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ബി.ജെ.പി ദിവാസ്വപ്നം കാണേണ്ടെന്ന് മമത ബാനർജി പറഞ്ഞു. യു.പിയിലേത് ജനവിധിയാണോ യന്ത്രവിധിയാണോ എന്ന് സംശയിക്കണം. കേന്ദ്രസേനകളുടെയും ഏജൻസികളുടെയും തെരഞ്ഞെടുപ്പു സജ്ജീകരണങ്ങളുടെയും സഹായത്തോടെ ഒപ്പിച്ചതാണോ വിജയമെന്ന സംശയം മമത പ്രകടിപ്പിച്ചു. വാരാണസിയിൽ വോട്ടുയന്ത്രം ഒളിച്ചുകടത്തിയ സംഭവത്തിൽ എ.ഡി.എമ്മിനെ സസ്പെൻഡ് ചെയ്തത് ചെറിയ കാര്യമല്ല. ഇതു ചോദ്യം ചെയ്യപ്പെടണം. അഖിലേഷ് ഉൾവലിയേണ്ടതില്ല. ജനം വോട്ടു ചെയ്ത യന്ത്രങ്ങൾ തന്നെയാണോ എണ്ണാൻ കൊണ്ടുവന്നതെന്ന് അറിയാൻ എല്ലാ വോട്ടുയന്ത്രങ്ങളും ഫോറൻസിക് പരിശോധനക്ക് വിധേയമാക്കുന്നതിന് ശ്രമിക്കണമെന്നും മമത പറഞ്ഞു.
ബി.ജെ.പിയുടെ നേട്ടത്തിനു പിന്നിൽ മായാവതിയുടെയും ഉവൈസിയുടെയും സംഭാവനയുണ്ടെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു. ബി.ജെ.പിയുടേത് വലിയ നേട്ടമാണ്. എന്നാൽ, അവർ ഭരിച്ചിട്ടും സമാജ്വാദി പാർട്ടിയുടെ സീറ്റ് മൂന്നിരട്ടി വർധിച്ച് 125 ആയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നാലിടത്ത് ബി.ജെ.പി ജയിച്ചെങ്കിലും ഉത്തരാഖണ്ഡിൽ അവരുടെ മുഖ്യമന്ത്രി തോറ്റു. രണ്ട് ഉപമുഖ്യമന്ത്രിമാർ ഗോവയിൽ തോറ്റു. പഞ്ചാബിൽ ബി.ജെ.പിയെ ജനം തള്ളി. മോദി അടക്കമുള്ളവർ വലിയ തോതിൽ പ്രചാരണം നടത്തിയിട്ടും എന്തുകൊണ്ടാണ് പഞ്ചാബിൽ തോറ്റത്? ശിവസേന നേതാവ് ചോദിച്ചു. അതേസമയം, തോൽവിക്ക് ന്യായീകരണവുമായി ബി.എസ്.പി നേതാവ് മായാവതി രംഗത്തെത്തി. മുസ്ലിംകളെ ബി.എസ്.പിയിൽനിന്ന് അകറ്റിയത് ജാതീയത നിറഞ്ഞ മാധ്യമങ്ങളാണെന്ന് മായാവതി പറഞ്ഞു. സമാജ്വാദി പാർട്ടി അധികാരത്തിൽ വന്നാൽ കാടൻ ഭരണമായിരിക്കുമെന്ന പേടിയുള്ള മുന്നാക്ക, പിന്നാക്ക വിഭാഗങ്ങൾ ബി.എസ്.പി അനുഭാവം വിട്ട് ബി.ജെ.പിയോട് അടുക്കുകയും ചെയ്തു.
ബി.എസ്.പിയെ ബി.ജെ.പിയുടെ ബി-ടീമായി അവതരിപ്പിക്കുകയാണ് മാധ്യമങ്ങൾ ചെയ്തത്. തെരഞ്ഞെടുപ്പിൽ ബി.എസ്.പി കാര്യമായി മത്സരിക്കുന്നില്ലെന്ന നുണകളും പറഞ്ഞു പരത്തി. ഇതോടെ ബി.ജെ.പി വിരുദ്ധ വോട്ടുകൾ ബി.എസ്.പിക്ക് കിട്ടാതെ പോയി. എന്നാൽ, ബി.ജെ.പിയുമായുള്ള ബി.എസ്.പിയുടെ പോരാട്ടം രാഷ്ട്രീയവും ആശയപരവുമാണ്. ബി.എസ്.പിക്കൊപ്പം നിൽക്കാതെ സമാജ്വാദി പാർട്ടിയെ വിശ്വസിച്ചത് മുസ്ലിംകൾ ചെയ്ത തെറ്റ്. ത്രികോണ മത്സരം നടന്നിരുന്നെങ്കിൽ ഫലം മറ്റൊന്നായേനെ. ബി.ജെ.പി അധികാരത്തിൽ വരുമായിരുന്നില്ല. തോൽവിയിൽ ചകിതരാകേണ്ടെന്ന് മായാവതി പാർട്ടി പ്രവർത്തകരോട് പറഞ്ഞു.
തകർച്ചക്ക് വിശദീകരണവുമായി മായാവതി
'മാധ്യമങ്ങൾ ദുഷ്പ്രചാരണം നടത്തി'
ലഖ്നോ: സമാജ്വാദി പാർട്ടി (എസ്.പി) അധികാരത്തിൽ വന്നാൽ കുത്തഴിഞ്ഞ ഭരണമുണ്ടാകുമെന്ന് ഭയന്ന ബി.എസ്.പി അനുകൂലികൾ ബി.ജെ.പിക്ക് വോട്ട് ചെയ്തുവെന്ന് പാർട്ടി അധ്യക്ഷ മായാവതി. ജാതിതാൽപര്യമുള്ള മാധ്യമങ്ങളാണ് മുസ്ലിംകളെ ബി.എസ്.പിയിൽനിന്ന് അകറ്റിയതെന്നും അവർ പറഞ്ഞു. ബി.എസ്.പി, ബി.ജെ.പിയുടെ 'ബി' ടീം ആണെന്ന പ്രചാരണത്തിന് മാധ്യമങ്ങൾ നേതൃത്വം നൽകി. അത് മുസ്ലിം വോട്ടുകളെ ബാധിച്ചു. ബി.എസ്.പി, എസ്.പിയുടെ അത്രയും ആവേശത്തോടെ മത്സര രംഗത്തില്ലെന്നും പ്രചരിപ്പിച്ചു. ബി.ജെ.പി വിരുദ്ധ ഹിന്ദുവോട്ടുകൾ ബി.എസ്.പിയിൽനിന്ന് നഷ്ടപ്പെടാൻ ഇത് വഴിയൊരുക്കി. ഇതെല്ലാം കളവാണ്. ബി.എസ്.പിയുടെ ബി.ജെ.പിക്കെതിരായ പോരാട്ടം രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവും ആണ്. എസ്.പിയെ വിശ്വസിച്ചത് മുസ്ലിം സമൂഹത്തിനു പറ്റിയ തെറ്റാണെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.